ട്രെയ്‌നിന്റെ മുകളിലേറി മൂന്ന് സംസ്ഥാനങ്ങള്‍ കടന്ന് അവന്‍ കേരളത്തിലെത്തി; സാഹസികനായ ഒരു നായയുടെ യാത്ര

വണ്ടിക്ക് വേഗം കൂടുമ്പോള്‍ ബോഗിക്ക് മുകളില്‍ നില്‍ക്കാനാവാതാവുന്നതോടെ നായ കമ്പാര്‍ട്ടുമെന്റുകള്‍ക്കിടയിലുള്ള വെസ്റ്റിബ്യൂളിന് മുകളില്‍ ഇറങ്ങിക്കിടക്കും
ട്രെയ്‌നിന്റെ മുകളിലേറി മൂന്ന് സംസ്ഥാനങ്ങള്‍ കടന്ന് അവന്‍ കേരളത്തിലെത്തി; സാഹസികനായ ഒരു നായയുടെ യാത്ര

നീണ്ട ഒന്‍പതു മണിക്കൂര്‍, നീണ്ടു കിടക്കുന്ന തീവണ്ടിയുടെ മുകളില്‍ ഒരു രാജാവിനെപ്പോലെ മൂന്ന് സംസ്ഥാനങ്ങള്‍ കടന്ന് അവന്‍ കേരളത്തില്‍ കാലുകുത്തി. ഇന്നലെ ഹൈദരാബാദില്‍ നിന്ന് കേരളത്തിന്റെ മണ്ണിലേക്ക് വന്നിറങ്ങിയ ഒരു നായയുടെ യാത്ര സിനിമയെ വെല്ലുന്നതായിരുന്നു. മണിക്കൂറില്‍ 90 മുതല്‍ 120 കിലോമീറ്റര്‍വരെ വേഗതയില്‍ കുതിച്ചുപായുന്ന ശബരി എക്പ്രസിന് മുകളില്‍ നിന്നുകൊണ്ടാണ് ഒരു തെരുവുനായ സാഹസിക യാത്ര നടത്തിയത്. ഹൈദരാബാദില്‍ നിന്ന് ആരംഭിച്ച യാത്ര പാലക്കാട് ഒലവക്കോട് റെയില്‍വേസ്‌റ്റേഷനിലാണ് അവസാനിച്ചത്. 

ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ശബരി എക്‌സ്പ്രസിന് മുകളില്‍ നിന്ന് യാത്ര ചെയ്യുന്ന പട്ടിയെ ആദ്യം കണ്ടത് തീവണ്ടിയിലെ യാത്രക്കാരായ പള്ളിപ്പുറം സി.ആര്‍.പി.എഫ്. ക്യാമ്പിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എസ്. സൂരജും ബിനേഷുമാണ്. വണ്ടിക്ക് വേഗം കൂടുമ്പോള്‍ ബോഗിക്ക് മുകളില്‍ നില്‍ക്കാനാവാതാവുന്നതോടെ നായ കമ്പാര്‍ട്ടുമെന്റുകള്‍ക്കിടയിലുള്ള വെസ്റ്റിബ്യൂളിന് മുകളില്‍ ഇറങ്ങിക്കിടക്കും. ഈ ബുദ്ധിയാണ് തീവണ്ടിക്കായി ഉപയോഗിക്കുന്ന ഹൈവോള്‍ട്ടേജ് വൈദ്യുതലൈനില്‍നിന്ന് ഷോക്കേല്‍ക്കാതെ പട്ടിയെ രക്ഷിച്ചത്.  തീവണ്ടി ഓരോ സ്‌റ്റേഷനുകളിലും നിര്‍ത്തുമ്പോള്‍ തീവണ്ടിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പട്ടി ഓടും. ഇതോടെ നായ യാത്രകക്കാര്‍ക്കിടയില്‍ താരമായി. 

സംഭവം അറിഞ്ഞ് പട്ടിയെ താഴെയിറക്കാന്‍ ആര്‍പിഎഫുകാര്‍ ശ്രമിച്ചെങ്കിലും അവന്‍ അടുത്തില്ല. അവര്‍ക്ക് നേര ചീറി അടുത്തു. ഇതോടെ കടി പേടിച്ച് ആരും മുകളില്‍ കയറി നായയെ രക്ഷിക്കാന്‍ മെനക്കെട്ടില്ല. അനുനയിപ്പിച്ച് താഴെയിറക്കാന്‍ ബിസ്‌കറ്റും റൊട്ടിയും നല്‍കാന്‍ ശ്രമിച്ചെങ്കിലും അവന്‍ അതിലൊന്നും വീണില്ല. ആര്‍ക്കും പിടികൊടുക്കാതെ ആന്ധ്രയും തെലങ്കാനയും തമിഴ്‌നാടും കടന്ന് കേരളത്തിലെത്തി.

ശനിയാഴ്ച പത്തോടെ ഒലവക്കോട്ട് വണ്ടിയെത്തിയപ്പോഴേക്കും താരം എല്ലാവരുടേയും ഓമനയായി. അപ്പോഴാണ് ഒരു പ്രശ്‌നമുയര്‍ന്നത്. ഇനിയങ്ങോട്ട് 25 കിലോവാള്‍ട്ടിലേറെ ശേഷിയുള്ള വൈദ്യുതലൈനുകളാണ് തീവണ്ടി ഗതാഗതത്തിനുപയോഗിക്കുന്നത്. എങ്ങനെയെങ്കിലും നായയെ താഴെയിറക്കിയില്ലെങ്കില്‍ അപകടം ഉറപ്പ്. മാത്രമല്ല, നായ ലൈനില്‍ കുരുങ്ങാനിടയായാല്‍ വൈദ്യുതി ഷോര്‍ട്ട്‌സര്‍ക്യൂട്ടടക്കമുള്ള അപകടസാധ്യതയുമുണ്ടാവും. തീവണ്ടി ഗതാഗതത്തെയും ഇത് ബാധിക്കും.

സിആര്‍പിഎഫും റെയില്‍വേ പോലീസും അടുക്കാന്‍ മടിച്ചതോടെ യാത്രക്കാരായ സൂരജും സുഹൃത്ത് ബിനേഷും രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി. മുന്നോട്ടെടുക്കാന്‍ തയ്യാറായ വണ്ടിയുടെ വെസ്റ്റിബ്യൂളിന് മുകളില്‍ കടന്നിരുന്ന അതിഥിയെ രണ്ടും കല്പിച്ച് കാലില്‍ പിടിച്ചുവലിച്ച് സൂരജ് താഴെയിറക്കി. ചെറിയ പരിക്കുകളുണ്ടായെങ്കിലും കൂടുതല്‍ പ്രതിഷേധമുയര്‍ത്താതെ സ്‌റ്റേഷനടുത്തുള്ള പൊന്തക്കാട്ടിലേക്ക് വലിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com