മാസങ്ങള്‍ക്കിടെ മരിച്ചത് അഞ്ച് പോണ്‍ സ്റ്റാറുകള്‍; പോണോഗ്രാഫി വ്യവസായത്തില്‍ മാറ്റങ്ങള്‍ക്കായി ശബ്ദം ഉയരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2018 12:47 PM  |  

Last Updated: 23rd February 2018 12:54 PM  |   A+A-   |  

august_ames

ഓഗസ്റ്റ് അമെസ്

 

ലൈംഗിക ആരോപണങ്ങള്‍ ഹോളിവുഡിനെ പ്രതിസന്ധിയിലാക്കിയതു പോലെ പോണ്‍ നായികമാരുടെ തുടരെയുള്ള മരണങ്ങള്‍ പോണോഗ്രാഫി വ്യവസായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ അഞ്ച് പോണ്‍ സ്റ്റാറുകളാണ് മരണത്തിന് കീഴടങ്ങിയത്. ഇത് പോണോഗ്രാഫി വ്യവസായത്തിലെ പ്രവര്‍ത്തന രീതികളേക്കുറിച്ചും അഭിനേതാക്കളോടുള്ള ഇടപെടലുകളേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 

യുവ നടിമാരായ ഓഗസ്റ്റ് അമെസ്, ഒലീവിയ ലുഅ, ഒലീവിയ നോവ, ലുറി ലവ്, ഷൈല സ്‌റ്റൈലസ് എന്നിവരാണ് അടുത്തിടെ മരണപ്പെട്ടത്. ഇവരില്‍ എല്ലാവരുടേയും മരണകാരണം പുറത്തുവിട്ടിട്ടില്ലെങ്കിലും ഇവരില്‍ ചിലരുടെ മാനസികാരോഗ്യം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അശ്ലീല വീഡിയോകളിലെ നായികമാര്‍ക്ക് നേരെയുള്ള ക്രൂരമായ പെരുമാറ്റവും അവരെ താഴ്ത്തിക്കെട്ടാനുള്ള ശ്രമവും ഇവര്‍ പെട്ടെന്ന് മാനസികപ്രശ്‌നങ്ങള്‍ക്ക് അടിമയാകാന്‍ കാരണമാകുന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. 

എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പോലും തൊഴിലിടങ്ങളിലെ അവകാശങ്ങളെക്കുറിച്ചും ലിംഗ സമത്വത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളില്‍ നിന്ന് പോണോഗ്രാഫി വ്യവസായം നീക്കി നിര്‍ത്തപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെ മാനസികാരോഗ്യവും ലൈംഗിക ചൂഷണവുമെല്ലാം വലിയ ചര്‍ച്ചയാവാറില്ല. ഇതുതന്നെയാണ് പോണ്‍ നടിമാരുടെ മരണകാരണം വ്യക്തമാകാത്തത്. സ്ത്രീകള്‍ക്ക് നേരെ വലിയ ചൂഷണമാണ് ഈ മേഖലയില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

പോണ്‍ ഇന്റസ്ട്രിയുടെ ഭാഗമായി നില്‍ക്കുന്നവര്‍ പോലും ഇവിടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പഠനത്തില്‍ തെളിയിക്കുന്നത്. മറ്റുള്ള മേഖലകളെ അപേക്ഷിച്ച് ഈ വ്യവസായത്തിലുള്ളവര്‍ കടുത്ത മാനസീകാരോഗ്യ പ്രശ്‌നങ്ങളാണ് നേരിടുന്നത്. പോണ്‍ സൈറ്റുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും ഇതിന്റെ ഭാഗമായവരെ സമൂഹത്തിന്റെ ഭാഗമായി കാണാന്‍ തയാറാവാത്തതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. റേറ്റിംഗ് കൂട്ടാനായി പോണ്‍ സൈറ്റുകള്‍ നടിമാരെ ഉപയോഗിക്കുന്നതും ഓണ്‍ലൈനിലൂടെ ആരാധകരുമായി കൂടുതല്‍ അടുക്കുന്നതും ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ക്കും മറ്റും കാരണമാകും. ഇത് ഇവരുടെ മാനസീകാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. 

പോണ്‍ നായികമാരുടെ മരണം വ്യവസായത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിമാറിയിരിക്കുകയാണ്. ചൂഷണം ഇല്ലാതാക്കി അവരുടെ തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.