ജീവന്‍ തിരിച്ചു കിട്ടുമെന്നോര്‍ത്ത്  അനക്കം നിലച്ച കുഞ്ഞുമായി അമ്മ ഡോള്‍ഫിന്‍ നീന്തിയത് ദിവസങ്ങള്‍

ജീവന്‍ വയ്ക്കുമെന്നുള്ള പ്രതീക്ഷയില്‍ മൂന്ന് ദിവസം 400 പൗണ്ട് ഭാരമുള്ള കുഞ്ഞിന്റെ ശരീരം തലയിലേറ്റി അമ്മഡോള്‍ഫിന്‍ നീന്തിക്കൊണ്ടേയിരുന്നുവെന്നാണ്
ജീവന്‍ തിരിച്ചു കിട്ടുമെന്നോര്‍ത്ത്  അനക്കം നിലച്ച കുഞ്ഞുമായി അമ്മ ഡോള്‍ഫിന്‍ നീന്തിയത് ദിവസങ്ങള്‍

നീണ്ട പതിനേഴ് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ജെ-35 എന്ന ഡോള്‍ഫിന്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. മൂന്ന് വര്‍ഷത്തിനിടയില്‍ വാഷിങ്ടണ്‍ തീരത്ത് ജനിക്കുന്ന ആദ്യ 'ഓര്‍ക്കാ'ക്കുട്ടിയായിരുന്നു അവള്‍. ജനിച്ചയുടനെ കടലില്‍ അമ്മയോടൊപ്പം നീന്തിയെങ്കിലും പെട്ടെന്ന് അമ്മയുടെ മുമ്പില്‍ വച്ച് കുഞ്ഞ് അനക്കം നിലച്ച് നീന്താനാവാതെ ചത്തുപോയി. 

കുഞ്ഞിന്റെ ജീവന്‍ പോയത് കണ്ടെങ്കിലും അമ്മ ഡോള്‍ഫിന്റെ പ്രതീക്ഷ അസ്തമിച്ചിരുന്നില്ല. ജീവനില്ലാത്ത ഡോള്‍ഫിന്‍ കുഞ്ഞിനെ തലയിലേറ്റി മണിക്കൂറുകളാണ് ജെ നീന്തിയതെന്ന് തിമിംഗല നിരീക്ഷകരായ ശാസ്ത്രജ്ഞര്‍ പറയുന്നു.സാന്‍ ജുവാന്‍ ഐലന്റിലെ ശാസ്ത്രസംഘമാണ് ജെ-35 നെയും കുഞ്ഞിനെയും നിരീക്ഷിച്ചിരുന്നത്.  ജീവന്‍ വയ്ക്കുമെന്നുള്ള പ്രതീക്ഷയില്‍ മൂന്ന് ദിവസം 400 പൗണ്ട് ഭാരമുള്ള കുഞ്ഞിന്റെ ശരീരം തലയിലേറ്റി അമ്മഡോള്‍ഫിന്‍ നീന്തിക്കൊണ്ടേയിരുന്നുവെന്നാണ് ഇവര്‍ കണ്ടെത്തിയത്.

മനുഷ്യന്റെ മൂന്നിരട്ടി നീളമുള്ള ഓര്‍ക്ക ഡോള്‍ഫിനുകള്‍ കൊലയാളിത്തിമിംഗലമെന്നാണ് അറിയപ്പെടുന്നത്. പക്ഷേ തിമിംഗലമെന്നത് വലിപ്പം കൊണ്ട് മാത്രം കിട്ടിയ പേരാണ്. 2600 മുതല്‍9000 കിലോഗ്രാം വരെയാണ് പൂര്‍ണ വളര്‍ച്ചയെത്തിയ ഓര്‍ക്ക ഡോള്‍ഫിനുകളുടെ ഭാരം. മനുഷ്യന്‍ പ്രകടിപ്പിക്കുന്നതിന് സമാനമായ സങ്കടമാണ് ഓര്‍ക്കകളും കാണിക്കുന്നതെന്ന് സംഘം പറയുന്നു. ചിമ്പാന്‍സികളാണ് ഇതിന് സമാനമായി സങ്കടം പ്രകടിപ്പിക്കുന്ന മറ്റൊരു ജന്തുവര്‍ഗ്ഗം.

വേട്ടയാടലും കാലാവസ്ഥാ വ്യതിയാനവും കാരണം 98 ല്‍ നിന്നും 76 ലേക്ക് ഓര്‍ക്കകളുടെ എണ്ണം ചുരുങ്ങിയിട്ടുണ്ട്. വംശനാശ ഭീഷണിയിലായ ഓര്‍ക്കള്‍ക്ക് ജനിച്ച കുഞ്ഞുങ്ങളില്‍ 75 ശതമാനവും ചത്തുപോവുകയായിരുന്നു.  അമ്മഡോള്‍ഫിന് മതിയായ പോഷകാഹാരം ലഭിക്കാതിരുന്നതിനാലാവും കുഞ്ഞ് മരിച്ചുപോയതെന്ന നിഗമനത്തിലാണ് ശാസ്ത്രസംഘം ഇപ്പോള്‍. കപ്പലുകളുടെ സഞ്ചാരവും കടലില്‍ നിന്നുള്ള ആഹാരത്തിന്റെ അപര്യാപ്തതയുമാണ് ഓര്‍ക്കകളില്‍ അനാരോഗ്യം ഉണ്ടാക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com