ആപ്പിളും തക്കാളിയുമാണെന്ന് കരുതണ്ട, ഇത് അതല്ല; ഇന്‍സ്റ്റഗ്രാമിലും പാരീസിലും താരമാണ് ഈ ഫ്രഞ്ച് ഷെഫ് 

റുബിക്‌സ് ക്യൂബ് മുതല്‍ ഫ്രാന്‍സിന്റെ ലോകകപ്പ് ആഘോഷം വരെ സെഡ്രിക് ഗ്രോലെറ്റ് കേക്കുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്
ആപ്പിളും തക്കാളിയുമാണെന്ന് കരുതണ്ട, ഇത് അതല്ല; ഇന്‍സ്റ്റഗ്രാമിലും പാരീസിലും താരമാണ് ഈ ഫ്രഞ്ച് ഷെഫ് 

സെഡ്രിക് ഗ്രോലെറ്റ് എന്ന ഫ്രഞ്ച് ഷെഫാണ് ഇന്‍സ്റ്റഗ്രാമിലെ പുതിയ താരം. യഥാര്‍ത്ഥ പഴങ്ങളെന്ന് തോന്നിക്കുന്ന തരത്തില്‍ ഇദ്ദേഹം തയ്യാറാക്കി പങ്കുവയ്ക്കുന്ന കേക്കുകളുടെ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും ലക്ഷകണക്കിന് ആളുകളാണ് ആരാധകര്‍. ആപ്പിളും നാരങ്ങയും ഓറഞ്ചും മുതല്‍ തക്കാളിവരെയുണ്ട് ഈ കൂട്ടത്തില്‍. 

പാരീസിലെ സെഡ്രിക്കിന്റെ റെസ്റ്റോറന്റില്‍ എത്തുന്നവര്‍ ഒരു സെലിബ്രിറ്റിയോടെന്നപോലെയാണ് ഇദ്ദേഹത്തോട് പെരുമാറുന്നത്. ഒപ്പം നിന്ന് ചിത്രമെടുത്തും ഓട്ടോഗ്രാഫ് വാങ്ങിയൊക്കെയുമാണ് ആരാധകരുടെ സ്‌നേഹപ്രകടനം. സെഡ്രിക് തയ്യാറാക്കി വയ്ക്കുന്ന കേക്കുകള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ചില്ലുകൂടിനുള്ളില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്. മാസങ്ങള്‍ക്കുമുന്നേ തുടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കേക്കുകള്‍ക്കായുള്ള ഓര്‍ഡര്‍. 

ഭക്ഷണവിഭവങ്ങള്‍ മാത്രമല്ല കേക്കിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നത് റുബിക്‌സ് ക്യൂബ് മുതല്‍ ഫ്രാന്‍സിന്റെ ലോകകപ്പ് ആഘോഷം വരെ ഇദ്ദേഹം കേക്കുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. 

13-ാം വയസില്‍ വീടിനടുത്തുള്ള ഒരു കര്‍ഷകന്‍ നല്‍കിയ കുറച്ച് സ്‌ട്രോബറി ഉപയോഗിച്ച് മുത്തച്ഛനായാണ് സെഡ്രിക് ആദ്യമായി ഒരു മധുരവിഭവം തയ്യാറാക്കിയത്. പഠനം മതിയാക്കി കേക്ക് നിര്‍മാണം വശത്താക്കാന്‍ നന്നേ ചെറുപ്പത്തില്‍ തന്നെ സെഡ്രിക് ഇറങ്ങിതിരിച്ചു. 20-ാം വയസിനു മുമ്പേ പാചകവുമായി ബന്ധപ്പെട്ട പല മത്സരങ്ങളും വിജയിച്ചു. പിന്നീട് പാരീസിലെ മികച്ച റെസ്റ്റോറന്റുകളില്‍ സേവനം ചെയ്തു. 

ഫ്രാന്‍സില്‍ ഏറ്റവും മികച്ച പേസ്ട്രി ഉണ്ടാക്കുന്ന വ്യക്തിയായി വരെ സെഡ്രിക് തിരഞ്ഞെടുക്കപ്പെട്ടു. തുടക്കസമയത്ത് പേസ്ട്രികളുടെ രൂപഭംഗിയിലാണ് കൂടുതല്‍ ശ്രദ്ധിച്ചിരുന്നതെങ്കില്‍ പിന്നീട് രൂപത്തോടൊപ്പം രുചിക്കും തുല്യ പ്രാധാന്യം നല്‍കിയാണ് വിഭവങ്ങള്‍ തയ്യാറാക്കിയത്. 

പഴങ്ങള്‍ പോലെയുള്ള പേസ്ട്രികള്‍ ഉണ്ടാക്കുമ്പോള്‍ യഥാര്‍ത്ഥ പഴത്തിന്റെ രുചി നിലനിര്‍ത്താനാണ് താന്‍ എപ്പോഴും ശ്രമിക്കുകയെന്ന് സെഡ്രിക് പല തവണ പറഞ്ഞിട്ടുണ്ട്. കേക്ക് ഉണ്ടാക്കാനുള്ള രൂപത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ അതിന്റെ ചിത്രം ആദ്യം വരയ്ക്കും. പിന്നീടാണ് ആ മാതൃകയില്‍ കേക്കുകള്‍ നിര്‍മിക്കുന്നത്. യാത്രയ്ക്കിടയിലാണ് പലപ്പോഴും ഇത്തരം വരകള്‍ നടക്കാറുള്ളതെന്ന് സെഡ്രിക് പറയുന്നു. താന്‍ കഴിക്കണമെന്ന് ആഗ്രഹിക്കുന്ന സാധനങ്ങളുടെയെല്ലാം ചിത്രങ്ങള്‍ ഇത്തരത്തില്‍ രൂപപ്പെടാറുണ്ടെന്നും ഇത് പിന്നീട് കേക്കുകളാക്കുകയാണ് താന്‍ ചെയ്യുകയെന്നും അദ്ദേഹം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com