മദ്യവും മത്സ്യവും ക്ഷേത്രത്തില്‍? കെട്ടുകഥയല്ല, ഒഡിഷയിലെ ക്ഷേത്രത്തിലെ പ്രസാദം ഇതാണ്

ഒഡിഷയിലെ ജഗദ്‌സിങ്പൂരിലുള്ള ഒരു ക്ഷേത്രത്തില്‍ പൂജയ്ക്ക് ലഭിക്കുന്ന പ്രസാദം കണ്ടാല്‍ പുറത്തുനിന്നുള്ളവര്‍ ഞെട്ടും.
മദ്യവും മത്സ്യവും ക്ഷേത്രത്തില്‍? കെട്ടുകഥയല്ല, ഒഡിഷയിലെ ക്ഷേത്രത്തിലെ പ്രസാദം ഇതാണ്

ജഗദ്‌സിങ്പൂര്‍: ഒഡിഷയിലെ ജഗദ്‌സിങ്പൂരിലുള്ള ഒരു ക്ഷേത്രത്തില്‍ പൂജയ്ക്ക് ലഭിക്കുന്ന പ്രസാദം കണ്ടാല്‍ പുറത്തുനിന്നുള്ളവര്‍ ഞെട്ടും. കാരണം, പൂവും ചന്ദനവും ഭസ്മവും മാത്രമല്ല അവിടെ പ്രസാദം. മീനും മദ്യവും പ്രസാദമായി ലഭിക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണത്. അപസ്മാരത്തില്‍ നിന്ന് രക്ഷനേടാനാണ് ഭക്തകര്‍ ക്ഷേത്രത്തിലേക്ക് മദ്യവും മത്സ്യവും കാണിക്ക വയ്ക്കുന്നത്. ഇതുതന്നെ പ്രസാദമായി ഇവര്‍ക്ക് തിരിച്ചും കിട്ടുന്നു.

ഇബിരിസിങ് പഞ്ചായത്തിലെ കനുങ്‌ഗോ കൃപസിന്ദു ദാസ് എന്ന സമീന്താര്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ആ കാലഘട്ടത്തില്‍ ഇവരുടെ ഗ്രാമത്തില്‍ ജനാര്‍ദന്‍ പാണി എന്നൊരു ബ്രാഹ്മണ സ്ത്രീ ഉണ്ടായിരുന്നു. ഇവര്‍ ഭിക്ഷയാചിച്ചാണ് ജീവിച്ചിരുന്നത്. ഒരിക്കല്‍ ഇവര്‍ ഒരു സ്വപ്‌നം കണ്ടു. ഗ്രാമത്തില്‍ എന്തോ വലിയ മാരക രോഗം പൊട്ടിപ്പുറപ്പെടാന്‍ പോവുകയാണെന്നും അതുകൊണ്ട് ഉത്തേര്‍ശ്വരി ദേവിയുടെ പേരില്‍ ഒരു ക്ഷേത്രം പണി കഴിപ്പിക്കണമെന്നുമായിരുന്നു സ്വപ്‌നത്തില്‍.

അങ്ങനെയാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. 1967ല്‍ തകര്‍ന്ന് വീണ ക്ഷേത്രം പുനരുദ്ധീകരിച്ച് പാണിയെ പൂജാരിയാക്കി നിര്‍ത്തിയായിരുന്നു ക്ഷേത്രം പണികഴിപ്പിച്ചത്. പിന്നീട് പാണിയുടെ പേരില്‍ പുതിയത് പണിതു. പാണി ദേവിക്ക് പൂക്കള്‍ക്കും പഴത്തിനും പകരം മത്സ്യവും മദ്യവുമായിരുന്നു സമര്‍പ്പിച്ചത്. ഭക്തര്‍ക്കും ഇത് പ്രസാദമായി നല്‍കിത്തുടങ്ങി. പിന്നീട് ആ നാട്ടിലെ ഭക്തരെല്ലാം തങ്ങളുടെ മക്കള്‍ക്ക് അപസ്മാരം വന്നാല്‍ ദേവിക്ക് മത്സ്യവും മദ്യവും കാണിക്ക വെക്കുന്നത് ഒരു ശീലമാക്കി മാറ്റി.

ഇന്ന് നൂറുകണക്കിന് ഭക്തരാണ് തങ്ങളുടെ അപസ്മാരം ബാധിച്ച കുഞ്ഞുങ്ങളുമായി ഉത്തേര്‍ശ്വരി ദേവിയുടെ പുരാതന ക്ഷേത്രത്തില്‍ എത്തുന്നത്. ഇവിടെ ഭക്തര്‍ക്ക് പൂക്കള്‍ക്കും പഴങ്ങള്‍ക്കുമൊപ്പം ചെറിയ ഒരു കുപ്പിയില്‍ മദ്യവും നല്‍കുന്നു. ഈ ഗ്രാമത്തില്‍ ആരെങ്കിലും ഏതെങ്കിലും വിശിഷ്ഠ മദ്യം കൊണ്ടുവന്നെങ്കില്‍, (വൈനോ വിസ്‌കിയോ ആകാം) അത് ഒരു പ്ലേറ്റിലൊഴിച്ച് ദേവിയുടെ പ്രതിമയുടെ വായയുടെ സമീപം വെച്ചതിന് ശേഷമാണ് മറ്റുള്ളവര്‍ ഉപയോഗിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com