മനസലിവില്ലാതെ സ്‌കൂട്ട് എയര്‍ലൈന്‍സ്; കൊച്ചിക്കാരായ ദമ്പതിമാരെയും സുഖമില്ലാത്ത കുഞ്ഞിനെയും വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു 

സ്വന്തമായി ഇരിക്കാന്‍ കഴിയാത്ത കുഞ്ഞിനെ വിമാനത്തില്‍ കയറ്റാന്‍ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവരെ ഇറക്കിവിടുകയായിരുന്നു
മനസലിവില്ലാതെ സ്‌കൂട്ട് എയര്‍ലൈന്‍സ്; കൊച്ചിക്കാരായ ദമ്പതിമാരെയും സുഖമില്ലാത്ത കുഞ്ഞിനെയും വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു 

സിങ്കപ്പൂര്‍: സിങ്കപ്പൂരില്‍ നിന്ന് ഫുക്കറ്റിലേയ്ക്ക് യാത്ര ചെയ്യാനായി വിമാനത്തില്‍ കയറിയ കൊച്ചി സ്വദേശികളായ ദമ്പതിമാരെയും പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുഞ്ഞിനെയും ജീവനക്കാര്‍ ഇറക്കി വിട്ടതായി പരാതി. സ്വന്തമായി ഇരിക്കാന്‍ കഴിയാത്ത കുഞ്ഞിനെ വിമാനത്തില്‍ കയറ്റാന്‍ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവരെ ഇറക്കിവിടുകയായിരുന്നു. സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെ  കീഴിലുള്ള സ്‌കൂട്ട് എയര്‍ലൈനില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. 

തുടക്കത്തില്‍ വിമാനയാത്രയ്ക്കുള്ള സൗകര്യങ്ങള്‍ ചെയ്തുനല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പൈലറ്റെത്തി ദിവ്യ ജോര്‍ജ്ജിനെയും ഭര്‍ത്താവിനെയും യാത്രചെയ്യുന്നതിന്‍ നിന്ന് വിലക്കിയത്. സംഭവത്തെകുറിച്ച് ദിവ്യ ജോര്‍ജ്ജ് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെയാണ് വിവരം പുറത്തുവന്നത്. ക്യാപ്റ്റന്റെ നിലപാടിനെതിരെ തങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും തങ്ങളെ അവര്‍ കൂടുതല്‍ അധിക്ഷേപിക്കുകയായിരുന്നെന്നാണ്  ദിവ്യ കുറിപ്പില്‍ പറയുന്നത്. 

വിമാന ജീവനക്കാരോട് വിഷയത്തില്‍ വ്യക്തത തേടിക്കൊണ്ട് ഭര്‍ത്താവ് സംസാരിക്കുന്ന വീഡിയോയും ദിവ്യ ഫെയ്‌സ്ബുക്കിലൂടെ  പങ്കുവച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനിടെ 67 തവണ തങ്ങള്‍ വിമാനത്തില്‍ സഞ്ചരിച്ചിട്ടുണ്ട് ഇത്തരമൊരനുഭവം ആദ്യമായാണ് നേരിടേണ്ടിവന്നതെന്നും ദിവ്യ പോസ്റ്റില്‍ കുറിക്കുന്നു. 

ഒന്‍പത്  കിലോ  ഭാരമില്ലെങ്കിലും കുഞ്ഞിന് പ്രത്യേകം ടിക്കറ്റ് എടുത്തിരുന്നു. സീറ്റിലിരുത്താന്‍ സീറ്റ് ബെല്‍റ്റ് വേണമെന്ന് ആവശ്യപ്പെടുകയും തരാമെന്ന് എയര്‍ലൈന്‍സ് ജീവനക്കാര്‍ ഉറപ്പും തരുകയും  ചെയ്തതുമാണ്. എന്നാല്‍ വിമാനത്തില്‍ കയറിയപ്പോള്‍ എല്ലാം നിഷേധിക്കുകയായിരുന്നു, ദിവ്യയുടെ കുറിപ്പില്‍ പറയുന്നു. ഇതിനെതിരെ പ്രതികരിച്ചപ്പോഴാണ് യാത്രചെയ്യാനാവില്ലെന്ന്  പൈലറ്റ് പറയുന്നത്. പിന്നാലെ ഞങ്ങളുടെ ലഗ്ഗേജ് പുറത്തിറക്കിയതായി അനൗണ്‍സ്‌മെന്റും വന്നു, ദിവ്യ പറയുന്നു. 

ഇതേ ഫ്‌ലൈറ്റില്‍ യാത്രചെയ്യാന്‍ പിന്നീട് അനുവദിച്ചെങ്കിലും കുട്ടിക്ക് സീറ്റ് ബെല്‍റ്റ് നല്‍കാന്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് മനസലിവുണ്ടായിരുന്നില്ല.  കുട്ടിയുടെ തല ഭാഗം ദിവ്യയും ശരീരം അച്ഛനും ചേര്‍ത്ത് പിടിച്ചാണ് ഇവര്‍ യാത്ര പൂര്‍ത്തീകരിച്ചത്. 

സംഭവത്തെക്കുറിച്ച് സ്‌കൂട്ട് എയര്‍ലൈന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com