ഗവിയില്‍ പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്നത് ഗോഫര്‍ മരങ്ങളാണ്, നോഹയുടെ പെട്ടകം നിര്‍മിക്കാനുപയോഗിച്ചതെന്ന് വിശ്വസിക്കപെടുന്ന ഗോഫര്‍ മരങ്ങള്‍!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2018 11:05 AM  |  

Last Updated: 26th February 2018 11:09 AM  |   A+A-   |  

gopher4A

പ്രകൃതി നിറച്ച വിസ്മയം ഒളിപ്പിച്ചാണ് ഗവി വിനോദ സഞ്ചാരികളെ ആകര്‍ശിക്കുന്നത്. ആ വിസ്മയത്തിനിടയില്‍ ഇപ്പോള്‍ മറ്റൊരു കൗതുകം കൂടിയുണ്ട്. ഗോഫര്‍ മരങ്ങള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കാഴ്ചയാണ് വിനോദ സഞ്ചാരികളിലും, ഗവേഷകരിലും ഇപ്പോള്‍ കൗതുകമുണര്‍ത്തുന്നത്. 

ഗോഫര്‍ മരങ്ങളുടെ പ്രത്യേകതയാണോ തേടുന്നത്? ഖുര്‍ആനിലും, ബൈബിളിലും പറയുന്ന നോഹയുടെ പെട്ടകം നിര്‍മിക്കാന്‍ ഉപയോഗിച്ചെന്ന് വിശ്വസിക്കപ്പെടുന്ന മരമാണ് ഗോഫര്‍. ബോഡോകോര്‍പസ് എന്ന ശാസ്ത്രീയ നാമത്തിലെ ഗോഫര്‍ മരങ്ങള്‍ കൊച്ചുപമ്പ വെയിറ്റിങ് ഷെഡ്ഡിന് സമീപത്തായി രണ്ടെണ്ണവും, അവിടെ നിന്നും അല്‍പ്പം മാറി ഒരെണ്ണവുമാണ് വളരുന്നത്. 

ഏഷ്യയിലെ മറ്റൊരിടത്തും ഈ ഗോഫര്‍ മരങ്ങള്‍ കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. ഇത് ഇപ്പോഴല്ലെട്ടോ ഗവിയില്‍ ഈ ഗോഫര്‍ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നത് കണ്ടെത്തിയത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗവിയില്‍ ജര്‍മന്‍ ശാസ്ത്രജ്ഞന്‍ നടത്തിയ പഠനത്തില്‍ നോഹയുടെ പെട്ടകം നിര്‍മിക്കാനെടുത്ത ഗോഫര്‍ മരങ്ങളാണ് ഇവിടെ വളരുന്നതെന്ന് കണ്ടെത്തിയിരുന്നു. 

നിലംബാനിയെന്നാണ് നമ്മള്‍ മലയാളികള്‍ ഈ ഗോഫര്‍ മരങ്ങളെ പറയുന്നത്. വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ നിലംബാനി പൂവിടാതെ കായ്ക്കുന്ന പശ്ചിമഘട്ട മലനിരകളിലെ ഏക മരമാണ്. ഈ നിലംബാനിയുടെ ഉണങ്ങാത്ത പച്ച തടി വെട്ടി വെള്ളത്തിലിട്ടാലും പൊങ്ങി കിടക്കുമെന്നതാണ് ഇതിന്റെ സവിശേഷത. 

എന്നാല്‍ ഗോഫര്‍ മരങ്ങളുടെ എണ്ണം കൂട്ടാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. മരത്തിന്റെ ശിഖിരങ്ങളും വേരുകളും അറുത്തുമാറ്റി നട്ടു പിടിപ്പിച്ചിട്ടും ഫലമുണ്ടായില്ല. ചുരുണ്ട ഇലയോടു കൂടിയ കായ പാകിയിട്ടും ഫലിച്ചില്ല. എന്നാല്‍ ഗോഫര്‍ മരങ്ങളുടെ ചരിത്രപ്രാധാന്യം മനസിലാക്കി വേണ്ട  സംരക്ഷണം വനം വകുപ്പ് നല്‍കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.