വെറും യോഗയല്ല, കഞ്ചാവ് യോഗയെപ്പറ്റി കേട്ടിട്ടുണ്ടോ? 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 08th February 2018 05:45 PM  |  

Last Updated: 08th February 2018 05:45 PM  |   A+A-   |  

marijwana

യോഗയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. വ്യായാമത്തിനും ഉണര്‍വിനുമായി യോഗ ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ കഞ്ചാവ് വലിച്ചു കൊണ്ട് യോഗ ചെയ്യുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ? അമ്പരക്കണ്ട, സംഭവം യാഥാര്‍ത്ഥ്യമാണ്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലാണ് കഞ്ചാവ് പുകച്ചു കൊണ്ടുള്ള യോഗയ്ക്ക് പ്രിയമേറുന്നത്.

ഗന്‍ജാ യോഗ എന്നാണ് കഞ്ചാവ് യോഗ ക്ലാസുകളുടെ പേര്. ക്ലാസ് ആരംഭിക്കുന്നതിനു മുമ്പും അതിന് ശേഷവും പുകവലിച്ചിരിക്കുന്നവര്‍ ഗന്‍ജ യോഗ ക്ലാസുകളിലെ സ്ഥിരം  കാഴ്ചയാണ്. 

കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലുള്ള ഡീ ഡുസാള്‍ട്ട് എന്ന യോഗ ഇന്‍സ്ട്രക്ടറാണ് ആദ്യമായി ഗന്‍ജാ യോഗ ക്ലാസുകള്‍ ആരംഭിച്ചത്. 2009മുതലാണ് ഡുസാള്‍ട്ട് ക്ലാസുകള്‍ ആരംഭിച്ചത് പക്ഷെ അന്ന് വിനോദത്തിനായുള്ള കഞ്ചാവിന്റെ ഉപയോഗം അമേരിക്കയില്‍ നിയമം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇത് നിയമവിധേയമാക്കിയതിന് ശേഷം ഡുസാള്‍ട്ടിന്റെ ക്ലാസുകള്‍ കൂടുതല്‍ പ്രസിദ്ധമായി തുടങ്ങി. 

ശരീരത്തിലെ ഇന്‍ഫ്‌ലമേഷനുകള്‍ സുഖപ്പെടുത്താന്‍ കഞ്ചാവിന് കഴിവുണ്ട്. ഒപ്പം സിബിഡി ഉത്പന്നങ്ങള്‍ക്ക് വേദനസംഹാരത്തിനുള്ള ശേഷിയും ആകുലത, ഡിപ്രഷന്‍ തുടങ്ങിയവ പരിഹരിക്കാനുള്ള കഴിവുമുണ്ടെന്ന് ഡസോള്‍ട്ട് പറഞ്ഞു. ശ്രദ്ധയും കഞ്ചാവും ചേര്‍ന്ന മിശ്രണം തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നുണ്ടെന്ന് അവര്‍ പറയുന്നു.

ക്ലാസുകള്‍ക്ക് ശേഷം തന്റെ വിദ്യാര്‍ത്ഥികളെ കഞ്ചാവിന്റെ നിയന്ത്രണത്തില്‍ നിന്ന് സാധാരണ തലത്തിലേക്ക് എത്തിക്കുന്നതിന് ഡസോള്‍ട്ട് അര മണിക്കൂര്‍ ചിലവിടാറുണ്ട്. ക്ലാസുകള്‍ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് ഡസോള്‍ട്ട്. ഡസോള്‍ട്ടിന്റെ പാത പിന്തുടര്‍ന്ന് പല ഇന്‍സ്ട്രക്ടര്‍മാരും ഇത്തരം ക്ലാസുകള്‍ സംഘടിപ്പിച്ചു തുടങ്ങുന്നുണ്ട്.