ഒത്തുകളിയിലെ വിലക്കില്‍ തളരാതെ സംഗീതത്തില്‍ കളം നിറഞ്ഞ് ഈ ക്രിക്കറ്റ് താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2018 05:39 PM  |  

Last Updated: 23rd February 2018 05:39 PM  |   A+A-   |  

 

കേപ്ടൗണ്‍ : സംഗീതവേദികളില്‍ നിറഞ്ഞാടുകയാണ് ലോണ്‍വാബോ ടോട്‌സോബെ എന്ന 33 കാരന്‍. ഡിജെ ട്‌സോ എന്ന പുതിയ വേഷത്തില്‍ ആസ്വാദകരുടെ മനം കവരുകയാണ് ടോട്‌സോബെ. എന്നാല്‍ ഒത്തുകളിക്ക് എട്ടുവര്‍ഷത്തെ വിലക്ക് നേരിട്ട മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് എന്ന് അപൂര്‍വം പേര്‍ക്ക് മാത്രമേ അറിയാവൂവെന്ന് ഡിജെ ട്‌സോ പറയുന്നു. 

ആഭ്യന്തര ട്വന്റി-20 മല്‍സരത്തിനിടെ ഒത്തുകളിച്ചെന്ന ആരോപണത്തിലാണ്, ടോട്‌സോബയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് എട്ടുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. പുതിയ വേഷത്തില്‍ താന്‍ ഏറെ ആസ്വദിക്കുന്നതായി ഡ്രം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ടോട്‌സോബ പറഞ്ഞു. 

2015 ല്‍ നടന്ന രാം സ്ലാം ആഭ്യന്തര ടി-20 ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. ഒത്തുകളിക്ക് കൂട്ടുനിന്നു എന്ന കുറ്റസമ്മതവും, അന്വേഷണത്തോട് സഹകരിക്കാത്തതും കണക്കിലെടുത്ത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് 2017 ഏപ്രിലില്‍  എട്ടുവര്‍ഷത്തെ വിലക്ക് വിധിക്കുകയായിരുന്നു. വിധിയെ തുടര്‍ന്ന് താന്‍ തകര്‍ന്നുപോകുമെന്നായിരുന്നു എല്ലാവരും കരുതിയത്. 

എന്നാല്‍ താന്‍ തളര്‍ന്നില്ല. സംഗീതത്തെ അതിരറ്റ് സ്‌നേഹിക്കുന്ന താന്‍ ആ മേഖലയിലേക്ക് തിരിഞ്ഞാലോ എന്നാലോചിച്ചു. അതിലെ അനുഭവങ്ങള്‍
തിരിച്ചടിയില്‍ നിന്നും വേഗം കരകയറാന്‍ സഹായകമായെന്നും ടോട്‌സോബെ പറയുന്നു. സംഗീതം കൂടാതെ, വര്‍ദോ പെട്രോളിയം കമ്പനിയിലും ട്്‌സോ പങ്കാളിയാണ്.

ഒത്തുകളിയുമായി ബന്ധപ്പെട്ട് ഗുലാം ബോഡി, ജീന്‍ സൈംസ്, പുമി മാറ്റ്ഷിക്വെ, എതി എംബലാത്തി, താമി ത്സോലെകിലെ, അല്‍വിരോ പീറ്റേഴ്‌സണ്‍ എന്നിവര്‍ക്കും വിവിധ കാലയളവുകളിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.  

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അഞ്ച് ടെസ്റ്റുകളും 61 ഏകദിനങ്ങളും ടോട്‌സോബെ കളിച്ചിട്ടുണ്ട്. ഇടംകൈയര്‍ ഫാസ്റ്റ് ബൗളറായ ടോട്‌സോബെ, ആസ്‌ട്രേലിയക്കെതിരായ ഏകദിന അരങ്ങേറ്റ മല്‍സരത്തില്‍ 50 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി മികച്ച തുടക്കം കുറിച്ചു. 27 ഏകദിനങ്ങളില്‍ നിന്നും 50 വിക്കറ്റ് നേടി, ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് തികക്കുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളറെന്ന ബഹുമതിയും ടോട്‌സോബെ കരസ്ഥമാക്കി. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനവും ടോട്‌സോബെ നേടിയിട്ടുണ്ട്.