കേരള പൊലീസ് വായിച്ചറിയുക; കേസ് തെളിയിക്കാന്‍ ഇടിച്ചു മുഖം ചളുക്കണ്ട, ഒരു ഊന്നുവടി കിട്ടിയാലും മതി

ഒരു പരാതി പരിഹരിക്കാന്‍ മൂന്നാം മുറ വേണ്ട, ഊന്നുവടിയായാലും മതിയെന്നാണ് രേഖ വെള്ളത്തൂവല്‍ തെളിയിക്കുന്നത്
കേരള പൊലീസ് വായിച്ചറിയുക; കേസ് തെളിയിക്കാന്‍ ഇടിച്ചു മുഖം ചളുക്കണ്ട, ഒരു ഊന്നുവടി കിട്ടിയാലും മതി

പൊലീസ് അനാസ്ഥടെയും അതിക്രമങ്ങളുടെയും കഥകള്‍ കൊണ്ട് മാധ്യമങ്ങള്‍ നിറയുന്ന കാലത്ത് മസില്‍ പവറുകൊണ്ടുമാത്രമല്ല പരിഹാരമുണ്ടാക്കേണ്ടതെന്ന് പറയുകയായണ് പഴയൊരു പൊലീസുകാരന്‍ കൂടിയായ രേഖ വെള്ളത്തൂവല്‍. മെലിഞ്ഞ് ഒട്ടിയ ശരീരവും മുഷിഞ്ഞ വേഷവുമായി തന്റെ മുന്‍പിലെത്തിയ അമ്മയുടെ കഥയാണ് സംവിധായകനും കഥാകൃത്തുമായ രേഖ വെള്ളത്തൂവല്‍ പങ്കുവെക്കുന്നത്. ഒരു പരാതി പരിഹരിക്കാന്‍ മൂന്നാം മുറ വേണ്ട, ഊന്നുവടിയായാലും മതിയെന്നാണ് രേഖ വെള്ളത്തൂവല്‍ തെളിയിക്കുന്നത്.

രേഖ വെള്ളത്തൂവല്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആ വല്യമ്മയ്ക്ക് ഏതാണ്ട് എഴുപത്തഞ്ച് വയസ്സ് പ്രായം വരും. ഉച്ച ഊണിന് പോകാന്‍ ഇറങ്ങുമ്പോഴാണ് അവര്‍ ക്യാബിനിലേക്ക് കയറി വന്നത്. മെലിഞ്ഞ് ഒട്ടിയ ശരീരവും മുഷിഞ്ഞ് മോശമായ വേഷവും.മുഖത്ത് ദൈന്യത, ഭയം. ഊണു വടിയായി കുത്തിപ്പിടിച്ചത് ചെറുവിരല്‍ വണ്ണമുള്ള തുരുമ്പിച്ച വാര്‍ക്ക കമ്പിയും. ഒറ്റക്കാഴ്ചയില്‍ തന്നെ വീടിന്റെ സാഹചര്യം വ്യക്തമായി.വലതു കയ്യില്‍ നീട്ടിപ്പിടിച്ച പരാതി വാങ്ങി അതില്‍ കണ്ണോടിച്ചപ്പോള്‍ കാര്യങ്ങള്‍ കുറെക്കൂടി വ്യക്തം. മകന്‍ മദ്യപിച്ചെത്തി ദിവസവും മര്‍ദ്ദിക്കുന്നു. ചീത്ത വിളിക്കുന്നു. രാത്രി വീടിന് പുറത്തിറക്കി വിടുന്നു. അവന്റെ ഭാര്യ തടഞ്ഞാല്‍ അവളെയും തല്ലും. വീട് മകന്റെ പേരില്‍ എഴുതി കൊടുക്കണം. നൊന്തു പെറ്റ അമ്മയ്ക്ക് അന്തിയുറങ്ങാന്‍ ഇടമില്ലാത്ത അവസ്ഥ. വല്യമ്മയോട് കസേരയില്‍ ഇരിക്കാന്‍ പറഞ്ഞ ശേഷം എന്റെ ഡ്രൈവറെ വിളിച്ചു. കുറച്ചു രൂപ കൊടുത്തിട്ട് തൊട്ടടുത്തുള്ള കടയില്‍ നിന്നും ചൂരലിന്റെ നല്ലൊരു ഊന്നുവടി വാങ്ങി വരാന്‍ പറഞ്ഞു. ഡ്രൈവര്‍ ഉടനെ തന്നെ നന്നായി ഡിസൈന്‍ ചെയ്ത ഒരു ഊന്നുവടി വാങ്ങി വന്നു. വല്യമ്മയുടെ കയ്യിലിരുന്ന കമ്പി മാറ്റിയിട്ട് പകരം പുതിയ ഊന്നുവടി നല്‍കി.ആദ്യമൊന്ന് മടിച്ചെങ്കിലും നിറകണ്ണുകളോടെ അതു വാങ്ങി. 'ഇന്നു തന്നെ മകനെ വിളിപ്പിക്കാം. വല്യമ്മ ധൈര്യമായി പൊയ്‌ക്കൊ. അവന്റെ കാര്യം ഞാനേറ്റു.'വല്യമ്മ കണ്ണു തുടച്ചു കൊണ്ട് ആശ്വാസത്തോടെ ഇറങ്ങി പോയി. പരാതി ഉടനെ തന്നെ അന്വേഷിക്കാന്‍ പോലീസ്‌കാരനെ ഏല്പിച്ചെങ്കിലും സ്‌റ്റേഷനിലെ പലവിധ തിരക്കിനിടയില്‍ സത്യത്തില്‍ ഞാനതങ്ങു മറന്നു.രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം ചെറിയ തല്ലും വഴക്കുകളുമുള്ള ഒരു കോളനി ഭാഗത്തു കൂടി ജീപ്പില്‍ സഞ്ചരിക്കുമ്പോള്‍ വല്യമ്മയുടെ കാര്യം ഓര്‍മ്മ വന്നു. ജീപ്പ് നിര്‍ത്തി അന്വേഷിപ്പിച്ചു.പോലീസുകാര്‍ പോയി വല്യമ്മയെ കൂട്ടി വന്നു. വല്യമ്മ ആകെ മാറിയിരിക്കുന്നു. നല്ല വേഷം. മുഖത്ത് തെളിഞ്ഞ ചിരി. ഞാന്‍ കുറച്ച് ഉറക്കെ ചോദിച്ചു  'അവനെവിടെ?' '' മോനെക്കൊണ്ടിപ്പൊ ഒരു കുഴപ്പോല്ല സാറെ... 'വല്ലുമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു.
'സാറ് കൊടുത്ത വടി കണ്ടതെ അവന് കാര്യം പിടികിട്ടി. ആളിപ്പൊ നല്ല പയ്യനായി 'അതു പറഞ്ഞത് അവിടെ കൂടിയ കോളനി നിവാസികളായിരുന്നു. ഉള്ളില്‍ ചിരി വന്നെങ്കിലും ഗാരവം വിടാതെ ഉറക്കെ പറഞ്ഞു  ' ങ്ഹും..ങ്ഹും... അവനെ ഞാന്‍ സ്‌റ്റേഷനിലെ ലിസ്റ്റില്‍ കേറ്റിട്ടുണ്ട്. നോക്കട്ടെ.'ജീപ്പ് വിട്ടു പോയപ്പോള്‍ ഉള്ളില്‍ ഒന്നു കൂടി ഉറപ്പിച്ചു  കേസ്സുകള്‍ മസ്സിലുകൊണ്ടല്ല മനസ്സുകൊണ്ടാണ് അന്വേഷിക്കേണ്ടതെന്ന് .അതിന്റെ ഭാഗമായിട്ടാണ് എന്റെ സീറ്റിനു പിന്നില്‍ കാണുന്ന മനോഹരമായ വലിയ ചിത്രം ഒട്ടിച്ചത്. ഒരു തുറന്ന സ്ഥലത്ത് സ്വകാര്യമായിരുന്ന് S.Iയോട് തന്റെ സങ്കടങ്ങളും ആവലാതികളും പരഗതിയില്ലാത്ത പാവങ്ങള്‍ക്ക് പങ്കുവയ്ക്കുവാന്‍ വേണ്ടി ഒരുക്കിയ മന:ശാസ്ത്ര സമീപനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com