അറവുശാലയില്‍ നിന്ന് രക്ഷപ്പെട്ട് മതില്‍ തകര്‍ത്ത് പുഴ കടന്ന് ദ്വീപില്‍ അഭയം തേടി; ജീവിക്കാന്‍ പോരാട്ടം നടത്തിയ ഈ പശുവാണ് യഥാര്‍ത്ഥ ഹീറോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2018 04:20 PM  |  

Last Updated: 17th February 2018 04:25 PM  |   A+A-   |  

cow

 

രണം തന്റെ തൊട്ടുപിന്നിലുണ്ടെന്ന് മനസിലാക്കിയാല്‍ ആരും ഒന്ന് പതറും. എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. എന്നാല്‍ ഇത്തരം സാഹചര്യങ്ങളെ എങ്ങനെ മറികടക്കണമെന്ന് അറിയണമെങ്കില്‍ ഒരു പശുവിന്റെ ജീവിതം അറിഞ്ഞാല്‍ മതി. വെറും പശുവല്ല അറവുശാലയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഒരു ദ്വീപില്‍ ഒറ്റയ്ക്ക് ജീവിക്കുന്ന പോരാളിയാണ് ഇവള്‍. 

പോളണ്ടില്‍ നിന്നുള്ള പശുവാണ് തന്റെ നിലനില്‍പ്പിനായി പോരാട്ടം നടത്തുന്നത്. കഴിഞ്ഞ മാസം പശുവിനെ കൊല്ലാന്‍ ഉടമസ്ഥന്‍ തീരുമാനമെടുത്തതോടെയാണ് പശുവിന്റെ പോരാട്ട ജീവിതം ആരംഭിക്കുന്നത്. അറവ്ശാലയയില്‍ എത്തിക്കാനായി പശുവിനെ ലോറിയില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും അതിന് തയാറാവാതെ അവിടെ നിന്ന് പശു ഓടി രക്ഷപ്പെടുകയായിരുന്നു. ലോഹത്തിന്റെ മതില്‍ തകര്‍ത്തുകൊണ്ടായിരുന്നു അവളുടെ ഓട്ടം. തന്റെ മുന്നിലെ തടസങ്ങളെയെല്ലാം മറികടന്ന് അവസാനം അവള്‍ എത്തിപ്പെട്ടത് ഒരു ദ്വീപിലായിരുന്നു. രക്ഷപ്പെടാനുള്ള പരിഭ്രമത്തില്‍ നൈസ തടാകത്തില്‍ ചാടിയ പശു അവിടെയുള്ള ഒറ്റത്തുരുത്തില്‍ അഭയം തേടുകയായിരുന്നു. 

ഈ സംഭവത്തോടെ അപകടകാരിയായി തീര്‍ന്നിരിക്കുകയാണ് പശു. കൊലചെയ്യപ്പെടുമോ എന്ന് പേടിയുള്ളതിനാല്‍ അടുത്തുവരുന്നതിനെയെല്ലാം അവള്‍ ആക്രമിക്കും. ദ്വീപിലേക്ക് കടന്ന പശുവിനെ തിരിച്ചുകൊണ്ടുവരാന്‍ ഉടമയായ ലുകസസ് ശ്രമം നടത്തിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ ജോലിക്കാരില്‍ ഒരാളുടെ കൈ പശു തകര്‍ത്തെന്നും പോളിഷ് മാധ്യമമായ വയാഡോമോസ്സി റിപ്പോര്‍ട്ട് ചെയ്തു. 


 
പശുവിനെ തിരിച്ചുകൊണ്ടുവരാന്‍ ഒരാഴ്ചയായി നടത്തിക്കൊണ്ടിരുന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഇത് ഉപേക്ഷിച്ചിരിക്കുകയാണ് ഉടമ. പശുവിന് ആവശ്യമായ ഭക്ഷണം നല്‍കി ജീവന്‍ രക്ഷിക്കാനാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ തീരുമാനം. അഗ്നിശമന സേനാംഗങ്ങള്‍ വരെ രംഗത്തെത്തിയെങ്കിലും പശുവിനെ പിടിക്കാനായില്ല. ബോട്ടില്‍ ഒരു സംഘം അഗ്നിശമന സേനാംഗങ്ങള്‍ ദ്വീപില്‍ എത്തിയതറിഞ്ഞ പശു അവിടെനിന്ന് അമ്പത് മീറ്റര്‍ ദൂരത്തുള്ള ഉപദ്വീപിലേക്ക് നീന്തിപ്പോവുകയായിരുന്നു. പേടിച്ചുപോയതിനാലാണ് ആരേയും അടുപ്പിക്കാത്തതെന്നും എന്നാല്‍ പശു പൂര്‍ണ്ണ ആരോഗ്യവതിയായിരിക്കുകയാണെന്നും അഗ്നിശമന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ജീവന്‍ രക്ഷിക്കാന്‍ നടത്തിയ പോരാട്ടത്തിലൂടെ ഹീറോ ആയി മാറിയിരിക്കുകയാണ് പശു. ഇത് കൂടാതെ ദ്വീപില്‍ സ്വതന്ത്ര്യമായി ജീവിക്കാനുള്ള അവകാശവും നേടിയെടുത്തു.