ഓഫീസില്‍ ഇരുന്ന് ഉറങ്ങാറുണ്ടോ? ദിവസം മുഴുവന്‍ ഉണര്‍ന്നിരിക്കാന്‍ ചില പൊടിക്കൈകള്‍ 

രാത്രിയില്‍ ശരിയായി ഉറക്കം ലഭിക്കാത്തവര്‍ക്കും താമസിച്ച് ഉറങ്ങുന്നവര്‍ക്കും പകല്‍ സമയം ഉറക്കക്ഷീണം ഉണ്ടാകുക സ്വാഭാവികമാണ്
ഓഫീസില്‍ ഇരുന്ന് ഉറങ്ങാറുണ്ടോ? ദിവസം മുഴുവന്‍ ഉണര്‍ന്നിരിക്കാന്‍ ചില പൊടിക്കൈകള്‍ 

മേലധികാരിയുടെ മുന്നില്‍ ഉറക്കംതൂങ്ങിയതിന് അപമാനിക്കപ്പെട്ടവരും ഉറക്കക്ഷീണം അകറ്റാന്‍ കാപ്പിയില്‍ അഭയം കണ്ടെത്തിയവരുമാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ അടിക്കടി നേരിടേണ്ടി വരുന്നത് ഒരാളുടെ ആത്മവിശ്വാസത്തെ തന്നെ കെടുത്തുന്നതിന് ഇടയാക്കും. രാവും പകലും സ്വയം വേര്‍തിരിച്ചറിയത്തക്ക രീതിയിലാണ് മനുഷ്യശരീരം രൂപീകൃതമായിട്ടുള്ളത്. അതുകൊണ്ടുതന്നെ രാത്രിയില്‍ ശരിയായി ഉറക്കം ലഭിക്കാത്തവര്‍ക്കും താമസിച്ച് ഉറങ്ങുന്നവര്‍ക്കും പകല്‍ സമയം ഉറക്കക്ഷീണം ഉണ്ടാകുക സ്വാഭാവികമാണ്. ഇത് ശരീരത്തിന്റെ ഊര്‍ജ്ജം കുറയാനും ഭാവിയില്‍ ഗുരുതരമായ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനും ഇടയാക്കുമെന്ന് ഡോ ഹരീഷ് ടോളിയ പറയുന്നു. 

പകല്‍ സമയങ്ങളില്‍ ഉറക്കക്ഷീണം അകറ്റാനുള്ള പ്രതിവിധി രാത്രി ശരിയായ ഉറക്കം നേടുക എന്നതു മാത്രമാണ്. ഏഴ് മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറക്കം വേണ്ടവരാണ് ഭൂരിഭാഗം മനുഷ്യരും. ഉറക്കം ശരിയാകാനായി മൊബൈല്‍ ലാപ്‌ടോപ് തുടങ്ങിയവ ഉറങ്ങുന്നതിനു അല്‍പസമയം മുമ്പുതന്നെ മാറ്റിവയ്ക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സമൂഹമധ്യമങ്ങളുടെ ഉപയോഗം അമിതമാകുന്നത് ഉറക്കം ഇല്ലാതാക്കാന്‍ കാരണമാകുമെന്ന് മുമ്പുള്ള പഠനങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള വസ്തുതയാണ്. 

ഉറക്കത്തിന് മുമ്പായി അമിതമായി ശാരീരികാധ്വാനം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു. എല്ലാ ദിവസവും ഒരേ സമയം ഉറക്കത്തിനായി ക്രമീകരിക്കണമെന്നും ഇത് ജീവിതചര്യയുടെ ഭാഗമാക്കി മാറ്റണമെന്നുമാണ് വിദഗ്‌ധോപദേശം. ഉറക്കകുറവ് അനുഭവിക്കുന്നവര്‍ക്ക് ഏറ്റവും ഫലപ്രദമായി അതിനെ മറികടക്കാന്‍ കഴിയുക സ്ഥിരമായ ഉറക്കസമയം ക്രമീകരിച്ചുകൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉറങ്ങുന്നതിനു മുമ്പായി സംഗീതം ആസ്വദിക്കുന്നതും ഉറക്കത്തിന് രണ്ട് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുന്നതുമെല്ലാം നല്ല ഉറക്കത്തെ സഹായിക്കുന്ന ഘടകങ്ങളാണെന്ന് പഠനങ്ങള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com