അവളുടെ രാവുകള്‍ വീണ്ടും; സ്‌ക്രീനില്‍ അല്ല കടലാസില്‍...

By സമകാലികമലയാളം ഡെസ്‌ക്    |   Published: 17th February 2018 11:41 AM  |  

Last Updated: 17th February 2018 12:12 PM  |   A+A-   |  

Capturehjhgjghj

ഐവി ശശിയുടെ സംവിധാനത്തില്‍ 1978ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അവളുടെ രാവുകള്‍. ഒരു മികച്ച സ്ത്രീപക്ഷ സിനിമയായിട്ടും അശ്ലീലമാണെന്ന് കരുതി അക്കാലത്ത് പലരും കാണാന്‍ മടിച്ച സിനിമകൂടിയാണിത്. ഇപ്പോഴിതാ സിനിമയിറങ്ങി 40 വര്‍ഷം പിന്നിടുമ്പോള്‍ അതേ പേര് വീണ്ടും പുറത്തു വരുന്നു. ഇത്തവണ സിനിമയല്ല, ചേര്‍ത്തല എന്‍എസ്എസ് കോളജിന്റെ മാഗസിനാണ്. ഇതും ഒരു സ്ത്രീപക്ഷ മാഗസിനാണ്. 

പേരിലും ഉള്ളടക്കത്തിലും അവതരണരീതിയിലും ഏറെ പുതുമകളോടെയാണ് ഈ മാഗസിന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1975 ജൂണ്‍ 25 അടിയന്തിരാവസ്ഥ പ്രഖ്യാപനം മുതല്‍ 2017 മേയ് 26 ഗോവധ നിരോധന കാലഘട്ടം വരെയുള്ള വിവിധ ചരിത്ര മുഹൂര്‍ത്തത്തിലെ രാഷ്ട്രീയ സാമൂഹിക സാഹിത്യരംഗത്തെ സ്ത്രീ സാന്നിധ്യങ്ങള്‍ മാഗസിന്‍ അടയാളപ്പെടുത്തുന്നുണ്ട്. ഇന്ദിരാഗാന്ധിയും ഇറോം ശര്‍മ്മിള, മേധാപട്കര്‍, ദീപ മേത്ത, മയിലമ്മ, രോഹിത് വെമുലയുടെയും കുപ്പുദേവരാജന്റെയും അമ്മമാര്‍ തുടങ്ങിയ പ്രശസ്തരും അപ്രശസ്തരുമായുള്ള സ്ത്രീകള്‍ മാഗസിനില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 

അവളുടെ രാവുകള്‍ സിനിമയിലെ രംഗങ്ങള്‍ പോലെത്തന്നെയാണ് മാഗസിനിലെ ഉള്ളടക്കം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്ന നിയമപരമായ മുന്നറിയിപ്പ്, 'ബുദ്ധി പൂര്‍ത്തിയായവര്‍ക്ക് മാത്രം' എന്നാക്കി മാറ്റിയിട്ടുണ്ട്. കൂടാതെ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് പോലെ മാഗസിന് കോളജ് എഡിറ്റോറിയല്‍ ബോര്‍ഡിന്റെ അംഗീകാരവും വാങ്ങി.

പുകവലിക്കെതിരെയുള്ള രാഹുല്‍ ദ്രാവിഡിന്റെ പരസ്യം മാഗസിനില്‍ ഫാസിസത്തിനെതിരെ വന്‍മതില്‍ പണിയാം എന്നായി മാറി. ഫാസിസത്തെ വിമര്‍ശിക്കാന്‍ പാടില്ല എന്ന നിയമപരമായ മുന്നറിയിപ്പും തുടര്‍ന്നുവരുന്നു. മാത്രമല്ല, മാഗസിന്റെ തുടക്കത്തില്‍ അണിയറ പ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്നതും ചലച്ചിത്രങ്ങളുടെ ടൈറ്റില്‍ കാര്‍ഡുകളെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു സിനിമ കടലാസില്‍ എടുത്തിരിക്കുകയാണെന്ന് പറയാം.

സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുന്ന ഈ മാഗസിനില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെയും ദളിതരുടെയും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. മലയാളം ബിരുദ വിദ്യാര്‍ത്ഥിയായ അരുണ്‍ എസ് രാജനാണ് സ്റ്റുഡന്റ് എഡിറ്റര്‍. മലയാളം വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ടിആര്‍ രതീഷാണ് മാഗസിന്റെ സ്റ്റാഫ് എഡിറ്റര്‍.