അമ്മ മരിച്ചു; ഒന്നും അറിയാതെ അമ്മയുടെ മൃതദേഹത്തോട് ചേര്‍ന്നുറങ്ങി അഞ്ചുവയസുകാരന്‍ ; ഈ ചിത്രം നിങ്ങളുടെ ഹൃദയം തകര്‍ക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2018 01:04 PM  |  

Last Updated: 13th February 2018 01:12 PM  |   A+A-   |  

OGH_main_boy_viral

 

ഹൈദരാബാദ്: ആശുപത്രി കിടക്കയില്‍ അമ്മയോടൊപ്പം ചേര്‍ന്ന് കിടക്കുമ്പോള്‍ അവന് അറിയില്ലായിരുന്നു ഇനി അവന് അമ്മയെ കാണാനാകില്ലെന്ന്. അമ്മ മരിച്ചു എന്നു മനസിലാവാതെ അമ്മയുടെ മൃതദേഹത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഈ അഞ്ച് വയസുകാരന്റെ ചിത്രം ആരുടേയും ഹൃദയം തകര്‍ക്കും. ഹൈദരാബാദിലെ ഒസ്മാനിയ ജനറല്‍ ആശുപത്രിയിലാണ് ഹൃദയഭേദകമായ സംഭവം അരങ്ങേറിയത്. 

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് മകനോടൊപ്പം 35 കാരിയായ സമീന സുല്‍ത്താന ഞായറാഴ്ച രാത്രി ആശുപത്രിയിലെത്തിയത്. ഗുരുതരമായ അവസ്ഥയിലായിരുന്നു അവര്‍. സമീനയെ രക്ഷിക്കാന്‍ ഡോക്റ്റര്‍മാര്‍ ശ്രമിച്ചെങ്കിലും അധികം വൈകാതെ അവര്‍ മരണപ്പെട്ടു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അഞ്ച് വയസുകാരനായ മകന് മനസിലായില്ല. മരിച്ചു കിടക്കുന്ന അമ്മയുടെ അടുത്തു നിന്ന് മാറാന്‍ കൂട്ടാക്കാതെ അവന്‍ മൃതദേഹം കിടത്തിയിരുന്ന കട്ടിലില്‍ അമ്മയോട് ചേര്‍ന്ന് കിടക്കുകയായിരുന്നുവെന്ന് ഹെല്‍പ്പിംഗ് പാന്‍ഡ് ഫൗണ്ടേഷന്‍ (എച്ച്എച്ച്എഫ്) റിലീഫ് വോളണ്ടിയര്‍ ഇമ്രാന്‍ മൊഹമ്മെദ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിന് ശരീരം കൊണ്ടുപോകാന്‍ സമ്മതിക്കാതെ അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു കുട്ടി. 

കതേഡന്‍ സ്വദേശിയാണ് സമീന സുല്‍ത്താന. ഇവരുടെ ഭര്‍ത്താവ് മൂന്ന് വര്‍ഷം മുന്‍പ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. അതിനുശേഷം രാജേന്ദ്രനഗറില്‍ മറ്റൊരാളുടെ കൂടെ ജീവിച്ചുവരികയായിരുന്നു. രോഗിയായെ സമീറയെ ഇയാള്‍ ആശുപത്രിയുടെ പുറത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞെന്നും എച്ച്എച്ച്എഫ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സമീറയുടെ ബന്ധുക്കള്‍ക്ക് കുട്ടിയെ കൈമാറായതായി ഹോസ്പിറ്റില്‍ അധികൃതര്‍ അറിയിച്ചു.