വെള്ളം ഇന്റര്‍നെറ്റിനും വില്ലനാകും; ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് തകര്‍ച്ച നേരിടുന്ന കാലം വിദൂരമല്ല

കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഇന്റര്‍നെറ്റ് സേവനങ്ങളെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യ പഠനത്തില്‍ തന്നെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പുറത്ത്
വെള്ളം ഇന്റര്‍നെറ്റിനും വില്ലനാകും; ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് തകര്‍ച്ച നേരിടുന്ന കാലം വിദൂരമല്ല

കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഇന്റര്‍നെറ്റ് സേവനങ്ങളെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യ പഠനത്തില്‍ തന്നെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പുറത്ത്. കാലാവസ്ഥാ മാറ്റം ഇന്റര്‍നെറ്റ് തകരാറിലാക്കുന്ന കാലം ഒട്ടും അകലെയല്ലെന്ന് ചൂണ്ടികാണിക്കുന്നതാണ് പുതിയ ഗവേഷണ കണ്ടെത്തലുകള്‍. സമുദ്രനിരപ്പ് ഉയര്‍ന്നുവരുന്നതിനാല്‍ ഫൈബര്‍ ഒപ്റ്റിക് കേബിളുകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതാണ് ഭീഷണിയാകുക. 

അമേരിക്കയിലെ തീരദേശ പ്രദേശങ്ങളില്‍ 4000മൈല്‍ ദൂരത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള കേബിളുകള്‍ക്ക് സമൂദ്ര ജലനിരപ്പ് ഭീഷണിയാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അടുത്ത 15വര്‍ഷത്തിനുള്ളില്‍ ഇതിന്റെ ഭവിഷത്തുകള്‍ ലോകം അനുഭവിക്കുമെന്ന് ഇവര്‍ ചൂണ്ടികാട്ടുന്നു. ഇതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടാനുള്ള തന്ത്രങ്ങള്‍ ഉടന്‍തന്നെ പരിഗണിക്കണമെന്നും പിന്നീടേക്ക് മാറ്റിവയ്ക്കത്തക സമയം ഇനി അവശേഷിക്കുന്നില്ലെന്നും ഗവേഷകര്‍ ഓര്‍മപ്പെടുത്തുന്നു. 

സാധാരണ നിലയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ മാത്രം പരിഗണിച്ചുകൊണ്ടുള്ള പഠനമാണ് ഇപ്പോള്‍ നടത്തിയിട്ടുള്ളതെന്ന് അവര്‍ പറഞ്ഞു. സുനാമി പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ സംഭവിക്കാനിടയായാല്‍ അത് അമിത സമ്മര്‍ദ്ദമുണ്ടാക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഇത് പഠനത്തില്‍ കണ്ടെത്തിയതിലും വേഗത്തില്‍ അപകടമെത്താന്‍ കാരണമാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 

2033ഓടെ 1,100ലധികം ഇന്റര്‍നെറ്റ് കേന്ദ്രങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട അവസ്ഥയിലായിരിക്കുമെന്നാണ് കണ്ടെത്തല്‍. അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയും മിയാമിയുമാണ് കൂടുതല്‍ ഭീഷണി നേരിടുന്ന നഗരങ്ങളെങ്കിലും ഇതിന്റെ അനന്തരഫലം ആഗോള തലത്തിലെ ആശയവിനിമയത്തെ പ്രതിസന്ധിയിലാക്കും. 

1980കളില്‍ ഇന്റര്‍നെറ്റ് അതിവേഗം വ്യാപിച്ചതാണ് ഇപ്പോഴത്തെ ഈ സാഹചര്യത്തിന്റെ പ്രധാന കാരണമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഫിസിക്കല്‍ ഇന്റര്‍നെറ്റ് വിദഗ്ധര്‍ പറഞ്ഞു. അന്ന് ഗ്ലോബല്‍ ഗ്രിഡ് ആശയം ആവിഷ്‌കരിക്കുമ്പോള്‍ ആവശ്യമായ ആസൂത്രണങ്ങളൊന്നും നടത്തിയിരുന്നില്ലെന്നും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് ആലോചിക്കാതെയാണ് കാര്യങ്ങള്‍ നീക്കിയതെന്നും അവര്‍ കുറ്റപ്പെടുത്തി.

'ഇന്റര്‍നെറ്റിന് വാണിജ്യ മുഖം കൈവന്നതുമുതല്‍ ഇതുപയോഗിച്ച് എങ്ങനെ പണം നേടാം എന്ന ഗവേഷണത്തിലായിരുന്നു എല്ലാവരും. കമ്പനികള്‍ തങ്ങള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ വിന്യസിപ്പിക്കാന്‍ തിടുക്കംകൊള്ളുകയായിരുന്നു. തങ്ങള്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ നയങ്ങള്‍ രൂപപ്പെടുത്തി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തുതീര്‍ക്കുകയായിരുന്നു എല്ലാവരും', ഗവേഷകര്‍ പറഞ്ഞു.

സാങ്കേതികവിദ്യ വികസിക്കുന്നതല്ലാതെ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ചതില്‍ മാറ്റമൊന്നും ഉണ്ടായില്ലെന്നും കാര്യങ്ങള്‍ കൂടുതല്‍ ദിഷ്‌കരമാകുകയായിരുന്നെന്നും ഗവേഷകര്‍ പറയുന്നു. കേബിളുകള്‍ വെള്ളത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണെങ്കിലും ഇവ വാട്ടര്‍ പ്രൂഫ് അല്ല. കേബിളുകളുടെ സുരക്ഷാട്യൂബ് ഇപ്പോള്‍ സമുദ്രനിരപ്പിനോട് ചേര്‍ന്നാണ് കിടക്കുന്നത്. വെള്ളത്തിന്റെ അളവില്‍ ഒരു നേരിയ വര്‍ദ്ധനവ് ഉണ്ടായാല്‍ തന്നെ ഇവ വെള്ളത്തിനടിയിലാകുമെന്ന് പഠനത്തില്‍ പറയുന്നു. 

കടല്‍ഭിത്തി നിര്‍മാണം പോലെയുള്ള മാര്‍ഗ്ഗങ്ങള്‍ നിലവിലെ പ്രതിസന്ധിക്ക് മാറ്റമുണ്ടാക്കില്ലെന്നും തീരദേശ സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും ഗവേഷകര്‍ പറയുന്നു. ഇതുവഴി കുറച്ചു നാളത്തേക്ക് പരിഹാരമാകുമെങ്കിലും ദീര്‍ഘനാള്‍ പ്രയോജനകരമാകുന്ന മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടികാട്ടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com