അസോസിയേറ്റ് ഡയറക്ടര്‍ 'പ്രശാന്ത് ഈഴവന്‍': നായര്‍ക്കും നമ്പൂതിരിക്കുമാകാമെങ്കില്‍ ഞങ്ങള്‍ക്കുമാകാം

നമുക്ക് ജാതിയില്ലെന്ന് നമ്മള്‍ ആരോടാണ് പറയുന്നത്? എല്ലായിടത്തും ജാതിയുണ്ട്,ജാതിവെറിയുണ്ട്. അത് മാറ്റണമെങ്കില്‍ മേലാളജാതിക്കാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരെ തിരുത്തണം
അസോസിയേറ്റ് ഡയറക്ടര്‍ 'പ്രശാന്ത് ഈഴവന്‍': നായര്‍ക്കും നമ്പൂതിരിക്കുമാകാമെങ്കില്‍ ഞങ്ങള്‍ക്കുമാകാം

മ്പൂതിരിക്കും നായര്‍ക്കും ജാതിവാല്‍വച്ച് പേരിടാമെങ്കില്‍, അത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിക്കാമെങ്കില്‍ പറയനും പുലയനും ഈഴവനുമതാകാം. നമുക്ക് ജാതിയില്ലെന്ന് നമ്മള്‍ ആരോടാണ് പറയുന്നത്? എല്ലായിടത്തും ജാതിയുണ്ട്,ജാതിവെറിയുണ്ട്. അത് മാറ്റണമെങ്കില്‍ മേലാളജാതിക്കാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരെ തിരുത്തണം, അതിനുള്ള  ചെറിയ ശ്രമങ്ങളാണ് ഇതെല്ലാം-പ്രശാന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്ടര്‍, ഞാന്‍ മേരിക്കുട്ടി. 

രഞ്ജിത് ശങ്കര്‍, ജയശൂര്യ ടീമിന്റെ ഞാന്‍ മേരിക്കുട്ടി  എന്ന ചിത്രം അതിന്റെ പ്രമേയ വ്യത്യസ്തത കൊണ്ട് ജനപ്രീതി നേടി തീയേറ്ററുകളില്‍ നിറഞ്ഞ കയ്യടിയോടെ മുന്നേറുകയാണ്. മേരിക്കുട്ടിക്കൊപ്പം ശ്രദ്ധേയമാകുന്ന ഒരാള്‍കൂടിയുണ്ട്, ആ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായ പ്രശാന്ത് എംപി അഥവാ പ്രശാന്ത് ഈഴവന്‍. 

ഈഴവന്‍ എന്ന ജാതിവാല്‍ സ്വന്തം പേരിനൊപ്പം സ്‌ക്രീനിലെഴുതിയ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ രണ്ട് തരത്തില്‍ നോക്കിക്കാണുന്നവരുണ്ട്.
ജാതിവാലുപേക്ഷിക്കാന്‍ സര്‍ക്കാര്‍ തന്നെ ക്യാമ്പയിന്‍ നടത്തുന്ന നാട്ടില്‍ ഒരാള്‍ ഇതുവരെ കേള്‍ക്കാത്ത ജാതിവാലുമായി രംഗത്തെത്തിയിരിക്കുന്നു. മറ്റൊന്ന്  മേലാള വര്‍ഗമെന്ന് സ്വയം വിശ്വസിക്കുന്ന ഒരുകൂട്ടരെ നിങ്ങള്‍ക്കാകാമെങ്കില്‍
ഞങ്ങള്‍ക്കുമാകാമെന്ന് ഒരു മനുഷ്യന്‍ സ്വന്തം സ്വത്വം ഉയര്‍ത്തിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. പ്രശാന്ത് ഈഴവന്‍ എന്ന പേരിന്റെ രാഷ്ട്രീയത്തെത്തുറിച്ച് സമകാലിക മലയാളത്തോട് പ്രശാന്ത് സംസാരിക്കുന്നു. 

പേരിലും രാഷ്ട്രീയമുണ്ട്

ഈ പേരിടല്‍ വലിയൊരു രാഷ്ട്രീയപ്രവര്‍ത്തനമായാണ് ഞാന്‍ കാണുന്നത്. മേലാളരെന്ന് സ്വയം വിശ്വസിക്കുന്നവര്‍ക്ക്, അതാണ് ഈ നാടിന്റെ സംസ്‌കാരമെന്ന് ഒരു ജനതയെ പറഞ്ഞ് വിശ്വസിക്കാന്‍ ബദ്ധപ്പെടുന്നവര്‍ക്ക് നായരെന്നും നമ്പൂതിരിയെന്നും പേരിന് മുന്നില്‍ ചേര്‍ത്ത് ഊറ്റം കൊള്ളാമെങ്കില്‍ പറയനും പുലയനും ഈഴവനും അതാകാം. അമിതസ്വത്വവാദമല്ല, മറിച്ച് സമൂഹത്തിന്റെ എല്ലാ തുറകളിലും നിലനില്‍ക്കുന്ന ജാതിവിവേചനത്തെ ചെറുക്കാനുള്ള ഒരു പ്രതിരോധ തന്ത്രമായാണ് ഞാനിത് കാണുന്നത്. സവര്‍ണ ഹൈന്ദവത ആളിപ്പടരുന്ന ഇക്കാലത്ത് തീര്‍ച്ചയായും ഇത്തരം പേരുകള്‍ സ്വീകരിക്കുന്നതില്‍ കൃത്യമായ പ്രസക്തിയുണ്ട്. 

ഞങ്ങള്‍ക്കത് അത്ര നിഷ്‌കളങ്ക ചോദ്യമല്ല

സീത പുലയി എന്ന് പേര് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുകയും അമിത സ്വത്വവാദമെന്ന് പറയുകയും പ്രശാന്ത് നായരെന്നും നമ്പൂതിരിയെന്നും
വാര്യരെന്നുമൊക്കെ കൂടെയുള്ളത് പേരല്ലേയെന്ന് നിഷ്‌കളങ്കതയോടെ ചോദിക്കുന്നതിലും ഒന്നുതന്നെയാണുള്ളത് സവര്‍ണ ജാതി ബോധം. ഞങ്ങള്‍ക്കതത്ര നിഷ്‌കളങ്കമായ ചോദ്യമായി തോന്നുന്നില്ല. പകരം സവര്‍ണത ഒരു സമൂഹത്തിന്‍മേല്‍ സിറിഞ്ചില്‍ കുത്തിവെച്ച് നിറയ്ക്കുന്നതുപോലെയാണ് തോന്നുന്നത്. ഇതിനെയൊക്കെ പ്രതിരോധിക്കാന്‍ തന്നെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. 

ജാതിപറയുന്ന കമ്മ്യൂണിസ്റ്റ്

പാര്‍ട്ടി ഓഫിസിലിരുന്നുള്ള ചര്‍ച്ചകളിലാണ് ഇത്തരമൊരു ആശയം മുന്നോട്ടുവരുന്നത്. ജാതീയതക്കെതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അതെല്ലാം ചരിത്രമാണ്, ആ ചരിത്രത്തെ വിസ്മരിച്ച്‌ ഇപ്പോഴും ജാതിയത കൊണ്ടുനടക്കുന്ന ഒരുപാട് സഖാക്കളുണ്ട്.  സവര്‍ണത മാറ്റണമെങ്കില്‍ അവര്‍ അവര്‍ണരെന്ന് വിളിച്ചു മാറ്റി നിര്‍ത്തുന്ന ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്‌തേ മതിയാകൂ, എന്നാലെ അവര്‍ക്കത് മനസ്സിലാകൂ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വത്വവാദത്തെ അംഗീകരിച്ചിട്ടില്ലെന്നും വര്‍ഗ്ഗരാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും എന്നൊക്കെയാണ് ഈ പേരിടലിനെ ചിലര്‍ വിമര്‍ശിക്കുന്നത്. സ്വത്വവാദം അംഗീകരിച്ചിട്ടില്ലെങ്കില്‍ അവരാദ്യം പാര്‍ട്ടി മെമ്പര്‍മാരുടെ നായര്‍,നമ്പൂതിരി വാലുകള്‍ മാറ്റാന്‍ തയ്യാറാകട്ടേ... ഇതൊരിക്കലും തീവ്രസ്വത്വവാദമല്ല, മറിച്ച് ഒരു മാറ്റത്തിനുള്ള  തുടക്കമായി മാത്രമാണ് ഞാനിതിനെ കാണുന്നത്. (സിപിഐ ബ്രാഞ്ച് മെമ്പറും എഐഎസ്എഫ്എഫിന്റെ മുന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റുമാണ് പ്രശാന്ത്) 

ഇനി ആറാംതമ്പുരാന്‍മാര്‍ മാത്രമുണ്ടായാല്‍പ്പോരാ

ഇത്തരമൊരു പേരാണ് നല്‍കാന്‍ പോകുന്നത് എന്ന് പറഞ്ഞപ്പോള്‍
രഞ്ജിത് ശങ്കറും എതിര്‍പ്പൊന്നു പ്രകടിപ്പിച്ചില്ല. എല്ലാം വ്യക്തിസ്വാതന്ത്ര്യം എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. സിനിമ രംഗത്ത് വലിയ തോതിലാണ് സവര്‍ണജാതി രാഷ്ട്രീയമുള്ളത്. അടിസ്ഥാന വിഭാഗമായതിന്റെ പേരില്‍ മലയാളസിനിമയിലെ സവര്‍ണ മേധാവിത്വം പുറംകാലുകൊണ്ട് ചവിട്ടി കളഞ്ഞ എത്രയോ വലിയ കലാകാരന്‍മാരുണ്ട്. ഇനിയിവിടെ ആറാം തമ്പുരാന്‍മാരും പ്രമാണിമാരും മാത്രം ഉണ്ടായാല്‍പ്പോരാ, ഗംഗമാരും ബാലന്‍മാരും എല്ലാമുണ്ടാകണം. കറുത്ത മുത്ത്,വെളുത്ത മുത്ത് പോലുള്ള സവര്‍ണരുടെ അങ്ങേയറ്റം അറപ്പുളവാക്കുന്ന വിശേഷണ പ്രയോഗങ്ങള്‍ ഇല്ലാതാകണം, അതാണ് ആഗ്രഹം. ചെയ്യാനുദ്ദേശിക്കുന്നതും കൃത്യമായ രാഷ്ട്രീയം പറയുന്ന ചിത്രങ്ങളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com