നിങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ് ഇവര്‍; നായസ്‌നേഹം മനസിലാക്കാന്‍ കൂടുതല്‍ തെളിവുകള്‍

കൊടുക്കുന്നതിന്റെ ഇരട്ടിസ്‌നേഹം തിരുച്ചുനല്‍കുന്നവരാണ് നായ്ക്കള്‍ എന്നുതെളിയിക്കുന്ന പുതിയൊരു പഠനം കൂടെ പുറത്തുവന്നിരിക്കുകയാണ്
നിങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ് ഇവര്‍; നായസ്‌നേഹം മനസിലാക്കാന്‍ കൂടുതല്‍ തെളിവുകള്‍

നുഷ്യന്റെ ഏറ്റവും നല്ല സുഹൃത്ത് എന്ന വിശേഷണമാണ് നായ്ക്കള്‍ക്ക് പതിവായി നല്‍കിവരുന്നത്. അല്‍പം പേടിയുള്ളവര്‍ പോലും നായ്ക്കളോട് അടുപ്പംകൂടാന്‍ ശ്രമിക്കുന്നത് ഇക്കാരണംകൊണ്ടൊക്കെതന്നെ. കൊടുക്കുന്നതിന്റെ ഇരട്ടിസ്‌നേഹം തിരുച്ചുനല്‍കുന്നവരാണ് നായ്ക്കള്‍ എന്നുതെളിയിക്കുന്ന പുതിയൊരു പഠനം കൂടെ പുറത്തുവന്നിരിക്കുകയാണ്. 

ഉടമസ്ഥന്‍ അപകടത്തിലാണെങ്കില്‍ അത് ശബ്ദത്തില്‍ നിന്നുപോലും തിരിച്ചറിഞ്ഞ് അവരെ രക്ഷിക്കാന്‍ നായ്ക്കള്‍ പാഞ്ഞെത്തുമെന്നാണ് പഠനം തെളിയിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ യജമാനനരികില്‍ എത്തിപെടാന്‍ സാധിച്ചില്ലെങ്കില്‍ നായ്ക്കള്‍ വളരെയധികം ദുഃഖിതരായി കാണപ്പെടുമെന്നും പഠനം പറയുന്നു. ഉടമയെ അത്രയധികം സ്‌നേഹിക്കുന്നതിന്റെ തെളിവാണ് അവയുടെ ഈ പ്രവൃത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്. 

പല പ്രായത്തില്‍ പെട്ട വ്യത്യസ്ത പരിശീലനം സിദ്ധിച്ച പല ബ്രീഡിലുള്ള നായ്ക്കളെയും അവരുടെ ഉടമകളെയുമാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. നായയെയും യജമാനനെയും വ്യത്യസ്ത മുറികളില്‍ ആക്കിയശേഷം 15 സെക്കന്‍ഡ് ഇടവിട്ട് സഹായ അഭ്യര്‍ത്ഥിച്ച് നിലവിളിക്കുന്നതുപോലെ അഭിനയിക്കാന്‍ ഉടമകളോട് പറയുകയായിരുന്നു. പകുതി പേരോട് പരിഭ്രാന്തരായി നിലവിളിക്കാനും ബാക്കിയുള്ളവരോട് സാധാരണനിലയില്‍ എന്ന പോലെ ശബ്ദമുണ്ടാക്കാനുമാണ് ആവശ്യപ്പെട്ടത്. 

ഇങ്ങനെ നടത്തിയ പഠനത്തില്‍ നിലവിളിച്ച് സഹായം തേടുന്ന ഉടമയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ നായകള്‍ പാഞ്ഞെത്തുന്നതാണ് ഗവേഷകര്‍ കണ്ടത്. യജമാനന്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ തീവൃത അവരുടെ ശബ്ദത്തില്‍ നിന്ന് നായ്ക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്നാണ് അവര്‍ കണ്ടെത്തിയത്. നിലവിളിക്കുന്ന യജമാനന്‍മാര്‍ക്കരികിലേക്ക് 23സെക്കന്‍ഡുകള്‍ക്കുള്ളില്‍ പാഞ്ഞെത്തുകയായിരുന്നു നായ്ക്കള്‍. അതേസമയം ബാക്കിയുള്ളവര്‍ സാധാരണഗതിയില്‍ ഉണ്ടാക്കിയ ശബ്ദം കേട്ട് അവര്‍ക്കരികിലെത്താല്‍ നായ്ക്കള്‍ 96സെക്കന്‍ഡുകളോളം എടുത്തിരുന്നു.

രണ്ട് മുറികളിലായി പൂട്ടിയിട്ടിരുന്നതിനാല്‍ തന്നെ നായ്ക്കള്‍ക്ക് ഇവയ്ക്കിടയിലെ വാതില്‍ കടക്കുക ശ്രമകരമായിരുന്നു. ഈ സമയം നിലവിളിക്കുന്ന യജമാനന്റെ ശബ്ദം ഇവരെ കൂടുതല്‍ പരിഭ്രാന്തരാക്കിയിരുന്നെന്ന് ഗവേഷകര്‍ കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com