സൗദിയില്‍ നിന്ന് ആദ്യത്തെ നാടക നടിയുടെ അരങ്ങേറ്റം

By സമകാലികമലയാളം ഡെസ്‌ക്  |   Published: 12th February 2018 11:16 AM  |  

Last Updated: 12th February 2018 11:23 AM  |   A+A-   |  

SOUDI-ACTRESS-NAJATH-ghjgj

സൗദിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ത്രീ നാടക അഭിനയരംഗത്തേക്ക് കടന്നു വരികയാണ്. നജാത് മുഫ്താഫ് എന്ന പെണ്‍കുട്ടി സൗദിയിലെ മുഴുവന്‍ വനിതകളുടെ പ്രതീകമായി നാടക വേദിയില്‍ അരങ്ങേറ്റം കുറിച്ചു. റിയാദിലെ ദാറുല്‍ ഉലൂം കോളജിലാണ് വെള്ളിയാഴ്ച നജാത് മുഫ്താഹ് ആണ്‍കുട്ടികളോടൊപ്പം അഭിനയിച്ച് ശ്രദ്ദേയയായത്.

'എംപറര്‍സ് ന്യൂ ഗ്രൂവ്' എന്ന നാടകത്തില്‍ ദുഷ്ടകഥാപാത്രമായ 'യസ്മയ്ക്കാണ് ഈ പെണ്‍കുട്ടി ജീവന്‍ നല്‍കിയത്. നാടകത്തില്‍ അരങ്ങേറ്റം കുറിക്കാനായതില്‍ അങ്ങേയറ്റത്തെ ആഹ്ലാദമുണ്ടെന്ന് നജാത് മുഫ്താഹ് പറഞ്ഞു. ഇനിയും ഒരുപാട് വേദികളില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെക്കാനാവണമെന്നും ഈ മിടുക്കി പറഞ്ഞു. 

അഭിനയിക്കാനുള്ള ആഗ്രഹം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിദ്യാര്‍ഥിയായ നജാത് മുഫ്താഹിന് നേരത്തേ ഉണ്ടായിരുന്നു. ചെറിയ സ്‌കിറ്റുകള്‍ അവതരിപ്പിച്ച് പരിചയമുണ്ട്. റെഡ് കര്‍ട്ടന്‍സ് എന്ന തിയറ്റര്‍ഗ്രൂപ് അഭിനേതാക്കളെ കണ്ടെത്താന്‍ ഒഡീഷന്‍  നടത്തുന്നു എന്നറിഞ്ഞത് സുഹൃത്ത് വഴിയാണ്. അതില്‍ പങ്കെടുത്ത് സെലക്ഷന്‍ നേടിയപ്പോഴും എത്രത്തോളം 'പെര്‍ഫോം' ചെയ്യാനാവുമെന്ന് പ്രതീക്ഷയില്ലായിരുന്നു. പക്‌ക്ഷേ, ആദ്യ നാടകം കഴിഞ്ഞതോടെ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും വര്‍ധിച്ചു. അഭിനയമോഹത്തെക്കുറിച്ച് മകള്‍ പറയുമ്പോള്‍ ഉമ്മക്ക് ആദ്യം പേടിയായിരുന്നു. മകള്‍ക്ക് പൊതുനാടകവേദിയില്‍ നന്നായി അഭിനയിക്കാനാവുമോ എന്ന് വലിയ പ്രതീക്ഷയുമില്ലായിരുന്നു- മുഫ്താഹ് പറഞ്ഞു.

ഇതേ നാടകം ജിദ്ദയില്‍ നേരത്തേ അരങ്ങേറിയിരുന്നുവെങ്കിലും പെണ്‍വേഷം ചെയ്തത് പുരുഷന്മാര്‍ തന്നെയായിരുന്നു. അമേരിക്കന്‍ ചലച്ചിത്രകാരന്‍ വാള്‍ട് ഡിസ്‌നിയുടെ സിനിമാകഥയെ നാടകരൂപത്തിലാക്കിയതാണ് 'എംപറര്‍സ് ന്യൂ ഗ്രൂവ്' എന്ന ഈ നാടകം.