മനസു നന്നാവട്ടെ എന്ന എന്‍എസ്എസ് ഗീതം എഴുതിയതാര്? വെളിപ്പെടുത്തലുമായി അധ്യാപിക 

സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രാര്‍ത്ഥനാഗാനത്തിന്റെ മുന്‍ഗാമിയായി വിശേഷിപ്പിക്കാവുന്ന എന്‍എസ്എസ് ഗീതത്തിന്റെ സൃഷ്ടാവായി തന്റെ പിതാവിന്റെ പേര് അംഗീകരിക്കപ്പെടണമെന്നാണ് ഇന്ദ്രാണി ദേവിയുടെ ആവശ്യം
മനസു നന്നാവട്ടെ എന്ന എന്‍എസ്എസ് ഗീതം എഴുതിയതാര്? വെളിപ്പെടുത്തലുമായി അധ്യാപിക 

കോഴിക്കോട്: മനസു നന്നാവട്ടെ, മതമേതെങ്കിലുമാകട്ടെ... മാനവഹൃത്തില്‍ ചില്ലയിലെല്ലാം.. മലയാളികള്‍ക്കെല്ലാം സുപരിചിതമായ എന്‍എസ്എസിന്റെ ഈ ഔദ്യോഗിക ഗാനം കോളേജുകളില്‍ കേള്‍ക്കുമ്പോള്‍ ഇന്ദ്രാണിദേവി ടീച്ചറുടെ ഹൃദയം അഭിമാനം കൊണ്ട് നിറയും. ഇന്ദ്രാണി ദേവിയുടെ അച്ഛനായ പരേതനായ വി എ കേശവന്‍ നമ്പൂതിരിയാണ് ഈ ഗാനത്തിന്റെ സൃഷ്ടാവെന്ന് ഏറെപ്പേര്‍ക്കും അറിയില്ല. അതേസമയം, ഈ ഗാനം എഴുതിയത് മറ്റുപലരുമാണെന്ന് കേള്‍ക്കുമ്പോള്‍ ടീച്ചറുടെ കണ്ണു നിറയും. എന്‍എസ്എസ് ഗാനത്തിന്റെ സൃഷ്ടാവ് ആരാണെന്ന വിവരം ഔദ്യോഗിക രേഖകളിലെവിടെയുമില്ല.

സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രാര്‍ത്ഥനാഗാനത്തിന്റെ മുന്‍ഗാമിയായി വിശേഷിപ്പിക്കാവുന്ന എന്‍എസ്എസ് ഗീതത്തിന്റെ സൃഷ്ടാവായി തന്റെ പിതാവിന്റെ പേര് അംഗീകരിക്കപ്പെടണമെന്നാണ് ഇന്ദ്രാണി ദേവിയുടെ ആവശ്യം. ദേവഗിരി സെന്റ് ജോസഫ് കോളേജിലെ അധ്യാപകനായിരുന്ന തന്റെ അച്ഛന്‍ ഈ ഗാനത്തിന്റെ വരികള്‍ പലപ്പോഴും മൂളുന്നത് തന്റെ കുട്ടികാലത്ത് കേള്‍ക്കാറുണ്ടായിരുന്നെന്ന് ഇന്ദ്രാണി പറയുന്നു.

1976ലാണ് ഈ ഗാനം ആദ്യമായി ഓള്‍ ഇന്ത്യ റേഡിയോയുടെ പ്രഭാത ഗീതം പരിപാടിയിലൂടെ പ്രക്ഷേപണം ചെയ്തത്. 'അന്ന് പ്രക്ഷേപണം ചെയ്തപ്പോള്‍ ഈ ഗാനം ആലപിച്ച വ്യക്തിക്ക് മാത്രമാണ് ക്രെഡിറ്റ് നല്‍കിയിരുന്നത്. അതുകൊണ്ട് അച്ഛനാണ് ഈ ഗാനത്തിന്റെ യഥാര്‍ത്ഥ സൃഷ്ടാവെന്ന് തെളിയിക്കാന്‍ ഞങ്ങള്‍ക്കിതുവരെ കഴിഞ്ഞിട്ടില്ല', ഇന്ദ്രാണി പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം പൂമ്പാറ്റകള്‍ എന്ന കുട്ടികള്‍ക്കായുള്ള അച്ഛന്റെ കവിതാ സമാഹാരത്തിന്റെ ഒരു പകര്‍പ്പ കണ്ടെത്തിയപ്പോഴാണ് അതില്‍ ഈ ഈരടികള്‍ അടങ്ങിയിട്ടുള്ളതായി ശ്രദ്ധയില്‍പെട്ടത്. 90കളില്‍ എന്‍എസ്എസ് ഔദ്യോഗിക ഗീതമായി സ്വീകരിക്കുന്നതിനു പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഈ വരികള്‍ നമ്പൂതിരി എഴുതിയിരുന്നതാണെന്ന വാദങ്ങള്‍ക്ക് ബലമേകുന്നതാണ് ഈ കണ്ടെത്തല്‍. 

ഗാനത്തിന്റെ നിലവിലെ പകര്‍പ്പില്‍ പല വാക്കുകളും മാറ്റിയിട്ടുള്ളതായി കാണാമെന്നും ഇന്ദിരാണി പറയുന്നു. ഗാനത്തിന്റെ യഥാര്‍ത്ഥ രചയ്താവിന് അര്‍ഹമായ അംഗീകാരം ലഭിക്കണമെന്ന് പറയുന്നതിനോടൊപ്പം ഗാനത്തിന്റെ യഥാര്‍ത്ഥ പതിപ്പുതന്നെ തുടര്‍ന്നുപോരണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു. 

ഇന്ദ്രാണിയുടെ ഈ വാദങ്ങള്‍ പിന്തുണച്ചുകൊണ്ട് പ്രശസ്ത ചരിത്രകാരന്‍ എംജി ശശിഭൂഷനും രംഗത്തെത്തി. മൂന്ന് ദശകങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ പൂമ്പാറ്റകള്‍ എന്ന കവിതാസമാഹാരത്തിന് ആമുഖം എഴുതിയത് ഇദ്ദേഹമായിരുന്നു. സ്വന്തം കൃതികള്‍ പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കന്ന ഒരു രീതിയല്ല തന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്ന നമ്പൂതിരിയുടേതെന്നും അതിനാല്‍തന്നെ അദ്ദേഹത്തിന്റെ രചനകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോകുകയായിരുന്നെന്നും ശശിഭൂഷന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com