വളര്‍ത്തുമൃഗത്തെ ദത്തെടുക്കാന്‍ പദ്ധതിയുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയുക

അരുമമൃഗത്തെ ദത്തെടുക്കാന്‍ ഒരുങ്ങുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക
വളര്‍ത്തുമൃഗത്തെ ദത്തെടുക്കാന്‍ പദ്ധതിയുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയുക

നായ്ക്കുട്ടികളെയും പൂച്ചകളെയും ദത്തെടുക്കാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. എന്നാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ എളുപ്പമാകണമെന്നില്ല കാര്യങ്ങള്‍. അരുമമൃഗത്തെ ദത്തെടുക്കാന്‍ ഒരുങ്ങുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക.

  • വളര്‍ത്തുമൃഗത്തെ ശരിയായ രീതിയില്‍ പരിചരിക്കാന്‍ വേണ്ട ആരോഗ്യവും സമയവും കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്ന് സ്വയം ചോദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതില്‍ നേരിയ സംശയമെങ്കിലും തോന്നിയാല്‍ ഇത്തരത്തിലൊരു ഉദ്യമത്തിന് ഒരുങ്ങരുത്.
  • വളര്‍ത്തുമൃഗങ്ങളെകുറിച്ചുള്ള നിങ്ങളുടെ കുടുംബാംഗങ്ങളുടെ കാഴ്ചപാടും മനസിലാക്കണം. വീട്ടിലുള്ള എല്ലാവരും നിങ്ങളുടെ ഈ തീരുമാനത്തെ അനുകൂലിക്കുന്നവരാണെന്ന് ഉറപ്പുവരുത്തണം. 
  • എല്ലാ സാധ്യതകളും പരിഗണിക്കുക. നായ്ക്കുട്ടികളെയും പൂച്ചക്കുഞ്ഞുങ്ങളെയും മാത്രമല്ല, മുതിര്‍ന്ന നായകളെയും പൂച്ചകളെയും നിങ്ങള്‍ക്ക് ദത്തെടുക്കാം. അവയ്ക്കും ചിലപ്പോള്‍ ഒരു വീട് ആവശ്യമായി വരാറുണ്ട്.
  • പൂച്ചകള്‍ക്കും ചെറിയ നായ്ക്കള്‍ക്കും കുറഞ്ഞ സൗകര്യങ്ങളിലും അഡ്ജസ്റ്റ് ചെയ്യാനാകുമെങ്കിലും വലിയ നായ്ക്കളുടെയും മറ്റും കാര്യം ഇങ്ങനെയല്ല. ഇവയ്ക്ക് കൂടുതല്‍ സ്ഥലസൗകര്യങ്ങള്‍ ആവശ്യമായിവരും. ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിക്കാനാകുമോ എന്ന് ഉറപ്പാക്കണം. 
  • വളര്‍ത്തുമൃഗങ്ങള്‍ ജീവിതരീതിയില്‍ കൊണ്ടുവരുന്ന മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ നിങ്ങള്‍ക്ക് കഴിയുമോ എന്നും വിശകലനം നടത്തണം. അവയ്ക്കായി രാവിലെ പതിവിലും നേരത്തെ എഴുനേല്‍ക്കണം എന്നതുമുതല്‍ അവയ്‌ക്കൊപ്പം നടക്കാന്‍ പോകണം എന്നതുവരെ നീളും നിങ്ങള്‍ വരുത്തേണ്ട മാറ്റങ്ങളുടെ പട്ടിക. 
  • നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ബാക്കിയൊക്കെ പോരെ അവയ്ക്കും എന്നാണ് നിങ്ങളുടെ ചിന്ത എങ്കില്‍ തെറ്റി. കാരണം വളര്‍ത്തുമൃഗങ്ങളെ ശരിയായി പരിപാലിക്കണമെങ്കില്‍ അവയുടെ ആഹാരക്രമവും കൃത്യമായി പാലിച്ചുവരണം. ഇതിനായുള്ള സാമ്പത്തികശേഷി ഉണ്ടോ എന്ന് സ്വയം പരിശോധിച്ചിട്ടുമതി വളര്‍ത്തുമൃഗത്തെ സ്വന്തമാക്കാനുള്ള നീക്കം. 
  • വളര്‍ത്തുമൃഗങ്ങളുടെ ട്രെയിനിംഗ് കാര്യങ്ങളും കൃത്യമായി ഉറപ്പുവരുത്താന്‍ നിങ്ങളുടെ ശ്രദ്ധ ആവശ്യമായി വരും. ഒരു ട്രെയ്‌നറെ ഇതിനായി നിയമിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ഉടമസ്ഥനും ട്രെയിനിംഗ് സെഷനുകളില്‍ ഇടപെടേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകും. ഇത്തരം ആവശ്യങ്ങള്‍ക്കായി സമയം കണ്ടെത്താനാകുമോ? 
  • വളര്‍ത്തുമൃഗങ്ങള്‍ക്ക് യോജിച്ച ആഭരണങ്ങളും കളികോപ്പുകളും വാങ്ങി നല്‍കുന്ന ഉടമസ്ഥരെ വളരെ ലളിതമായി കണ്ട് അവഗണിക്കരുത്, കാരണം ശരിയായ പരിപാലനത്തില്‍ ഇത്തരം കാര്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇവയെല്ലാം മൃഗങ്ങളുടെ വളര്‍ച്ചയെയും സ്വഭാവത്തെയും ഉടമസ്ഥരോടുള്ള പെരുമാറ്റത്തെയും ബാധിക്കുന്ന ഘടകങ്ങളാണ്. 
  • വളര്‍ത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള കുറിച്ചും അവയുടെ ഭക്ഷണം മരുത്ത് തുടങ്ങിയവയെകുറിച്ചും സ്ഥിരമായി അപ്‌ഡേറ്റഡായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങളും മറ്റും വായിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കാനും നിങ്ങള്‍ നിര്‍ബന്ധിതരാകും.
     

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com