അഞ്ച് രാജ്യങ്ങള്‍.. അഞ്ച് തരം കാപ്പികള്‍

'കാപ്പി നരകം പോലെ കറുത്തതും മരണം പോലെ തീവ്രമായതും പ്രണയം പോലെ മധുരിതവുമായിരിക്കണം'
അഞ്ച് രാജ്യങ്ങള്‍.. അഞ്ച് തരം കാപ്പികള്‍

'കാപ്പി നരകം പോലെ കറുത്തതും മരണം പോലെ തീവ്രമായതും പ്രണയം പോലെ മധുരിതവുമായിരിക്കണം' - കാപ്പിയെക്കുറിച്ച് തുര്‍ക്കിക്കാര്‍ക്കിടയില്‍ നില്‍ക്കുന്ന ഒരു ചൊല്ലാണിത്. പലര്‍ക്കും കോഫി ഒരു വികാരമാണ്. ഇതിന്റെ രസകരമായ സവിശേഷഗന്ധം ആളുകളെ അഡിക്റ്റ് ആക്കുന്നു. ഒരു ദിവസം മുഴുവന്‍ ത്രസിപ്പിച്ചു നിര്‍ത്തുന്നു. നിരീക്ഷിച്ചു നോക്കിയാല്‍ കാപ്പിയുണ്ടാക്കുന്നതിലും ഉപയോഗിക്കുന്നതിലുമെല്ലാം ഓരോ രാജ്യത്തിനും അവരുടേതായ രീതികളുണ്ട്. ചില രാജ്യങ്ങള്‍ കാപ്പി കുടിക്കുന്നത് അവരുടെ ആചാരത്തിന്റെ കൂടി ഭാഗമായാണെന്നുള്ളത് അതിശയിപ്പിക്കുന്ന കാര്യമല്ലേ..! നിങ്ങളൊരു കോഫി അഡിക്റ്റ് ആണെങ്കില്‍ തീര്‍ച്ചയായും ഇത് വായിക്കണം.. 

ഇറ്റലി
നല്ല കടുപ്പമുള്ള കടുംകാപ്പി ചെറിയ ചില്ലുഗ്ലാസുകളില്‍ കുടിക്കുന്നതാണ് ഇറ്റലിക്കാരുടെ രീതി. കാപ്പുചിനോയും അവര്‍ കുടിക്കുമെങ്കിലും രാത്രി വൈകി കാപ്പുചിനോ കുടിക്കുന്നത് അത്ര നല്ലതല്ല എന്നാണ് ഇവരുടെ വിശ്വാസം. അതുകൊണ്ടാണ് ഇറ്റലിക്കാര്‍ രാവിലെ കാപ്പുചിനോയും രാത്രി കടുംകാപ്പിയും കുടിക്കുന്നത്.

തുര്‍ക്കി
തുര്‍ക്കിയില്‍ കാപ്പിയെക്കുറിച്ച് ജനകീയമായൊരു ചൊല്ലുണ്ട്, 'കാപ്പി നരകം പോലെ കറുത്തതും മരണം പോലെ തീവ്രമായതും പ്രണയം പോലെ മധുരിതവുമായിരിക്കണം' എന്നാണത്. ഭക്ഷണത്തിന് ശേഷമാണിവിടെ കാപ്പി വിളമ്പുക. കൂടാതെ സീസെവ് എന്ന് പേരുള്ള ഒരു നീണ്ട ചെമ്പുകുടത്തിലാണിവര്‍ കാപ്പി എടുക്കുന്നത്. കാപ്പിയുടെ കയ്പ്പ് ഒഴിവാക്കാനായി ഒരുതരം ടര്‍ക്കിഷ് മിഠായി കാപ്പിക്കൊപ്പം വിളമ്പുന്നതും ഇവരുടെ രീതിയാണ്.

ക്യൂബ
വെടിയുണ്ട പോലെ ശക്തമാണ് ക്യൂബയിലെ കാപ്പി. സത്യത്തില്‍ ഒരു കപ്പ് സ്‌ട്രോങ് കാപ്പി കുടിച്ചുകൊണ്ടാണ് ഇവരുടെ ഓരോ ദിവസവും തുടങ്ങുന്നത്. ക്യൂബന്‍ സംസ്‌കാരത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് കാപ്പികുടി എന്ന് തന്നെ വേണം പറയാന്‍.

സൗദി അറേബ്യ
സൗദി അറേബ്യയിലാണെങ്കില്‍ കാപ്പി ആദ്യം മുതിര്‍ന്നവര്‍ക്ക് കൊടുക്കണമെന്നാണ് ആചാരം. കാപ്പിയുടെ കടുത്ത കയ്പ്പ് സംതുലനം ചെയ്യാന്‍ ഇവര്‍ അതില്‍ ഏലക്കയും ഈത്തപ്പഴവുമെല്ലാം ചേര്‍ക്കാറുണ്ട്.

എത്യോപിയ
എത്യോപിയക്കാരുടെ ദേശീയ പാനീയമാണ് കാപ്പി. ഇവര്‍ക്ക് കാപ്പിയോടുള്ള പ്രണയം എത്ര തീവ്രമാണെന്ന് ഇതില്‍നിന്ന് മനസിലാക്കാവുന്നതേയുള്ളു. കോഫി ഉണ്ടാക്കുന്നത് തന്നെ എത്യോപിയക്കാര്‍ക്ക് ഒരു ചടങ്ങാണ്. ആദ്യം പാത്രത്തില്‍ പഞ്ചസാര ഇട്ട് പിന്നെ വെള്ളം ചേര്‍ത്ത് അവസാനം വെള്ളം ചേര്‍ക്കും. ഈ മൂന്ന് സ്റ്റേജിനും ഇവര്‍ അവോള്‍, ടോണ, ബാര്‍ക്ക
എന്നിങ്ങനെ ഓരോ പേരും നല്‍കിയിട്ടുണ്ട്. 

മേല്‍പ്പറഞ്ഞ രാജ്യങ്ങളിലേതെങ്കിലും നിങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇടവരുകയാണെങ്കില്‍ അവിടുത്തെ കാപ്പി ഒന്ന് രുചിച്ച് നോക്കാതെ മടങ്ങിയാല്‍ വന്‍ നഷ്ടമായിരിക്കുമത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com