പ്രതിഷേധിച്ചാല്‍ ഇനി മുടി കത്തിക്കും; പ്രതിഷേധക്കാര്‍ക്കെതിരേ പ്രയോഗിക്കാന്‍ പുതിയ തോക്കുമായി ചൈനീസ് കമ്പനി

പ്രതിഷേധിച്ചാല്‍ ഇനി മുടി കത്തിക്കും; പ്രതിഷേധക്കാര്‍ക്കെതിരേ പ്രയോഗിക്കാന്‍ പുതിയ തോക്കുമായി ചൈനീസ് കമ്പനി

പ്രതിഷേധക്കാരുടെ മുടിയും ബാനറുകളും ഒരു കിലോമീറ്റര്‍ ദൂരെ നിന്ന് കത്തിക്കാന്‍ ഈ തോക്കിന് സാധിക്കും

പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിക്കാന്‍ ലാത്തികള്‍ മുതല്‍ കണ്ണീര്‍വാതകം വരെ നമ്മുടെ പൊലീസുകാരുടെ കൈയിലുണ്ട്. എന്നാല്‍ ഇതൊന്നും കൊണ്ടും പ്രതിഷേധച്ചൂട് കെടുത്താന്‍ സാധിക്കാറില്ല. ഇത് നമ്മുടെ പൊലീസുകാര്‍ക്ക് മാത്രമല്ല ചൈനയിലെ പൊലീസിനും അറിയാം. അതുകൊണ്ടുതന്നെ പ്രതിഷേധക്കാര്‍ക്ക് പണി കൊടുക്കാന്‍ വ്യത്യസ്തമായ മാര്‍ഗം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ അവര്‍ക്കായി വ്യത്യസ്തമായ ഒരു തോക്ക് നിര്‍മിച്ചിരിക്കുകയാണ് ചൈനീസ് കമ്പനി. പ്രതിഷേധക്കാരുടെ മുടി കത്തുപിടിപ്പിക്കുന്ന തോക്കാണ് കമ്പനി നിര്‍മിച്ചിരിക്കുന്നത്.

ചൈനീസ് കമ്പനിയായ ZKZM ഫൈബര്‍ ലേസര്‍ കമ്പനിയാണ് വ്യത്യസ്തമായ തോക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രതിഷേധക്കാരുടെ മുടിയും ബാനറുകളും ഒരു കിലോമീറ്റര്‍ ദൂരെ നിന്ന് കത്തിക്കാന്‍ ഈ തോക്കിന് സാധിക്കും. ഈ ആയുധത്തിലൂടെ പ്രതിയോഗികളില്‍ വളരെ പെട്ടെന്ന് ശക്തമായ വേദനയുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ചൈനീസ് പൊലീസിനെ മുന്നില്‍ കണ്ടുകൊണ്ടാണ് വ്യത്യസ്തമായ ആയുധത്തിന് രൂപം നല്‍കിയിരിക്കുന്നത്.

എന്നാല്‍ ജീവനെടുക്കാന്‍ കഴിയുന്ന ആയുധമല്ല ഇത്. നിയമവിരുദ്ധമായ ബാനറുകള്‍ക്കും പ്രതിഷേധക്കാരുടെ വസ്ത്രത്തിനും മുടിക്കുമെല്ലാം തീകൊളുത്താന്‍ തോക്കിലൂടെ സാധിക്കും. എന്നാല്‍ മനുഷ്യന്റെ തൊലിയെ പെട്ടെന്ന് പൊള്ളിക്കാന്‍ ഇതിനാവില്ലെന്നാണ് അവരുടെ വാദം. മൂന്ന് കിലോ ഭാരമുള്ള തോക്കിന് 800 മീറ്റര്‍ റേഞ്ചില്‍ വെടിയുതിര്‍ക്കാനാകും. ഗ്ലാസിലേയും മറ്റ് സുദാര്യമായ വസ്തുവിലൂടെയും കടന്നുപോകാനും ഇതിന് സാധിക്കും. ജീവഹാനിയുണ്ടാക്കുന്ന ലേസര്‍ ആയുധങ്ങള്‍ നിര്‍മിക്കരുതെന്ന് അന്താരാഷ്ട്ര കരാര്‍ നിലനില്‍ക്കുന്നതിനാല്‍ മുടികത്തിച്ച് പ്രതിഷേധം കെടുത്താനുള്ള മാര്‍ഗം ചൈനീസ് പൊലീസും ഉപയോഗപ്പെടുത്തിയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com