കാര്യമൊക്കെ ശരി, പക്ഷെ എന്തിനാണ് ഇവര്‍ സെക്‌സ് വര്‍ക്ക് ചെയ്യുന്നത്? എന്തിനാ ട്രെയിനില്‍ ഭിക്ഷയെടുക്കുന്നത്? ഉത്തരം ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ തന്നെ പറയും 

ട്രാന്‍സ് മനുഷ്യരെ സാധാരണ വ്യക്തികളായി കണ്ടാലും എന്തിനാണ് ഇവര്‍ സെക്‌സ് വര്‍ക്ക് ചെയ്യുന്നതെന്നും ട്രെയിന്‍ യാത്രയ്ക്കിടെ ശല്യം ചെയ്യാന്‍ വരുന്നതെന്നുമാണ് മിക്കവരുടെയും ചോദ്യം,ഉത്തരം ഒരു ട്രാന്‍സ്‌ജെന
കാര്യമൊക്കെ ശരി, പക്ഷെ എന്തിനാണ് ഇവര്‍ സെക്‌സ് വര്‍ക്ക് ചെയ്യുന്നത്? എന്തിനാ ട്രെയിനില്‍ ഭിക്ഷയെടുക്കുന്നത്? ഉത്തരം ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ തന്നെ പറയും 

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞാലും ഇവരുടെ പ്രശ്‌നങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളാത്തവര്‍ കുറവല്ല. ട്രാന്‍സ് മനുഷ്യരെ സാധാരണ വ്യക്തികളായി കണ്ടാലും എന്തിനാണ് ഇവര്‍ സെക്‌സ് വര്‍ക്ക് ചെയ്യുന്നതെന്നും ട്രെയിന്‍ യാത്രയ്ക്കിടെ ശല്യം ചെയ്യാന്‍ വരുന്നതെന്നുമാണ് മിക്കവരുടെയും ചോദ്യം. ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ട്രാന്‍സ്‌സെക്ഷ്വലായി ജീവിച്ച് അവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് കല്‍ക്കി സുബ്രഹ്മണ്യം. തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു ലൈവ് വീഡിയോയിലൂടെയാണ് കല്‍ക്കി നിരന്തരമായി  കേട്ടുവരുന്ന ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നത്. 

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്തുകൊണ്ട് ലൈംഗിക തൊഴിലാളികള്‍ ആകുന്നു, എന്തുകൊണ്ട് യാചകരായി നിങ്ങള്‍ക്കുമുന്നിലെത്തുന്നു?, കൊളേജില്‍ പഠിക്കുമ്പോഴും പിന്നീട് ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും താന്‍ പരിചയപ്പെട്ട ആളുകള്‍ തന്നോട് ഇതേകുറിച്ച് ചോദിച്ചിട്ടുണ്ടെന്നും ഇതേകുറിച്ച് സംസാരിക്കേണ്ടത് അനിവാര്യമാണെന്ന് താന്‍ കരുതുന്നു എന്നും പറഞ്ഞുകൊണ്ടാണ് കല്‍കി വീഡിയോയില്‍ സംസാരിച്ച് തുടങ്ങുന്നത്. 

മറ്റേതൊരു വിഭാഗം ആളുകളില്‍ നിന്നും വ്യത്യസ്തമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ അവരുടെ യൗവ്വനകാലഘട്ടത്തില്‍ തന്നെ വീടുവിട്ടിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നവരാണ്. വിദ്യ നേടിയെടുക്കാനുള്ള അവസരവും സമൂഹത്തില്‍ മറ്റാരെയുപോലെതന്നെ അന്തസ്സോടെ ജീവിക്കാനുമുള്ള അവസരം അവര്‍ക്ക്  നിഷേധിക്കപ്പെടുകയാണ്. വീട്ടില്‍ നിന്ന പുറത്താക്കപ്പെട്ട് സമൂഹത്തിലേക്ക് ഇറങ്ങിവരുന്ന ഈ വിഭാഗത്തിലെ ആളുകള്‍ അതിരില്ലാത്ത, അവസാനിക്കാത്ത പ്രതിബന്ധങ്ങളെയാണ് പിന്നീട് നേരിടേണ്ടിവരുന്നത്. എവിടെ പോയാലും എന്തുചെയ്താലും അധിക്ഷേപങ്ങളായിരിക്കും അവരെ കാത്തിരിക്കുക. ആ ജീവിതം ജീവിച്ചാല്‍ മാത്രമേ ഈ അവസ്ഥ എന്തെന്ന് നിങ്ങള്‍ക്ക്  മനസിലാകൂ എന്ന് കല്‍കി പറയുന്നു.

ഒന്നിച്ചു ജീവിക്കുന്നത് 'ആര്‍ട്ടിഫിഷ്യല്‍ ഫാമിലി' സൃഷ്ടിച്ചെടുക്കാന്‍

ട്രാന്‍സ്‌ജെന്‍ഡര്‍ ആയിട്ടുള്ള ഭൂരിഭാഗം ആളുകളും ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കിലും ഇത് ഒരിക്കലും സംഭവിക്കുകയില്ലെന്നാണ് കല്‍കിയുടെ വാക്കുകള്‍. വാടകയ്ക്കാണെങ്കില്‍ പോലും അവര്‍ക്ക് താമസിക്കാന്‍ ഒരു വീട് നല്‍കാന്‍ ആരും തയ്യാറാകില്ല. പലപ്പോഴും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ ഒന്നിച്ച് താമസിക്കുന്നത് സുരക്ഷിതത്വം ഉറപ്പാക്കാനും തമ്മില്‍ സ്‌നേഹിച്ചും സംരക്ഷിച്ചും ഒപ്പം നില്‍ക്കുന്ന 'ആര്‍ട്ടിഫിഷ്യല്‍ ഫാമിലി' സൃഷ്ടിച്ചെടുക്കാനും വേണ്ടിയാണ്, അവര്‍ പറയുന്നു.

പലരും പത്താം ക്ലാസ് വിദ്യാഭ്യാസം പോലും പൂര്‍ത്തായാക്കാന്‍ സാധിക്കാത്തവര്‍

'ഒരുപാട് കോര്‍പ്പറേറ്റ് കമ്പനികള്‍ ട്രാന്‍ജെന്‍ഡറായിട്ടുള്ള ആളുകള്‍ക്ക് ജോലി നല്‍കാന്‍ തയ്യാറായി മുന്നോട്ടുവരുന്നുണ്ട്. പക്ഷെ പൊതുവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ആവശ്യമായ തൊഴിലവസരങ്ങള്‍ ലഭിക്കുന്നില്ല. പലരും മികച്ച തൊഴിലുകള്‍ നേടാന്‍തക്ക യോഗ്യത കരസ്ഥമാക്കിയിട്ടുള്ളവരുമല്ല. ഇക്കൂട്ടരില്‍ പലരും പത്താം ക്ലാസ് വിദ്യാഭ്യാസം പോലും പൂര്‍ത്തായാക്കാന്‍ സാധിക്കാത്തവരാണ്. ഇതാണ് പല ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ലൈംഗീത തൊഴിലിലേക്കും യാചകരിലേക്കും മാറാനുള്ള കാരണം. അവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയില്‍ പ്രവേശിച്ചാല്‍ അതവരുടെ ചിലവുകള്‍ നികത്താന്‍ തികയുന്നതായിരിക്കില്ല. 6000-7000രൂപ ലഭിക്കുന്നത് ഒരിക്കലും ട്രാന്‍സ്‌സെക്ഷ്വലിലേക്കുള്ള മാറ്റത്തിനുവേണ്ട വൈദ്യ ചിലവുകള്‍ക്ക് ഒരുകാരണവശാലും തികയത്തില്ല', കല്‍കി പറയുന്നു.

ആരാണ് അവരുടെ ക്ലൈയന്റ്‌സ്?

ട്രാന്‍ജെന്‍ഡര്‍ ആളുകള്‍ ലൈംഗീക തൊഴിലില്‍ ഏര്‍പ്പെടുന്നു എന്ന് പറയുമ്പോഴും ആരാണ് അവരുടെ ക്ലൈയന്റ്‌സ്? അത് നിങ്ങളടങ്ങുന്ന പൊതുസമൂഹമാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ലൈംഗീക തൊഴില്‍ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരിമാരെയും അയല്‍ക്കാരെയുമൊക്കെ പീഡിപ്പിക്കുകയില്ലേ. അതുകൊണ്ട് നിങ്ങളുടെ കാമത്തെ തൃപ്തിപ്പെടുത്താന്‍ ലൈംഗീക തൊഴിലാളികള്‍ ഉണ്ടാകണം. അക്കാരണംകൊണ്ടുതന്നെ ലൈംഗീകതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നതുവഴി ഒരുതരത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ചെയ്യുന്നത് ഒരു സേവനമാണ്. ഞാന്‍ സെക്‌സ് വര്‍ക്കിനെ ന്യായീകരിക്കുകയല്ല മറിച്ച് യാഥാര്‍ത്ഥ്യം തുറന്നുപറയുക മാത്രമാണ് ചെയ്യുന്നത്, കല്‍കി പറയുന്നു.

ഇത്തരം കാര്യങ്ങളിലേക്ക് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കടക്കുന്നത് അവര്‍ക്കത് ഇഷ്ടമുണ്ടായിട്ടല്ല. മറിച്ച് അവര്‍ക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയാത്തതുമൂലമാണ്. വിദ്യാഭാസവും സംവരണവും സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കാനുള്ള അവസരവും ഒക്കെ അവര്‍ക്ക് ഒരുക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ ചെയ്തുവരുന്നുണ്ട്. പക്ഷെ ചില പ്രമുഖ  വ്യക്തികള്‍ ട്രാന്‍ജന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കെതിരെ മോശമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുമ്പോള്‍ അത് വളരെയധികം വേദനയുണ്ടാക്കുന്നുണ്ട്. 

ഇന്ത്യന്‍ സിനിമാ വ്യവസായം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ വലിയ തോതില്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് ഇപ്പോഴും ഒരു ഉന്നതി ഉണ്ടാകാത്തതിന്റെ പ്രഥമ കാരണം അവര്‍തന്നെയാണെന്നും  കല്‍കി അഭിപ്രായപ്പെടുന്നു. 'നിങ്ങള്‍ അടങ്ങുന്ന സമൂഹം അവരെ അംഗീകരിക്കുന്നതുവരെ കുടുംബങ്ങള്‍ അംഗീകരിക്കുന്നതുവഴി സിനിമ അംഗീകരിക്കുന്നതുവരെ അവര്‍ ഇത്തരം തൊഴിലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കും', കല്‍കി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com