എന്നാല്‍ കേട്ടോ... തനിയെ ഇരുന്ന് സംസാരിക്കുന്നവര്‍ക്ക് വട്ടില്ല! 

ഒറ്റയ്ക്കുള്ള സംസാരങ്ങള്‍ ചിലര്‍ മാത്രം പതിവാക്കിയ ഒരു ശീലമല്ലെന്നും ഒരു സന്ദര്‍ഭത്തില്‍ ആല്ലെങ്കില്‍ മറ്റൊരവസരത്തില്‍ എല്ലാവരും ഇങ്ങനെ സ്വയം ആശയവിനിമയം നടത്താറുള്ളവരാണെന്നും വിദഗ്ധര്‍
എന്നാല്‍ കേട്ടോ... തനിയെ ഇരുന്ന് സംസാരിക്കുന്നവര്‍ക്ക് വട്ടില്ല! 

നീയെന്താ തനിയെ ഇരുന്ന് സംസാരിക്കുന്നത്? വട്ടുണ്ടോ? കളിയാക്കലുകള്‍ നിറഞ്ഞ ഈ ചോദ്യത്തിന് മുന്നില്‍ ചമ്മലോടെ നിന്ന പലരും ഉണ്ടാകാം. എന്നാല്‍ ഇനിയങ്ങനെ വേണ്ട. ചമ്മാതെ തലയുയര്‍ത്തി തന്നെ പറയാം വട്ടില്ലെന്ന്. കാരണം നിരത്താന്‍ ആരോഗ്യ വിദഗ്ധരുടെ കൂട്ടും പിടിക്കാം. 

ഒറ്റയ്ക്കുള്ള സംസാരങ്ങള്‍ മാനസികരോഗമല്ല മറിച്ച് അതൊരു നല്ല ശീലമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത് ചിലര്‍ മാത്രം പതിവാക്കിയ ഒരു ശീലമല്ലെന്നും ഒരു സന്ദര്‍ഭത്തില്‍ ആല്ലെങ്കില്‍ മറ്റൊരവസരത്തില്‍ എല്ലാവരും ഇങ്ങനെ സ്വയം ആശയവിനിമയം നടത്താറുള്ളവരാണെന്നും വിദഗ്ധര്‍ പറയുന്നു. താക്കോല്‍ കാണുന്നില്ല, ഞാനിന്നു ലേറ്റായി, എന്നെകാണാന്‍ ഇന്ന് നല്ല ഭംഗിയുണ്ട് തുടങ്ങി  ചെറുതും വലുതുമായ  സംഭാഷണങ്ങള്‍ അറിഞ്ഞും അറിയാതെയും എല്ലാവരും പറഞ്ഞുപോകാറുണ്ടെന്ന് ഇവര്‍ പറയുന്നു. 

ഇത്തരത്തില്‍ സ്വയം സംസാരിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ പോസിറ്റീവ് കാഴ്ചപാടുകള്‍ വികസിപ്പിക്കാന്‍ കഴിയുമെന്നും ഇതുവഴി ഒരാള്‍ സ്വന്തം താത്പര്യങ്ങളും ഇഷ്ടങ്ങളും ആശയങ്ങളുമാണ് അവരോടുതന്നെ തുറന്നുപറയുന്നതെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. നെഗറ്റീവ് ചിന്താഗതി ജീവിതത്തിന്റെ ഭാഗമായിട്ടുണ്ടെങ്കില്‍ ഇത്തരം സ്വയം സംസാര സമയങ്ങളില്‍ ഇത് തിരിച്ചറിയാനാകുകയും അതുവഴി അവരവര്‍ക്കുതന്നെ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ സ്വയം സംസാരിക്കുന്നവര്‍ക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള പ്രാപ്തിയും കൂടുതലായിരിക്കുമെന്നായിരുന്നു കണ്ടെത്തല്‍. മനസിലുള്ള കാര്യങ്ങള്‍ എഴുതിവയ്ക്കുമ്പോള്‍ ലഭിക്കുന്ന അതേ ആശ്വാസം അവനവനോടുതന്നെയുള്ള സംസാരവേളകളിലും ലഭിക്കുമെന്നാണ് പഠനങ്ങളിലെ കണ്ടെത്തല്‍. ഉള്ളിലുള്ള സമ്മര്‍ദ്ദത്തെയും മറ്റ് നിരാശകളുമൊക്കെ ഇതുപോലെ തുറന്നുപറയുമ്പോള്‍ പിന്നീടുള്ള കാര്യങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ അഭിമുഖീകരിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com