'എന്റ കണ്‍മുന്നില്‍ അവന്‍ ഒറ്റയ്‌ക്കൊരു പ്രസ്ഥാനമായി'; ശ്രീജിത്തിന്റെ സമരത്തെക്കുറിച്ച് വി ഷിനിലാല്‍

'എന്റ കണ്‍മുന്നില്‍ അവന്‍ ഒറ്റയ്‌ക്കൊരു പ്രസ്ഥാനമായി' ശ്രീജിത്തിന്റെ സമരത്തെക്കുറിച്ച് വി ഷിനിലാല്‍
sreejith_copy
sreejith_copy

ഹോദരന്റെ കസ്റ്റഡി മരണത്തില്‍ നീതി തേടി ശ്രീജിത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരം കേരള സമൂഹം ഏറ്റെടുത്തു കഴിഞ്ഞു. മുഖ്യധാര ശ്രീജിത്തിന്റെ സമരത്തെ ശ്രദ്ധിക്കുകയും അധികൃതരില്‍നിന്ന് നടപടികള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ ആ സമരത്തിന്റെ കഴിഞ്ഞ ദിനങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് എഴുത്തുകാരനായ വി ഷിനിലാല്‍.

ശ്രീജിത്തിനെക്കുറിച്ച് ഷിനിലാല്‍ എഴുതിയ കുറിപ്പ്:


766 ദിവസങ്ങളില്‍ 400 ദിവസമെങ്കിലും ഞാന്‍ അവനെ കണ്ടിട്ടുണ്ട്. അവന്റെ മുന്നിലുള്ള ട്രാഫിക് സിഗ്‌നലില്‍ വലത്തോട്ട് തിരിയാന്‍ കാത്ത് നില്‍ക്കുമ്പോള്‍ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് റീന പറയും 'പാവം' 
ഞാന്‍ 'ഉം' എന്ന് മൂളും. 
അവന് മുന്നില്‍ ആളിരമ്പങ്ങളില്ലായിരുന്നു. 
വെയിലായും മഴയായും രാത്രിയായും പകലായും അവന്റെ മുന്നിലൂടെ കാലം ഉരുണ്ടുപോയി. വേഗത്തില്‍.

ക്രമേണ 'പാവം' എന്നവള്‍ പറയാതെയായി. 
'ഉം' എന്ന് ഞാന്‍ മൂളാതെയുമായി. 
എന്നാലും ഞങ്ങളവനെ നോക്കി.

ആയിടെയാണ് സമകാലിക മലയാളത്തില്‍ അവന്‍ മുഖചിത്രമായത്. പൊതുവെ വായനാഭിമുഖ്യമില്ലാത്ത റീന അവന്റെ കഥയും അഭിമുഖവും പലവട്ടം വായിച്ചു. 
സങ്കടത്തോടെ ആ വാരിക സൂക്ഷിച്ചുവച്ചു. മുഖ്യധാരയില്‍ അവനെ ആദ്യം കാണുന്നത് മലയാളം വാരികയിലാണ്.

പത്തു തവണയെങ്കിലും ഞാന്‍ അവന്റെ അടുത്ത് പോയിട്ടുണ്ട്. ഇന്നലെയും പോയി. ഒന്നും പറയാതെ, എന്നാല്‍ 'നീയാണ് ലോകത്തെ ഏറ്റവും മഹാനായ ജ്യേഷ്ഠന്‍' എന്ന് മനസ്സിലുരുവിട്ടു.

'ഉയര്‍ന്ന ധാര്‍മ്മിക മൂല്യമുള്ള സമൂഹത്തില്‍ മാത്രമേ ധര്‍മ്മസമരങ്ങള്‍ വിജയിക്കുകയുള്ളു.' എന്ന് അവനെ കൂടി ഓര്‍ത്തുകൊണ്ട് ഉടല്‍ഭൗതികത്തില്‍ 
എഴുതിയിട്ടു.

ഞായറാഴ്ച, പാളയം ഫ്‌ളൈ ഓവറില്‍ തമ്പാനൂരേക്ക് തിരിഞ്ഞപ്പോള്‍ അവനെ കൂടി കാണമല്ലോ എന്നോര്‍ത്തു. സെക്രട്ടറിയേറ്റ് റോഡിലൂടെ ഓടീച്ചു. 
ഞാന്‍ നോക്കുമ്പോള്‍ സ്റ്റാച്യു ജംഗ്ഷനില്‍ വലിയൊരു പുരുഷാരം. എവിടെയും ശ്രീജിത്. അവന്റെ ചിത്രങ്ങള്‍. ചോരത്തിളപ്പുള്ള യുവത. 
എന്റെ ഹൃദയം ഇപ്പോള്‍ പടപടാ മിടിക്കുകയാണ്. കണ്ണുകള്‍ വരുതിയില്‍ നില്‍ക്കാതെ നിറയുകയാണ്. 
എന്റെ കണ്‍മുന്നില്‍ ദുര്‍ബ്ബലനായ അവന്‍ ഒറ്റക്കൊരു പ്രസ്ഥാനമാവുകയാണ്.

ഈ സമയം റീനയെ ഞാന്‍ വിളിക്കുമ്പോള്‍ അവള്‍ ഒരു നീളന്‍ നിശ്വാസമാവുകയാണ്. അവളുടെയും കണ്ണുകള്‍ നിറയുന്നത് ഞാന്‍ കാണുന്നു.

പ്രിയപ്പെട്ട അനിയാ,
നീയിപ്പോള്‍ നിന്നോടും നിന്റെ സമരത്തോടും ഒപ്പം എന്നെയും വീണ്ടെടുത്തിരിക്കുന്നു.
മനുഷ്യനില്‍ നഷ്ടപ്പെട്ടു പോയ എന്റെ വിശ്വാസത്തെയും. 
അതുകൊണ്ടാണല്ലോ, ഇന്നലെ പുലര്‍ച്ചെ, നിന്റെ മുന്നില്‍ നിന്നപ്പോള്‍ നിന്റെ ശുഷ്‌കിച്ച മുഖത്ത് എനിക്ക് ഉമ്മ വയ്ക്കാന്‍ തോന്നിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com