ഒരു ഫോണ്‍കോള്‍, പണച്ചിലവ് ഇല്ലാതെ നിങ്ങളുടെ മതിലുകളില്‍ പൂ വിരിയും 

മറ്റൊരു ഡല്‍ഹിയായി കൊച്ചി മാറാതിരിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലായാണ് വഴിയോരങ്ങളെ പൂവണിയിക്കുന്ന പദ്ധതിയുമായി ടൂറിസ്റ്റ് ഡെസ്‌ക് രംഗത്തെത്തിയത്
ഒരു ഫോണ്‍കോള്‍, പണച്ചിലവ് ഇല്ലാതെ നിങ്ങളുടെ മതിലുകളില്‍ പൂ വിരിയും 

പൂക്കളും ചെടികളും നിറഞ്ഞു നില്‍ക്കുന്ന മതിലുകളുള്ള ഒരു വീട്. പച്ചപ്പില്‍ മുങ്ങി നില്‍ക്കുന്ന വീടുകളെ സ്വപ്‌നം കാണാത്തവരായി ആരാണുണ്ടാവുക. ഈ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ ഇനി നിങ്ങള്‍ക്ക് അധികം കാത്തു നില്‍ക്കേണ്ടതായി വരില്ല. അഞ്ച് പൈസ ചെലവില്ലാതെ ഒരു ഫോണ്‍ കോളിന്റെ ദൂരത്തില്‍ നിങ്ങളുടെ ചുമരുകളില്‍ പച്ചപ്പ് നിറയും. കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് ഡെസ്‌ക് എന്ന സ്ഥാപനമാണ് കൊച്ചിയുടെ വഴിയോരങ്ങളെ മനോഹരമാക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്. 

മറ്റൊരു ഡല്‍ഹിയായി കൊച്ചി മാറാതിരിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലായാണ് വഴിയോരങ്ങളെ പൂവണിയിക്കുന്ന പദ്ധതിയുമായി ടൂറിസ്റ്റ് ഡെസ്‌ക് രംഗത്തെത്തിയത്. കൊച്ചി സ്വദേശിയായ വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ടൂറിസ്റ്റ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. പൂന്തോട്ടം തീര്‍ക്കാന്‍ ചുമരുകളുണ്ടെന്ന് വര്‍ഗീസിന്റെ 9847044688 എന്ന നമ്പറില്‍ വിളിച്ചറിയില്ലാല്‍ മതി ചെടികള്‍ സ്ഥാപിക്കാനുള്ള ആളുകള്‍ ഉടന്‍ എത്തും. ഒരു ചിലവുമില്ലാതെ മനോഹരമായ പൂന്തോട്ടം നിങ്ങള്‍ക്ക് സ്വന്തമാക്കാം. മനോഹരമായ പൂന്തോട്ടമൊരുക്കി തിരിച്ചു പോകുന്നതിന് മുന്‍പ് നിങ്ങളില്‍ നിന്ന് അവര്‍ ആവശ്യപ്പെടുന്നത് ചെടികളുടെ സംരക്ഷണം മാത്രമായിരിക്കും. 

വെറും പൂന്തോട്ടമല്ല ചുമരുകളെ കാത്തിരിക്കുന്നത്. നാട്ടിന്‍ പുറങ്ങളില്‍ നിന്ന് പോലും അന്യമായിക്കൊണ്ടിരിക്കുന്ന തുമ്പയും തുളസിയും പനിക്കൂര്‍ക്കയും ഉള്‍പ്പടെയുള്ള ഔഷധങ്ങളും നാട്ടുപച്ചയുമാണ് മതിലുകളെ മോടികൂട്ടാന്‍ എത്തുന്നത്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇത്തരം ചെടികളെ പല സ്ഥലങ്ങളില്‍ നിന്ന് തേടിപ്പിടിച്ചാണ് വര്‍ഗീസ് പൂന്തോട്ടം ഒരുക്കുന്നത്. 

ഓക്‌സിജന്‍ കൂടുതലായി പുറത്തുവിടുന്ന സാന്‍വീരിയ ചെടികളും ഇതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. വായു മലിനീകരണം തടയാന്‍ ഇതിന് സാധിക്കും എന്നതിനൊപ്പം ഈ ചെടികള്‍ നടുന്നതിലൂടെ എലി, പാമ്പ് തുടങ്ങിയവയുടെ ശല്യം ഒഴിവാക്കാനാവുമെന്നാണ് വര്‍ഗീസ് പറയുന്നത്. സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയാണ് ടൂറിസ്റ്റ് ഡെസ്‌ക് സൗജന്യമായി വെര്‍ട്ടിക്കള്‍ ഗാര്‍ഡന്‍ ഒരുക്കി നല്‍കുന്നത്. ഇത് താല്‍പ്പര്യമില്ലാത്തവര്‍ക്ക് പൂന്തോട്ടങ്ങള്‍ വാങ്ങാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കൊച്ചിയില്‍ മാത്രമാണ് പൂന്തോട്ടങ്ങള്‍ ഒരുക്കുന്നത്. ഇത് വിജയകരമായാല്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്. 

എട്ട് അടി വീതിയിലും 1.5 അടി വീതിയിലുമുള്ള ഭാഗത്ത് 25 ചെടികളാണ് സ്ഥാപിക്കുന്നത്. രണ്ട് ആഴ്ച മുന്‍പ് ആരംഭിച്ച സംരഭത്തിന് ഇതിനോടകം തന്നെ മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് വര്‍ഗീസ് പറഞ്ഞു. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ബോട്ട്‌ജെട്ടിയില്‍ 50 സാന്‍സിവീരിയ ചെടികള്‍ നട്ടുകഴിഞ്ഞു. 

സോംഗ് ഓഫ് ഇന്ത്യ, ചിലന്തി ചെടി, മരാന്ത, സെമിത്തേരിപ്പൂക്കള്‍ തുടങ്ങിയ ചെടികളെയാണ് ടൂറിസ്റ്റ് ഡെസ്‌ക് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ടൂറിസം മേഖലയില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് ഡെസ്‌ക് ഇതിനോടകം നിരവധി പ്രകൃതിസൗഹൃദ പ്രവര്‍ത്തനങ്ങള്‍ ചെയ്തു കഴിഞ്ഞു. കൊച്ചിയുടെ മതിലുകളില്‍ പച്ചപ്പ് നിറച്ച് സംസ്ഥാനത്തെ ആദ്യ ജൈവ നഗരമാക്കിമാറ്റാനാണ് ഇതിലൂടെ പദ്ധതിയിടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com