ദൗര്‍ഭാഗ്യത്തിന്റെ വഴിയില്‍ ഭാഗ്യം വില്‍ക്കുന്നവര്‍
By കമല്‍ സി. | Published: 16th January 2018 12:14 PM |
Last Updated: 16th January 2018 12:14 PM | A+A A- |

ഓര്‍മ്മയുടെ പച്ചപ്പുകളില്‍നിന്ന് ഹൃദ്യതയോടെ മനസ്സിലേക്ക് ഓടിയെത്തുന്ന മധുരനൊമ്പരങ്ങളാണ് സുഹൃത്തുക്കളായ ജയ്‌സമ്മയും രാജഗോപാലും. രണ്ടുപേരും കാഴ്ചയില്ലാത്തവര്‍. അവരുടെ കനലെരിയുന്ന ജീവിതാനുഭവങ്ങള്‍, പ്രതിരോധത്തിന്റേയും അതിജീവനത്തിന്റേയും ശബ്ദങ്ങള്‍, 2006 ഒക്ടോബര്‍ 13-ന് ഇറങ്ങിയ 'സമകാലിക മലയാളം വാരിക'യില്‍ കവര്‍സ്റ്റോറിയായി വന്നിരുന്നു. തുടര്‍ന്ന് ചെറിയ രീതിയില്‍ ജീവിതം മെച്ചപ്പെടുത്താനും ഒരു ചെറിയ വീട് പണിഞ്ഞുയര്‍ത്താനും അവര്‍ക്ക് സാധിച്ചു. ഒരുപക്ഷേ, ഒരിക്കലും അണയാത്ത ഒരു ദീപം പോലെ അവരുടെ മനസ്സില്‍ ഇന്നും തെളിഞ്ഞുനില്‍ക്കുന്ന 'സമകാലിക മലയാളം വാരിക'യുടെ ആ ലക്കവും അന്ന് അവരെ സഹായിച്ച മനുഷ്യരുടെ മുഖങ്ങളും ഒരുപക്ഷേ, വിധിയുടെ വിളയാട്ടമെന്നോ ജീവിതത്തിന്റെ അനിശ്ചിതത്വമെന്നോ പറയത്തക്കവിധം ഇന്ന് അവര്‍ വീണ്ടും പരീക്ഷണത്തിന്റെ കയത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു.
ജയ്‌സമ്മയ്ക്ക് ചെറിയ പ്രായം മുതല്‍ തന്നെ കാഴ്ചയുടെ തകരാറിനൊപ്പം തന്നെ ശരീരത്തില്‍ വലതുവശത്ത് സ്വാധീനവും കുറവായിരുന്നു. അത് കൂടിക്കൂടി തളര്‍ച്ചയുടെ വക്കില്‍ എത്തിയപ്പോഴാണ് ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ സി.ടി. സ്‌കാനും എം.ആര്‍.ഐ സ്‌കാനും ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. ആറു വര്‍ഷമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി വിഭാഗത്തില്‍ ആയിരുന്നു ചികിത്സ. സ്‌കാനിങ്ങിന്റെ ഫലത്തിന്റെ രൂപത്തില്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്തയായി അത് അവരുടെ മുന്നിലേക്ക് വന്നു. ജയ്‌സമ്മയുടെ തലച്ചോറിനുള്ളില്‍ 4ഃ4 രാ വലിപ്പത്തില്‍ ഒരു ട്യൂമര്‍ വളര്‍ന്നു നില്‍ക്കുന്നു. അത് തലച്ചോറിന്റെ വളര്‍ച്ചയെത്തന്നെ സാരമായി ബാധിച്ച് ആഴത്തിലും പരപ്പിലും വേരാഴ്ത്തിയിരിക്കുന്നു. എത്രയും വേഗം അത് നീക്കം ചെയ്ത് ബയോപ്സിക്ക് വിധേയമാക്കിയില്ലെങ്കില്‍ പൂര്‍ണ്ണമായ തളര്‍ച്ചയും നിത്യ അബോധാവസ്ഥയും മരണവും ആണ് ഡോക്ടര്‍മാര്‍ പ്രവചിക്കുന്നത്. എന്നാല്‍, ഈ സര്‍ജറി ചെയ്യാന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തയ്യാറല്ല. തലച്ചോറിനുള്ളില്‍ പടര്‍ന്നുപോയിരിക്കുകയും അസാമാന്യമായവിധം ഉറച്ചുപോവുകയും ചെയ്തിരിക്കുന്ന ഈ മുഴ നീക്കം ചെയ്യുന്നതിലെ റിസ്‌ക് അവരെ മറ്റൊരു ഹോസ്പിറ്റല്‍ തെരഞ്ഞെടുക്കാനുള്ള ഉപദേശത്തിലെത്തിച്ചു. അങ്ങനെ തിരുവനന്തപുരം ശ്രീചിത്രയില്‍ ബന്ധപ്പെടുകയും ജനുവരി 22-ന് സര്‍ജറി തീരുമാനിക്കുകയും ചെയ്തു.
ജീവിതത്തില്‍ ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തിലൂടെ താന്‍ ഇന്നുവരെ കടന്നുപോയിട്ടില്ലെന്നും ജയ്‌സമ്മയെ ചേര്‍ത്തുപിടിച്ച് രാജഗോപാല്‍ കണ്ണുകള്‍ നിറഞ്ഞ് പറയുന്നു. അവളുടെ കൈപിടിച്ച് വെറും 500 രൂപയില്‍ തുടങ്ങിയതാണ് തന്റെ ജീവിതം. പകുതി തളര്‍ന്ന അവളുടെ കൈപിടിച്ചല്ലാതെ ഒരിടത്തും ഇന്നുവരെ പോയിട്ടില്ല. ഇപ്പോള്‍ ഡോക്ടര്‍ വിശ്രമം പറഞ്ഞശേഷം താന്‍ മരുഭൂമിയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന തളിരില്ലാത്ത ഒറ്റ മരം പോലെ എന്ത് ചെയ്യണമെന്നറിയാതെ ഓരോ വാതിലുകളിലും കയറിയിറങ്ങുകയാണ്. കാഴ്ചയുടെ സര്‍വ്വാധിപത്യ ലോകത്ത് ഇരയാക്കപ്പെട്ടവരാണ് അവര്‍. അവരുടെ കൃഷ്ണമണിയില്‍ എരിയുന്ന കനല്‍ നമ്മുടെ മാന്യതയുടെ കുപ്പായത്തില്‍ കുറ്റബോധത്തിന്റെ കറ പിടിപ്പിച്ചിരിക്കുന്നു.
രാജഗോപാലിനെക്കാള്‍ കൊടിയ വിവേചനത്തിനാണ് ജയ്‌സമ്മ വിധേയമായിട്ടുള്ളത്. ഒരു മനുഷ്യജീവി എന്ന നിലയില്‍ പലപ്പോഴും വീട്ടില്‍പ്പോലും അവര്‍ പരിഗണിക്കപ്പെട്ടിട്ടില്ല. വിരുന്നുകാര്‍ വന്നാല്‍ പിടിച്ചടക്കപ്പെടുന്ന ഒരു ഇരുണ്ടമുറിയാണ് അവള്‍ക്ക് ബാല്യം. അമ്മയുടെ നിസ്സഹായതയുടെ മുന്നില്‍ അച്ഛനും സഹോദരങ്ങളും അവളെ ഒരു ബാധ്യതയായി കണ്ടത്, ഇപ്പോഴും അത് തുടരുന്നുവെന്നത് നിത്യവും ജയ്‌സമ്മയെ അരക്ഷിതാവസ്ഥയില്‍ത്തന്നെ തുടരാന്‍ തന്റെ മനസ്സിനെ പ്രേരിപ്പിക്കുന്നു. കൗമാരകാലത്ത് തന്നെ തന്റെ വീട്ടില്‍നിന്നും രക്ഷപ്പെട്ട് ജയ്‌സമ്മ തൃശൂരിനടുത്ത് പീച്ചിയിലുള്ള കേരള ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ദ ബ്ലൈന്‍ഡ് എന്ന സ്ഥാപനത്തില്‍ അഭയം പ്രാപിച്ചിരുന്നു. അതിനും മുന്നേ അവിടെ എത്തിയ രാജഗോപാലിനെ ജയ്‌സമ്മ പരിചയപ്പെടുന്നത് ആ സ്ഥാപനത്തില്‍വച്ചാണ്. രാജഗോപാലിന്റെ പാട്ട് കേള്‍ക്കുന്നതിനുവേണ്ടി ഒരു ചുമരിനപ്പുറം ജയ്‌സമ്മ കാത്തിരിക്കാന്‍ തുടങ്ങി. തനിക്ക് നഷ്ടപ്പെട്ടതെന്തോ, ഒരുപക്ഷേ, അതിലേറെ വിലപ്പെട്ടതെന്തോ പതിയെ തന്റെ ജീവിതത്തിലേക്ക് മടങ്ങിവരുന്നത് ജയ്‌സമ്മ തിരിച്ചറിഞ്ഞു. എന്നാല്‍ അധികകാലം കെ.ഐ.ബിയില്‍ മനസ്സു തുറന്ന് സംസാരിക്കാന്‍ ആവാതെ അവളുടെ പ്രണയം ബാല്യത്തിലെ ഇരുണ്ട മുറിയുടെ തുടര്‍ച്ചയിലെവിടെയോ തന്നെ തളയ്ക്കപ്പെട്ടു. ഒടുവില്‍ ഒന്ന് സംസാരിക്കാന്‍ വേണ്ടി മാത്രം ഒരു അവധി സമയത്ത് ഇവര്‍ ഒരുമിച്ച് ഒരു കെ.എസ്.ആര്‍.ടി.സി ബസ്സില്‍ എറണാകുളത്തേക്ക് യാത്ര ചെയ്തു. മനസ്സു തുറന്ന് സംസാരിക്കുകയും സ്‌നേഹത്തിന് പുതിയ ജീവന്‍ വയ്ക്കുകയും ചെയ്തു. തന്റെ മനസ്സിലെ പ്രണയം ജയ്‌സമ്മ രാജഗോപാലിനോട് തുറന്നുപറഞ്ഞു. ഒരു ക്രിസ്ത്യാനിയായ താനും പുലയനായ രാജഗോപാലും ഒന്നിച്ചാല്‍ ഇരുകുടുംബത്തിലും ഉണ്ടായേക്കാവുന്ന പുകില് രണ്ടുപേരെയും ആലോചനയിലാഴ്ത്തി. ഏത് പ്രതിസന്ധിഘട്ടത്തേയും മറികടന്ന് ഒന്നിച്ച് ജീവിക്കാന്‍ കാഴ്ചയുടെ കൃത്രിമ നിറങ്ങളില്ലാത്ത അവരുടെ സ്വപ്നങ്ങള്‍ക്ക് വേരും കായും പൂവും ചൊരിയാന്‍ അവര്‍ ഉറച്ച തീരുമാനം എടുത്തു. കൈകള്‍ ചേര്‍ത്തുപിടിച്ചു. ഈ സംഭവങ്ങള്‍ക്കിടയില്‍ എറണാകുളം സ്റ്റാന്‍ഡില്‍ ഇരുന്ന ഇവര്‍ ക്രൂരമാംവിധം സദാചാര പൊലീസിങ്ങിനു വിധേയമായി. രണ്ടുപേരേയും നാട്ടുകാര്‍ എന്ന മാന്യര്‍ പിടിച്ച് പൊലീസില്‍ ഏല്പിച്ചു. പൊലീസ് സ്റ്റേഷനില്‍ ഒരു രാത്രിയും പകലും തങ്ങള്‍ എന്തു തെറ്റാണ് ചെയ്തതെന്നറിയാതെ ഇവര്‍ പകച്ചിരുന്നു. രണ്ടു പേരുടേയും വീട്ടുകാരെ വിളിച്ചു വരുത്തി ഒരു കനത്ത ആഘാതം ഉണ്ടാക്കിയാണ് പൊലീസുകാര്‍ ഈ നാടകം അവസാനിപ്പിച്ചത്.
അങ്ങനെ അവര്‍ ഒരുമിച്ച് ജീവിക്കുകയും സ്‌പെഷില്‍ മാരജ് ആക്ട് പ്രകാരം വിവാഹം കഴിക്കുകയും ചെയ്തു. മിശ്രവിവാഹമായതിനാല്‍ രണ്ട് കുടുംബങ്ങളില്‍നിന്നും പുറത്താക്കപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളിലും സ്റ്റേഷനുകളിലുമായി അന്തിയുറങ്ങി. പിന്നീട് വാടകവീടുകളിലായിരുന്നു താമസം. ഇതിനിടയില്‍ ജയ്‌സമ്മ ഗര്‍ഭിണിയാവുകയും നിഥിന്‍ എന്ന മകന്‍ ജനിക്കുകയും ചെയ്തു. തുണിക്കച്ചവടം മുതല്‍ ലോട്ടറി കച്ചവടം വരെ പല ജോലികളും പകുതി തളര്‍ന്ന തന്റെ ശരീരത്തേയും ചുമന്ന് ജയ്‌സമ്മ രാജഗോപാലിന്റെ കൈപിടിച്ച് ചെയ്തു തീര്‍ത്തു. സ്വന്തമായി മൂന്ന് സെന്റ് സ്ഥലം ഇന്നിവര്‍ക്ക് ഉണ്ടെങ്കിലും വീട് മഴക്കാലത്ത് ചോര്‍ന്നൊ ലിക്കുന്നതാണ്. വീടിന്റെ അറ്റകുറ്റപ്പണിക്കുവേണ്ടി ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും കളക്ടര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും നാളുകളേറെ ആയിട്ടും ഇതുവരേയും പരിഗണിക്കപ്പെട്ടിട്ടില്ല. വെള്ളത്തിനുവേണ്ടി ഒരു പൈപ്പ്ലൈന്‍, വീട്ടിലേക്കുള്ള കുണ്ടും കുഴിയും നിറഞ്ഞ വഴി വൃത്തിയാക്കല്‍ തുടങ്ങി നിരവധി ആവശ്യങ്ങളും പരാതികളും കാഴ്ചയുള്ള അധികാരികള്‍ക്ക് മനസ്സിലാവാതെ പോവുന്നു. രാജഗോപാലിന്റെ വീട്ടുകാര്‍ക്ക് പിണക്കം മാറുകയും അന്വേഷണങ്ങള്‍ ഉണ്ടാവുകയും ചെയ്‌തെങ്കിലും സാമ്പത്തിക പരാധീനതകള്‍ കാരണം മറ്റൊന്നിനും അവര്‍ക്ക് കഴിയുന്നില്ല. ഇപ്പോള്‍ നീരജ എന്ന മകളും ഇവര്‍ക്കുണ്ട്. വേദനയുടേയും അധാര്‍മ്മികതയുടേയും കനല്‍വഴികളില്‍ ഒട്ടേറെ വെയില്‍കൊണ്ടും തളര്‍ന്നും ആണ് തങ്ങളെ വളര്‍ത്തിയതെന്ന് കുട്ടികള്‍ പോലും തിരിച്ചറിയുന്നുണ്ടോ/തിരിച്ചറിയുമോ എന്ന് ഇവര്‍ക്ക് സംശയമാണ്.
രാജഗോപാലിന് അതിന് കൃത്യമായ ഉത്തരം ഉണ്ട്. കാഴ്ചയുടെ ലോകം കണ്ണുള്ളവര്‍ക്കു വേണ്ടി മാത്രം ചുറ്റുപാടുകള്‍ പടുത്തുയര്‍ത്തിയിരിക്കുന്നു. ജാതിയുടേയും ലിംഗത്തിന്റേയും കാഴ്ചയില്ലായ്മയുടേയും തള്ളിമാറ്റലിന് വിധേയമാവുന്നത് സ്വാഭാവികം. കണ്ണുള്ളവര്‍ ഭൂരിപക്ഷം ആയതുകൊണ്ട് നിങ്ങള്‍ ഉണ്ടാക്കുന്ന ലോകത്ത് ഒരു ഇരിപ്പിടം ഇല്ലാതാവുന്നത് പരാതിക്ക് പോലും അര്‍ഹതയില്ലാത്ത ഒന്നായി നിലനില്‍ക്കുന്നു. കാഴ്ചയുടെ ഇരകളായി ജീവിക്കേണ്ടിവരുന്നു. കാഴ്ചയില്ലാത്തവള്‍ എന്തിന് പ്രസവിക്കാന്‍ പോയി. കാഴ്ചയില്ലാത്തവന്‍ എന്തിന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു. എന്തിന് സിനിമ കാണാന്‍ പോകുന്നു. എന്തിന് പൂരത്തിനും പെരുന്നാളിനും പോകുന്നു തുടങ്ങി കൊടിയ ക്രൂരതകളുടേയും അനീതികളുടേയും ഒരു കൂട്ടം ചോദ്യങ്ങളാണ് ഇന്നിവര്‍ക്ക് ചുറ്റുപാട്.
2006-ല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന കാലത്താണ് രാജഗോപാലിനേയും ജയ്‌സമ്മയേയും പരിചയപ്പെടുന്നത്. പിന്നീട് രാജ്യദ്രോഹക്കാലത്തും പട്ടിണി സമരത്തിന്റെ കാലത്തും ഉള്‍പ്പെടെ എന്റെ ജീവിതത്തില്‍ സന്തോഷത്തിന്റേയും പരിഭവത്തിന്റേയും വേദനയുടേയും രൂപത്തില്‍ സ്‌നേഹസാന്നിദ്ധ്യമായി ഇവര്‍ നില്‍ക്കുന്നു. തൃശൂര്‍ റൗണ്ടില്‍ നിഥിന്‍ എന്ന ഒരു വയസ്സുകാരനേയും കയ്യിലേന്തി കാഴ്ചയില്ലാത്ത ഇവര്‍ നടന്നുനീങ്ങുന്നതു കണ്ടപ്പോള്‍, ഒരു കൈനീട്ടി ആ ചെറിയ കുട്ടി വെയില്‍കൊണ്ട് തളര്‍ന്ന മുഖവുമായി റ്റാറ്റ കൊടുക്കുന്നത് കണ്ടപ്പോള്‍ പരിചയപ്പെടണമെന്നും ഇവരെ കുറിച്ച് കൂടുതല്‍ അറിയണമെന്നും തോന്നി. അതിനുവേണ്ടിയുള്ള തത്രപ്പാടിനുള്ളില്‍ എനിക്ക് പോവേണ്ട ബസ്സുകള്‍ നിരവധി പോയിക്കഴിഞ്ഞിരുന്നു. ഒടുവില്‍ അവരുടെ കയ്യില്‍നിന്നും ഒരു ഭാഗ്യക്കുറി ടിക്കറ്റ് എടുത്തു. ഫോണ്‍ നമ്പര്‍ വാങ്ങി. അവരുടെ കടുത്ത ജീവിതാനുഭവങ്ങള്‍ എനിക്ക് ഏറ്റു വാങ്ങാവുന്നതായിരുന്നില്ല. എല്ലാ പരിമിതികളോടെയും അങ്ങനെയാണ് അത് സമകാലിക മലയാളം വാരികയിലേക്ക് പകര്‍ത്തപ്പെടുന്നത്. ചുട്ടുപൊള്ളിക്കുന്ന അനുഭവങ്ങള്‍ കനലെരിയുന്ന ദളിത് ഓര്‍മ്മകള്‍ നിരവധിയാണ്. പല പ്രാവശ്യം ജയ്‌സമ്മയ്ക്ക് നേരെ നീണ്ട ലൈംഗികാതിക്രമങ്ങളും നമ്മളെ നൊമ്പരപ്പെടുത്തുന്നു. ബസ്സിലെ യാത്രകള്‍, അധികാര സ്ഥലങ്ങളുടെ ധാര്‍ഷ്ട്യം, സൗഹൃദങ്ങളിലെ കാപട്യം, രക്തബന്ധങ്ങളുടെ പൊള്ളത്തരം തുടങ്ങി നീതിരഹിതമായ ഒരു സമൂഹത്തോട് ഇവര്‍ക്ക് പറയാന്‍ ഏറെയാണ്. ജയ്‌സമ്മ ഇടുക്കി തൊപ്രാംകുടി സ്വദേശിയാണ്. ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത് രാജഗോപാലിന്റെ സ്ഥലമായ തൃശൂര്‍ പേരാമംഗലത്താണ്.
തിരുവനന്തപുരം ശ്രീചിത്രയില്‍ ജനുവരി 22-നാണ് സര്‍ജറി തീരുമാനിക്കപ്പെട്ടിരിക്കുന്നത്. രണ്ട് ലക്ഷം രൂപ സര്‍ജറിക്ക് ഉള്‍പ്പെടെ ഏതാണ്ട് ഒരു വര്‍ഷത്തിലധികം നീണ്ടു നില്‍ക്കുന്ന ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ചെലവുവരും. വീടും സ്ഥലവും വില്‍ക്കുന്നത് ഉള്‍പ്പെടെ എന്ത് ചെയ്യണമെന്ന ആലോചനയിലാണിവര്‍.
ഭിന്നശേഷിക്കാര്‍ എന്തുകൊണ്ടാണ് ഇങ്ങനെ ക്രൂരമാംവിധം തള്ളിമാറ്റപ്പെടുകയും കടുത്ത അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍പോലും സഹായത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും ഇല്ലാതാവുകയും ചെയ്യുന്നതെന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലോട്ടറി കച്ചവടം ഇന്ന് ലാഭത്തിന്റേയും വ്യവസായത്തിന്റേയും വഴിയിലേക്ക് നീങ്ങിയപ്പോള്‍, ഭിന്നശേഷിക്കാരല്ലാത്ത ഒരു വിഭാഗം ഇവിടെയും ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞപ്പോള്‍, ഈ മേഖല പോലും ഇവര്‍ക്ക് പതിയെ നഷ്ടപ്പെടുന്നു. ഭിന്നശേഷിക്കാര്‍ക്കുവേണ്ടി മാത്രമാണ് ലോട്ടറി സംവിധാനം തുടങ്ങിയതും നിലനിര്‍ത്തുന്നതും എന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
നമ്മുടെ എല്ലാവരുടേയും സ്‌നേഹവും സഹായവും ഈ കുടുംബം ആവശ്യപ്പെടുന്നു. ഭാഗ്യം വിറ്റ ഇവര്‍ ഇന്ന് ദൗര്‍ഭാഗ്യത്തിന്റെ നിത്യദുരിതത്തിലായിരിക്കുമ്പോഴും സ്‌നേഹം തിരിച്ചറിയുന്ന ഒരു ന്യൂനപക്ഷത്തിലും ചുറ്റുപാടുകളിലും ഇവര്‍ക്ക് ശുഭാപ്തിവിശ്വാസമുണ്ട്.
ജയ്‌സമ്മയുടെ ബാങ്ക് അക്കൗണ്ട് വിവരം.
ജയ്‌സമ്മ മാത്യു, Ac No: 0721101065363, Canara Bank. Kaiparambu Branch, Thrissur, IFSC CNRB0003479
രാജഗോപാലിന്റെ ഫോണ്‍ നമ്പര്‍: 9495552157
മേല്‍വിലാസം: രാജഗോപാല്‍,
ആറ്റുവളപ്പില്‍, പേരാമംഗലം പി.ഒ,
തൃശൂര്‍-680545