70 വര്‍ഷമായി ഭക്ഷണവും വെളളവുമില്ലാതെ യോഗിയുടെ ജീവിതം; ലോകത്തെ അത്ഭുതപ്പെടുത്തി 'ശ്വാസാഹാരി'

70 വര്‍ഷമായി വെള്ളം കുടിക്കാതെയും ആഹാരം കഴിക്കാതെയുമാണ്  ഈ 88കാരന്റെ ജീവിതം
70 വര്‍ഷമായി ഭക്ഷണവും വെളളവുമില്ലാതെ യോഗിയുടെ ജീവിതം; ലോകത്തെ അത്ഭുതപ്പെടുത്തി 'ശ്വാസാഹാരി'

ഗാന്ധിനഗര്‍: വെളളവും ഭക്ഷണവുമില്ലാതെ ജീവിക്കുന്ന കാര്യം ആരും ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കാറില്ല. എന്നാല്‍ 70 വര്‍ഷമായി വെളളം കുടിക്കാതെയും ആഹാരം കഴിക്കാതെയും ഒരാള്‍ സാധാരണ ജീവിതം നയിക്കുന്നുവെന്ന് കേട്ടാലോ.... ഞെട്ടിയില്ലെങ്കിലേ അത്ഭുതമുളളു!.ഗുജറാത്തുകാരനായ പ്രഹ്ലാദ് ജാനിക്ക് ഇതൊന്നും പുത്തരിയല്ല.  70 വര്‍ഷമായി വെള്ളം കുടിക്കാതെയും ആഹാരം കഴിക്കാതെയുമാണ്  ഈ 88കാരന്റെ ജീവിതം.

രാജ്യാന്തര സമൂഹം 'ശ്വാസാഹാരി' എന്നു വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ ഭക്ഷണം വായുവാണ് എന്ന് പറഞ്ഞാലും തെറ്റില്ല.ഗുജറാത്ത് മെഹ്‌സാനയിലെ ചരോഡ് ഗ്രാമക്കാരനായ യോഗിയാണ് ജാനി. ചുവന്ന പട്ടു ധരിക്കുന്ന ജാനിയെ 'മാതാജി' എന്നാണു വിശ്വാസികള്‍ വിളിക്കുന്നത്. ഈ സിദ്ധിയെ കുറിച്ചു കേട്ടെത്തിയ ലോക ശാസ്ത്രജ്ഞര്‍ക്കും ജാനിയുടെ ജീവിതരഹസ്യം കണ്ടെത്താനായില്ല. മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ.അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ളവര്‍ ജാനിയില്‍ പഠനം നടത്തിയിട്ടുണ്ട്. 

ശ്വാസം മാത്രം കഴിച്ച് ഒരാള്‍ക്ക് ഇത്രയും കാലം ജീവിക്കാനാകുമോ എന്ന സംശയത്താല്‍ ഇദ്ദേഹത്തിന്റെ ആശ്രമത്തിലെ ചെടികളെക്കുറിച്ചും പഠനം നടന്നിരുന്നു. പ്രത്യേകതയൊന്നും കണ്ടെത്താനായില്ല. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ, ശരീര ശാസ്ത്രവും അനുബന്ധങ്ങളും നിരീക്ഷിക്കുന്ന ഡിഐപിഎഎസ് എന്നിവര്‍ 2010ല്‍ പ്രഹഌദ് ജാനിയില്‍ വിശദപഠനം നടത്തി. 15 ദിവസത്തേക്കു യോഗിയുടെ മുഴുവന്‍ ജീവിതവും ക്യാമറയില്‍ നിരീക്ഷിച്ചായിരുന്നു പഠനം. പരിത:സ്ഥിതികളോട് പൂര്‍ണമായി ഇണങ്ങിചേരുന്ന അവസ്ഥയിലേക്ക് ജാനി മാറിയെന്നായിരുന്നു പഠനങ്ങളുടെയെല്ലാം ഉപസംഹാരം.


ഇടവിട്ടുള്ള ആരോഗ്യ പരിശോധനയ്ക്കു പുറമേ ബയോകെമിക്കല്‍, റേഡിയോളജിക്കല്‍ പരിശോധനകളും നടത്തി. എംആര്‍ഐ, അള്‍ട്രാസൗണ്ട്, എക്‌സ്‌റേ, സൂര്യന് കീഴെ നിര്‍ത്തുക തുടങ്ങി പല പരീക്ഷണങ്ങളും ചെയ്തു. ഈ ദിവസമത്രയും അദ്ദേഹം അന്നമോ വെള്ളമോ ഭക്ഷിച്ചില്ല. ശ്വാസം മാത്രമാണ് അകത്തേക്കെടുത്തത്. യോഗയിലൂടെയും ധ്യാനത്തിലൂടെയുമാണ് താന്‍ ജീവിക്കാനുള്ള ഊര്‍ജം നേടുന്നതെന്നാണു ജാനി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ സാധാരണക്കാര്‍ വരെ ജാനിയുടെ അനുഗ്രഹം തേടി ആശ്രമത്തില്‍ എത്താറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com