'മാണിക്യ മലരായ പൂവിയില്‍' ഷാന്‍ എന്ത് ചെയ്തു: എരഞ്ഞോളി മൂസ ചോദിക്കുന്നു

'മാണിക്യ മലരായ പൂവി, മഹതിയാം ഖദീജ ബീവി' എന്ന മനോഹരമായ ഗാനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനേകം സദസുകളില്‍ പാടി പ്രേഷകരിലെത്തിച്ചത് ഇദ്ദേഹമാണ്.
'മാണിക്യ മലരായ പൂവിയില്‍' ഷാന്‍ എന്ത് ചെയ്തു: എരഞ്ഞോളി മൂസ ചോദിക്കുന്നു

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികളുടെ ചുണ്ടില്‍ തട്ടിക്കളിക്കുന്നൊരു പാട്ടുണ്ട്.. മലയാളികളുടെ മാത്രമല്ല, ഇന്ത്യമൊത്തം ഇത് വയറലായി. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി, മഹതിയാം ഖദീജ ബീവി' എന്ന ഗാനം കുറച്ച് ദിവസങ്ങള്‍ കൊണ്ടാണ് പ്രസിദ്ധമായത്. എന്നാല്‍ പാട്ടിന് പിന്നില്‍ കാലപ്പഴക്കം ചെന്ന മറ്റൊരു കഥയുണ്ട് അതെത്ര പേര്‍ക്കറിയാം..!

മാപ്പിളപ്പാട്ടിന്റെ സുല്‍ത്താനായ എരഞ്ഞോളി മൂസയ്ക്ക് ആ കഥയറിയാം കാരണം.. 'മാണിക്യ മലരായ പൂവി, മഹതിയാം ഖദീജ ബീവി' എന്ന മനോഹരമായ ഗാനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനേകം സദസുകളില്‍ പാടി പ്രേഷകരിലെത്തിച്ചത് ഇദ്ദേഹമാണ്. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഗായകനാണ് ഇദ്ദേഹം. പിഎംഎ ജബ്ബാര്‍ എന്ന കൊടുങ്ങല്ലൂരുകാരന്‍ എഴുതിയ ഈ പാട്ട് മൂസാക്കയും ഷിബില സദാനന്ദും പാടിയതോടുകൂടി മലബാറിന്റെ മാപ്പിളപ്പാട്ട് ഈണങ്ങളില്‍ ഒന്നായി മാറുകയായിരുന്നു.

'മുത്ത് വൈര കല്ല് വെച്ച രത്‌നമാല മാറില്‍ ചാര്‍ത്തി' എന്ന ഒവി അബ്ദുള്ള എഴുതിയ മാപ്പിളപ്പാട്ടിന്റെ അതേ ഈണത്തില്‍ തന്നെയായിരുന്നു പഴയകാലത്ത് 'മാണിക്യ മലരായ പൂവിയും ആളുകള്‍ പാടിയിരുന്നത്. പിന്നീട് ഈ പാട്ട് ഇപ്പേഴുള്ള ഈണത്തില്‍ കംപോസ് ചെയ്ത് മൂസാക്കയും ഷിബില സദാനന്ദും ചേര്‍ന്ന് പാടി കാസറ്റ് ആക്കി ഇറക്കുകയായിരുന്നു.

ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഓഡിയോ കാസറ്റ് ആക്കി ഇറക്കിയ മാപ്പിളപ്പാട്ടാണ് ഇന്ന് ഷാന്‍ റഹ്മാന്‍ റെമിക്‌സ് ചെയ്ത് വിനീത് ശ്രീനിവാസന്റെ ആലാപനത്തില്‍ സിനിമാ ഗാനമായി പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ മൂസാക്ക ചോദിക്കുന്നത്, ഷാന്‍ എന്ത് മാറ്റമാണ് ഈ പാട്ടില്‍ വരുത്തിയിരിക്കുന്നത് എന്നാണ്... പാട്ട് എഴുതിയ ആളേയും, പാടിയ ആളേയും വിസ്മരിച്ചുകൊണ്ടാണ് ഷാന്‍ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാളം ചാനലുകളില്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥികള്‍ ഏറ്റവുമധികം പാടാറുള്ള പാട്ടാണ് 'മാണിക്യ മലരായ പൂവി'. ഈ പരിപാടികളിലെല്ലാം മിക്കപ്പോഴും വിധികര്‍ത്താവായി വരുന്ന ആളാണ് ഷാന്‍ റഹ്മാന്‍. ഞാനും ഇടയ്ക്ക് പങ്കെടുക്കാറുണ്ട്.. ആ സമയത്ത്, മൂസാക്ക വളരെ നന്നായി പാടിയ പാട്ടാണിത്, ഇത് തെരഞ്ഞെടുത്ത് വേദിയില്‍ പാടിയതില്‍ വളരെ സന്തോഷമുണ്ട് എന്നെല്ലാം ഷാന്‍ കുട്ടികളോട് പറയാറുണ്ട്. റഹ്മാന്‍ മാറ്റിപ്പറഞ്ഞു എന്നെല്ല ഞാന്‍ പറയുന്നത്' എരഞ്ഞോളി മൂസ പറഞ്ഞു. 

ഈ പാട്ട് ഷാനും വിനീതും ചേര്‍ന്ന് പുനര്‍ അവതരണം നടത്തിയപ്പോള്‍ ഹിറ്റായത് അതില്‍ അഭിനയിച്ച കുട്ടികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പാട്ടിന്റെ റെമിക്‌സ് ആണ് ഷാനിപ്പോള്‍ ചെയ്തത്. പാട്ടും ഈണവും തമ്മില്‍ ഷാന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാല്‍ 68 വര്‍ഷത്തോളമായി മാപ്പിളപ്പാട്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു, ഷാന്‍ റഹ്മാനുമായി നല്ല ബന്ധവുമുണ്ട്. സിനിമയ്‌ക്കെല്ലാം വേണ്ടി ഒരുപാട് പാട്ടുകള്‍ ചെയ്തിട്ടുണ്ട് എന്നല്ലാതെ ഷാന്‍ റഹ്മാന്‍ ഇന്നുവരെ തനിമയാര്‍ന്ന ഒരു മാപ്പിളപ്പാട്ടും ട്യൂണ്‍ ചെയ്ത് കേട്ടിട്ടില്ല. 

ഈ പാട്ട് എഴുതി ജനങ്ങളിലെത്തിച്ച ചില ആള്‍ക്കാരുണ്ട്. അവരെ വിസ്മരിക്കരുത്. ഇത് മൂസാക്ക പാടിയ പാട്ടാണെന്ന് വിനീത് ശ്രീനിവാസന്‍ അന്തസ്സോടെ പറഞ്ഞിട്ടുണ്ടെന്നും എരഞ്ഞോളി മൂസ വ്യക്തമാക്കി. 'ഏറെ നാള്‍ മുന്‍പ് എരഞ്ഞോളി മൂസാക്ക ഒരു സ്‌റ്റേജില്‍ വെച്ച് പാടിയപ്പോളാണ് ഞാന്‍ ആദ്യമായി ഈ പാട്ടു കേള്‍ക്കുന്നത്.. മൂസാക്ക അതിമനോഹരമായാണ് അന്നതു പാടിയത്..'- ഇങ്ങനെയായിരുന്നു വിനീതിന്റെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com