'എന്റെ ജൂലിയറ്റ് നീ എവിടെയാണ്'; ലോകത്തിലെ ഏകാകിയായ 'റോമിയോ'ക്ക് വംശം നിലനിര്‍ത്താന്‍ ഒരു പെണ്ണിനെ വേണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2018 11:31 AM  |  

Last Updated: 10th February 2018 11:31 AM  |   A+A-   |  

bolvia-conservation-animal-species-frog

 

റോമിയോ എന്ന ലോകത്തിലെ ഏകാകിയായ ബോളീവിയന്‍ തവള തന്റെ പ്രണയിനിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് പത്ത് വര്‍ഷമായി. കാത്തിരിപ്പ് നീണ്ടു പോകുന്നതല്ലാതെ റോമിയായ്ക്ക് തന്റെ ജൂലിയറ്റിനെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഇവന് ഇണയെ കണ്ടെത്തിക്കൊടുക്കേണ്ടത് മനുഷ്യരുടെയും ആവശ്യമായി മാറിയിരിക്കുകയാണ്. റോമിയോ ഇല്ലാതായാല്‍ ഈ വംശം തന്നെ ലോകത്തുനിന്ന് തുടച്ചുനീക്കപ്പെടും. 

സെഹ്വെന്‍കസ് വാട്ടര്‍ ഫ്രോഗായ റോമിയോ ഈ വിഭാഗത്തില്‍പ്പെടുന്ന അവസാനത്തെ കണ്ണിയാണ്. കൊച്ചബംബ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയനിലെ ടാങ്കിനുള്ളിലെ അവന്റെ ഏകാന്തജീവിതത്തിലേക്ക് ഒരു കൂട്ടിനെ കൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. അവന്റെ പ്രതീക്ഷ കളയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഗ്ലോബല്‍ വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷനിലെ ശാസ്ത്രജ്ഞനായ അര്‍തുറോ മുനോസ് പറയുന്നത്. 

ഇതിനായി ഡേറ്റിംഗ് വെബ്‌സൈറ്റായ മാച്ചിനൊപ്പം ചേര്‍ന്ന് റോമിയോയ്ക്ക് അവന്റെ ജൂലിയറ്റിനെ കണ്ടെത്താനായി പണം സമാഹരിച്ചുകൊണ്ടിരിക്കുകയാണ് ഗ്ലോബല്‍ വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍. ഇങ്ങനെ സമാഹരിക്കുന്ന പണം ഉപയോഗിച്ച് ബൊളീവിയയിലെ നദികളും അരുവികളും അരുച്ചുപിറക്കി പെണ്‍ സെഹ്വെന്‍കസ് വാട്ടര്‍ ഫ്രോഗിനെ കണ്ടെത്താനാണ് തീരുമാനം. ഈ വംശത്തിലെ വാല്‍മാക്രിയെ കിട്ടിയാലും മതിയെന്നാണ് ഇവര്‍ പറയുന്നത്. 

റോമിയോയ്ക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുത്ത് വംശത്തെ സംരക്ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്ന് മുനോസ് വ്യക്തമാക്കി. എന്നാല്‍ ഇവര്‍ക്ക് ഇനി അവശേഷിക്കുന്നത് അഞ്ച് വര്‍ഷം മാത്രമാണ്. 15 വര്‍ഷമാണ് സെഹ്വെന്‍കസ് വാട്ടര്‍ ഫ്രോഗ് ജീവിക്കുന്നത്.