18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന ഇരട്ടകുഞ്ഞുങ്ങളെ ലാളിച്ച് മതിയാകുന്നതിന് മുന്‍പേ അമ്മ മരിച്ചു

By സമകാലികമലയാളം ഡെസ്‌ക്  |   Published: 06th February 2018 11:23 AM  |  

Last Updated: 06th February 2018 11:23 AM  |   A+A-   |  

k16bhnmbnmbn

പതിനെട്ട് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ ഇരട്ടകുഞ്ഞുങ്ങളെ കണ്ട് മതിയാകും മുന്‍പേ അമ്മയ്ക്ക് അപ്രതീക്ഷിത മരണം. അമ്മയുടെ നെഞ്ചിലെ ചൂട് പറ്റി കഴിയേണ്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് വീണ്ടും ഇന്‍ക്യുബേറ്ററിലേക്ക് പോകേണ്ട ദുര്‍വിധി.

കുമരകം പാണ്ടന്‍ബസാറിനു സമീപം പറത്തറ വീട്ടില്‍ ശിശുപാലന്റെ ഭാര്യ ഷീബ(42)യാണ് ഇരട്ടക കുഞ്ഞുങ്ങള്‍ക്കു ജന്മംനല്‍കി അഞ്ചാം ദിവസം മരിച്ചത്. വിവാഹം കഴിഞ്ഞ് 18 വര്‍ഷമായ ഇവര്‍ക്കു ദീര്‍ഘകാലത്തെ ചികിത്സയ്ക്കും പ്രാര്‍ഥനയ്ക്കും ശേഷമാണു കുഞ്ഞുങ്ങളുണ്ടായത്. വൈകിയെത്തിയ കുഞ്ഞുങ്ങള്‍ ഇരട്ടകളായതിന്റെ സന്തോഷത്തിലായിരുന്നു ശിശുപാലനും ഷീബയും.

കഴിഞ്ഞ വ്യാഴാഴ്ച തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണു കുഞ്ഞുങ്ങള്‍ ജനിച്ചത്. തൂക്കം കുറവായിരുന്നതിനാല്‍ കുഞ്ഞുങ്ങളെ ഇന്‍ക്യൂബേറ്ററിലേക്കു മാറ്റിയിരുന്നു. കുഞ്ഞുങ്ങളുടെ നില മെച്ചപ്പെട്ടതോടെ ഇന്നലെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യാന്‍ തയാറെടുക്കുന്നതിനിടെ ഷീബയ്ക്കു തലചുറ്റല്‍ അനുഭവപ്പെട്ടു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നു മൂന്നിനു വീട്ടുവളപ്പില്‍ നടത്തും. മള്ളൂശേരി പാറയ്ക്കല്‍ കുടുംബാംഗമാണു ഷീബ.