ആ 13 പേരിലൊരാള്‍ മലയാളിയായ മേരി വര്‍ഗീസ്; വീല്‍ചെയറിലെ സര്‍ജനെ ലോകത്തിന് പരിചയപ്പെടുത്തി ക്ലിന്റന്റെ മകള്‍ 

'ഷി പെഴ്‌സിസ്റ്റഡ് എറൗണ്ട് ദി വേള്‍ഡ്; 13വുമണ്‍ ഹൂ ചേയ്ഞ്ച്ഡ് ഹിസ്റ്ററി'എന്ന ചെല്‍സിയുടെ പുസ്തകത്തിലൂടെയാണ് വീല്‍ചെയറിലെ സര്‍ജന്‍ എന്നറിയപ്പെടുന്ന ഡോ. മേരിയുടെ കഥ ലോകം വായിച്ചറിയുന്നത്
ആ 13 പേരിലൊരാള്‍ മലയാളിയായ മേരി വര്‍ഗീസ്; വീല്‍ചെയറിലെ സര്‍ജനെ ലോകത്തിന് പരിചയപ്പെടുത്തി ക്ലിന്റന്റെ മകള്‍ 

ലോകത്തെ മാറ്റിമറിച്ച 13 വനിതകളെക്കുറിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെയും മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റന്റെയും മകള്‍ ചെല്‍സി എഴുതിയ പുസ്തകത്തില്‍ മലയാളിയായ ഡോ. മേരി വര്‍ഗീസും. 'ഷി പെഴ്‌സിസ്റ്റഡ് എറൗണ്ട് ദി വേള്‍ഡ്; 13വുമണ്‍ ഹൂ ചേയ്ഞ്ച്ഡ് ഹിസ്റ്ററി'എന്ന ചെല്‍സിയുടെ പുസ്തകത്തിലൂടെയാണ് വീല്‍ചെയറിലെ സര്‍ജന്‍ എന്നറിയപ്പെടുന്ന ഡോ. മേരിയുടെ കഥ ലോകം വായിച്ചറിയുന്നത്.

നൊബേല്‍ നേടിയ ആദ്യ വനിതയും ശാസ്ത്രജ്ഞയുമായ മേരി ക്യൂറി, സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യുസഫ്‌സായ്, നോബേല്‍ ജേതാവും കെനിയയിലെ രാഷ്ട്രീയ പരിസ്ഥിതി പ്രവര്‍ത്തകയുമായ വംഗാരി മാതായ്, ബ്രിട്ടീഷ് എഴുത്തുകാരി കെ റൗളിങ് എന്നിവരടങ്ങിയതാണ് ചെല്‍സിയുടെ ലിസ്റ്റ്. ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഈ പുസ്തകം. 

എറണാകുളം ജില്ലയിലെ ചെറായി സ്വദേശിയാണ് ഡോ മേരി. എംബിബിഎസ് പൂര്‍ത്തിയാക്കിയതിന് ശേഷം ബിരുദാനന്തര ബിരുദത്തിനു തയാറെടുക്കുമ്പോഴാണ് വാഹനാപകടത്തില്‍പെട്ടത്. 1952ലായിരുന്നു അപകടം. നട്ടെല്ലു തകര്‍ന്നു കാലുകള്‍ക്കു ചലനശേഷി നഷ്ടപ്പെട്ട മേരി വീല്‍ചെയറില്‍ തളയ്ക്കപ്പെട്ടെങ്കിലും തളരാത്ത ആത്മവീര്യം അവരെ മുന്നോട്ടുനയിച്ചു. പിന്നീടുള്ള ജീവിതം അംഗപരിമിതര്‍ക്കും ആലംബഹീനര്‍ക്കുമായി മാറ്റിവച്ച മേരി തുടക്ക കാലഘട്ടത്തില്‍ കുഷ്ടരോഗികളെ ചികില്‍സിക്കുന്നതിലാണ് ശ്രദ്ധപതിപ്പിച്ചത്. അംഗപരിമിതര്‍ക്കായി അഭയകേന്ദ്രം നിര്‍മിക്കാന്‍ തന്റെ സ്വത്തുമുഴുവന്‍ ചിലവഴിക്കുകയായിരുന്നു അവര്‍. 'ടേക്ക് മൈ ഹാന്‍ഡ്'എന്ന പുസ്തകത്തിലൂടെ ലോകത്തിനുമുന്നില്‍ തന്റെ ജീവിതകഥ തുറന്നുവച്ച മേരി 1986ലാണ് അന്തരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com