മോഷ്ടാവ് എടുത്തത് വോഡ്ക മാത്രം, ലോകത്തെ ഏറ്റവും വിലയേറിയ 'കുപ്പി' കണ്ടെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2018 12:06 PM |
Last Updated: 06th January 2018 12:06 PM | A+A A- |

കോപ്പന്‍ഹേഗന്‍: മോഷണം പോയ ലോകത്തെ ഏറ്റവും വില കൂടിയ വോഡ്കയുടെ കുപ്പി കണ്ടെത്തി. ഡെന്മാര്‍ക്കില്‍ പ്രദര്‍ശന സ്ഥലത്തുനിന്ന് മോഷണം പോയ വോഡ്കയുടെ കുപ്പി പ്രദര്‍ശനശാലയുടെ പരിസരത്തുനിന്നുമാണ് കണ്ടെത്തിയതെന്ന് ഡെന്മാര്‍ക്ക് പൊലീസ് അറിയിച്ചു. 1.3 മില്യണ്‍ (13 ലക്ഷം) യുഎസ് ഡോളറാണ് കുപ്പിയുടെ മൂല്യമായി കണക്കാക്കിയിരുന്നത്. സ്വര്‍ണവും പ്ലാറ്റിനവും കൊണ്ട് നിര്‍മിച്ചിരിക്കുന്ന കുപ്പിയുടെ അടപ്പ് വജ്രം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
കോപ്പന്‍ഹേഗനിലെ കഫേ 33 എന്ന ബാറില്‍ പ്രദര്‍ശനത്തില്‍ വച്ചിരുന്നപ്പോഴാണ് വോഡ്ക കുപ്പി മോഷണം പോയത്. വോഡ്കയുടെ കുപ്പിയുമായി ഒരാള്‍ കടന്നു കളയുന്നത് ബാറിലെ സിസി ടി വി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായിരുന്നു.
കണ്ടെത്തുമ്പോള്‍ കുപ്പി കാലിയായിരുന്നു. അന്വേക്ഷണം പുരോഗമിക്കുകയാണെന്നും സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു. കുപ്പിക്കുള്ളിലെ വോഡ്കയ്ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും കുപ്പി പൊട്ടിക്കാത്ത നിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് വക്താവ് പറഞ്ഞു.
വോഡ്ക ഇല്ലെങ്കിലും കുപ്പിക്ക് അതേ മൂല്യം തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് കഫേ 33 ഉടമ ബ്രിയാന്‍ ഇങ്‌ബെര്‍ഗ് പറഞ്ഞു.