പട്ടിയിറച്ചി ഉത്സവം വീണ്ടും; പത്തുദിവസംകൊണ്ട് തീന്‍മേശയില്‍ എത്തുന്നത് പതിനായിരം നായ്ക്കള്‍

10 ദിവസം നീളുന്ന നായ ഇറച്ചി മേളയില്‍ 10,000ത്തോളം നായകളെ ഇറച്ചിക്കായി കൊല്ലുന്നു എന്നാണ് കണക്ക്
പട്ടിയിറച്ചി ഉത്സവം വീണ്ടും; പത്തുദിവസംകൊണ്ട് തീന്‍മേശയില്‍ എത്തുന്നത് പതിനായിരം നായ്ക്കള്‍

ചൈനിലെ യുലിന്‍ പ്രവശ്യയില്‍ വര്‍ഷാവര്‍ഷം നടന്നുവരുന്ന യൂലിന്‍ പട്ടി ഇറച്ചി മഹോത്സവത്തിന് ഇന്ന് തുടക്കംകുറിക്കും. രുചികരമായ വിഭവങ്ങള്‍ക്കായി ആയിരക്കണക്കിന് നായകളെയാണ് മേളയില്‍ കൊന്നൊടുക്കുന്നത്. 10 ദിവസം നീളുന്ന നായ ഇറച്ചി മേളയില്‍ 10,000ത്തോളം നായകളെ ഇറച്ചിക്കായി കൊല്ലുന്നു എന്നാണ് കണക്ക്. 

ചൈനയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന  ജൂണ്‍ മാസത്തിലെ അവസാന ആഴ്ചയാണ് നായ ഇറച്ചി മേളയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. 2009മുതലാണ് ഈ മേള ആരംഭിച്ചത്. എന്നാല്‍ അന്ന് ചെറിയ തോതില്‍ മാത്രമാണ് പട്ടികളെ കൊല്ലുന്നതും പട്ടിയിറച്ചിയുടെ വിപണനവും ഈ ആഘോഷത്തിന്റെ ഭാഗമായി നടത്തിയിരുന്നത്. 2010മുതല്‍ വ്യാപാര താല്‍പര്യം മുന്‍നിര്‍ത്തി കച്ചവടക്കാര്‍ നടത്തിയ പ്രചരണമാണ് പട്ടിയിറച്ചിയുടെ വില്‍പ്പനയില്‍ ഇത്രയധികം വളര്‍ച്ചയുണ്ടാക്കിയത്. വിവിധ ഇനത്തിലുള്ള വളര്‍ത്തുപക്ഷികള്‍, മത്സ്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയും പ്രദര്‍ശനത്തില്‍ അണിനിരക്കുന്നു.

നായ ഇറച്ചി ഭക്ഷിക്കുന്നത് ചൈനയിലെ പാരമ്പര്യത്തിന്റെ ഭാഗമാണ്. വേനല്‍കാലത്ത് നായ ഇറച്ചി ഭക്ഷിക്കുന്നത് ഐശ്വര്യവും ആരോഗ്യവും  പ്രദാനം ചെയ്യുമെന്നാണ് ഇവരുടെ വിശ്വാസം. നായ ഇറച്ചി അസുഖങ്ങള്‍ ഭേദമാക്കുമെന്നും പുരുഷന്‍മാരില്‍ ഇത് ലൈംഗീക ശേഷി വര്‍ദ്ധിപ്പിക്കുമെന്നും ചിലര്‍ വിശ്വസിക്കുന്നു. 

ചൈനയില്‍ നിന്നുതന്നെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ ആഘോഷത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഓരോ വര്‍ഷവും ഉയരുന്നത്. മൃഗങ്ങളോടുള്ള ക്രൂരതയാണ് ഈ മേളയെന്ന് ആരോപിച്ച് സന്നദ്ധസംഘടനകള്‍ സജീവമായി രംഗത്തുണ്ട്. ജീവനോടെ നായകളുടെ തൊലിയുരിക്കുന്നതും തിളപ്പിച്ച വെള്ളത്തില്‍ മുക്കുന്നതുമെല്ലാം അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഉടമകള്‍തന്നെയാണ് നായ്ക്കളെ കൊല്ലുന്നതിനായി ഇവിടെക്കെത്തിക്കുന്നത്. ഇത് ഐശ്വര്യം കൊണ്ടുവരുമെന്ന അന്ധവിശ്വാസം  തന്നെയാണ്  ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ചില നായ്ക്കളെ ഉടമകളറിയാതെ തട്ടിയെടുത്ത്  ഇവിടേക്കെത്തിക്കുന്നുണ്ടെന്നും പരാതികള്‍ ഉയരാറുണ്ട്.  

നായ ഇറച്ചിമേള പോലുള്ള ആഘോഷങ്ങള്‍ 400വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചൈനയിലെ രീതികളാണ് പിന്തുടരുന്നതെന്നും ഇക്കാലത്തിനിടയില്‍ ആളുകളുടെ ചിന്താഗതിയില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മുമ്പ് ചൈനയില്‍ നായ്ക്കളെ വളര്‍ത്തുമൃഗങ്ങളാക്കുന്നത് നിരോധിച്ചിരുന്നെങ്കില്‍ ഇന്ന് അതല്ല സ്ഥിതി. നായ്ക്കളെ സ്വന്തമാക്കുന്നത് ഇന്നിവിടെയൊരു സാധാരണ സംഭവം മാത്രമാണ്. 62ദശലക്ഷത്തോളം നായ്ക്കള്‍ ഇവിടെ വളര്‍ത്തുമൃഗങ്ങളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. നായ്ക്കളോടുള്ള മനോഭാവത്തില്‍ മാറ്റം വന്നുതുടങ്ങിയതുമുതലാണ് നായ് ഇറച്ചി മേളയ്‌ക്കെതിരെ ചൈനീസ് ജനതയും ശബ്ദമുയര്‍ത്തിതുടങ്ങിയത്.  

മേളയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ അവകാശപ്പെടുമ്പോള്‍ തന്നെ ഇവരുടെ ഈ അവകാശവാദം തെറ്റാണെന്ന് ചൂണ്ടികാട്ടപ്പെടുന്നുണ്ട്. ഇതൊരു ഔദ്യോഗിക മേളയായി നടക്കാത്തിരുക്കുന്നതിനാല്‍ തന്നെ ഇത് നിര്‍ത്തലാക്കുക സാധ്യമായ കാര്യമല്ലെന്ന് യുലിന്‍ ഭരണകുടം ആവര്‍ത്തിച്ച് അംഗീകരിച്ച കാര്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com