'ആ സ്‌നേഹത്തിന് പറഞ്ഞു തീരാത്ത കടപ്പാടുണ്ട്'; റെയില്‍ വേ ട്രാക്കില്‍ ചോരയൊലിപ്പിച്ചു കിടന്ന മകനെ രക്ഷിച്ച പൊലീസുകാര്‍ക്ക് നന്ദി പറഞ്ഞ് അച്ഛന്റെ കത്ത്

മകന്റെ രക്ഷകരായെത്തിയ പൊലീസുകാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജി. യതീഷ് ചന്ദ്രയ്ക്ക് അശോകന്‍ കത്ത് എഴുതിയതോടെയാണ് രക്ഷകരായ ഉദ്യോഗസ്ഥരെക്കുറിച്ച് പുറംലോകം അറിയുന്നത്
'ആ സ്‌നേഹത്തിന് പറഞ്ഞു തീരാത്ത കടപ്പാടുണ്ട്'; റെയില്‍ വേ ട്രാക്കില്‍ ചോരയൊലിപ്പിച്ചു കിടന്ന മകനെ രക്ഷിച്ച പൊലീസുകാര്‍ക്ക് നന്ദി പറഞ്ഞ് അച്ഛന്റെ കത്ത്


തൃശൂര്‍; അര്‍ധരാത്രിയില്‍ ട്രെയ്‌നില്‍ നിന്ന് തെറിച്ച് വീണ് ചോരയൊലിപ്പിച്ച് കിടന്ന ഹേമന്ത് ഇപ്പോള്‍ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്. മകന്റെ തിരിച്ച് വന്നതിന്റെ സന്തോഷത്തില്‍ അശോകന്‍ ഓര്‍ത്തത് നാല് മുഖങ്ങളാണ്. ചോരയൊലിപ്പിച്ച് കിടന്ന മകനെ ആശുപത്രിയില്‍ എത്തിച്ച നാല് പൊലീസുകാരുടെ മുഖം. അവരോട് എങ്ങനെ നന്ദി പറയും എന്ന് ഈ അച്ഛന് അറിയില്ലായിരുന്നു. അവസാനം തീരുമാനിച്ചു, ഒരു കത്ത് അങ്ങ് എഴുതാന്‍. തന്റെ മകന്റെ രക്ഷകരായെത്തിയ പൊലീസുകാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജി. യതീഷ് ചന്ദ്രയ്ക്ക് അശോകന്‍ കത്ത് എഴുതിയതോടെയാണ് രക്ഷകരായ ഉദ്യോഗസ്ഥരെക്കുറിച്ച് പുറംലോകം അറിയുന്നത്. 

തൃശൂര്‍ വെസ്റ്റ് സ്റ്റേഷനിലെ എഎസ്‌ഐ വി.എ. രമേശ്, പൊലീസ് ഉദ്യോഗസ്ഥരായ കെ.കെ. സന്തോഷ്, അനില്‍കുമാര്‍, ടി. ഉന്മേഷ് എന്നിവരുടെ ഇടപെടലിലാണ് കണ്ണൂര്‍ സ്വദേശിയായ അശോകന് തന്റെ മകനെ തിരികെ ലഭിച്ചത്. 26 കാരനായ ഹേമന്ത് എറണാകുളത്തേക്ക് ജോലിക്ക് പോകുമ്പോഴാണ് പൂങ്കുന്നം റെയില്‍വേ സ്റ്റേഷനടുത്ത് വെച്ച് ട്രെയ്‌നില്‍ നിന്ന് തെറിച്ചുവീണത്. മേയ് 19 ന് രാത്രി 12.10 നായിരുന്നു അപകടം. ട്രെയ്‌നില്‍ നിന്ന് ആരോ വീണിട്ടുണ്ടെന്ന് അറിഞ്ഞ നൈറ്റ് ഡ്യൂട്ടിക്കാരായ വെസ്റ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. രക്തം ഒലിപ്പിച്ചു കിടന്ന ഹേമന്ദിനെ അവര്‍ ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പഴ്‌സിലുള്ള തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്ന് വീട്ടിലേക്ക വിളിച്ചു പറയുകയും ചെയ്തു. 

എന്നാല്‍ എങ്ങനെയാണ് താന്‍ ട്രെയ്‌നില്‍ നിന്ന് വീണതെന്ന് അറിയില്ലെന്നാണ് ഹേമന്ത് പറയുന്നത്. എന്നാല്‍ തനിക്ക് ജീവന്‍ തിരിച്ചുതന്ന പൊലീസുകാരെ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയതോടെ റിട്ടയേഡ് അധ്യാപകനായ അശോകന്‍ കമ്മീഷ്ണര്‍ക്ക് കത്ത് അയക്കുകയായിരുന്നു. എന്തായാലും ഇതോടെ ഉദ്യോഗസ്ഥരും സ്റ്റാര്‍ ആയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും പ്രശസ്തി പത്രവും നല്‍കി. രക്ഷകരായ പൊലീസുകാരെ അഭിനന്ദിക്കാന്‍ നേരിട്ട് എത്തുമെന്നും ഈ അച്ഛന്‍ പറഞ്ഞിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com