ഗവണ്‍മെന്റ് സ്‌കൂളിന് കെട്ടിടം പണിയാന്‍ നാല് കോടി രൂപയുടെ ഭൂമി നല്‍കി; നാടിന് വെളിച്ചമായി 80 കാരിയായ റിട്ടയേഡ് അധ്യാപിക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2018 12:27 PM  |  

Last Updated: 21st February 2018 12:33 PM  |   A+A-   |  

ponmanidevi


കുട്ടികളുടെ മനസിലേക്ക് വെളിച്ചം പകര്‍ന്ന് അവരെ മിടുക്കരാക്കുന്നവരാണ് അധ്യാപകര്‍. എന്നാല്‍ പൊന്‍മണിദേവി എന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള 80 കാരിയായ റിട്ടയേഡ് ഹെഡ്മിസ്ട്രസിന്റെ സ്ഥാനം അതുക്കും മേലെയാണ്. തലമുറകളെ വെളിച്ചത്തിലേക്ക് നടത്താനായി തന്റെ സമ്പത്ത് ധാനമായി നല്‍കിയിരിക്കുകയാണ് ഈ അധ്യാപിക. ഗവണ്‍മെന്റ് സ്‌കൂള്‍ നിര്‍മിക്കാന്‍ നാല് കോടി രൂപ വിലമതിക്കുന്ന തന്റെ ഒരു ഏക്കര്‍ ഭൂമിയാണ് ഈ അധ്യാപിക നല്‍കിയത്. 

ഇത് ആദ്യമായല്ല പൊന്‍മണിദേവി എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി 20 വര്‍ഷത്തിനിടെ മൂന്നാമത്തെ തവണയാണ് അധ്യാപിക സഹായവുമായി എത്തിയത്.

തമിഴ്‌നാട്ടിലെ ഒരു ഗവണ്‍മെന്റ് സ്‌കൂളില്‍ ആധ്യാപികയായാണ് 1964 ലാണ് പൊന്‍മണിദേവി തന്റെ കരിയര്‍ ആരംഭിച്ചത്. മൂന്ന് പതിറ്റാണ്ടു കാലം നീണ്ടുനില്‍ക്കുന്ന അധ്യാപക ജീവിതത്തിന് ശേഷം ഗോപിചെട്ടിപാളയത്തെ മടച്ചൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഹെഡ്മിസ്ട്രസായി 1996 ല്‍ റിട്ടയര്‍ ചെയ്തു. എന്നാല്‍ പിന്നീട് തന്റെ ജീവിതത്തില്‍ അടിക്കടിയുണ്ടായ ദുരന്തങ്ങള്‍ പൊന്‍മണിദേവിയുടെ ജീവിതം തന്നെ മാറ്റുകയായിരുന്നു.  

റിട്ടയര്‍മെന്റിന് ഒരു വര്‍ഷം ബാക്കിയുള്ളപ്പോളാണ് ടീച്ചറിന്റെ ഭര്‍ത്താവ് മരിക്കുന്നത്. അതോടെ മകനൊപ്പം ജീവിക്കാന്‍ ഇവര്‍ തീരുമാനമെടുത്തു. എന്നാല്‍ ദുരന്തം ഇവിടെ അവസാനിച്ചില്ല. 2001 ല്‍ ഒരു അപകടത്തില്‍ മകനും നഷ്ടപ്പെട്ടു. ഇതോടെ തീര്‍ത്തും ഒറ്റക്കായ പൊന്‍മണിദേവി തന്റെ ജീവിതം സമൂഹത്തിനായി മാറ്റിവെക്കുകയായിരുന്നു. 2006 ലാണ് പൊന്‍മണിദേവി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 

പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ നിര്‍മിക്കാനായി ന്യൂനപക്ഷ വകുപ്പിന് 25 സെന്റ് സ്ഥാലം ധാനം ചെയ്തു. പിന്നീട് 2015 ല്‍ ചിത്തോട് ഗവണ്‍മെന്റ് സ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവീകരിക്കാന്‍ രണ്ട് ലക്ഷം സംഭാവന ചെയ്തു. അടുത്തിടെയാണ് സ്‌കൂളില്‍ 12ാം ക്ലാസ് ആരംഭിക്കാന്‍ സ്ഥലപരിമിതിയുള്ള കാര്യം പൊന്‍മണിദേവി അറിയുന്നത്. ഇത് അറിഞ്ഞതോടെ ഒരു ഏക്കര്‍ ഭൂമി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് അധ്യാപിക ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സ്ഥലം കിട്ടിയതോടെ 12 ാം ക്ലാസ് നിര്‍മിക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു.