132 വര്‍ഷം മുന്‍പ് കുപ്പിയില്‍ നിറച്ച സന്ദേശത്തിന് ശാപമോക്ഷം; കണ്ടെത്തിയത് ഏറ്റവും പഴക്കമുള്ള സന്ദേശം

132 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ കത്താണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ കടല്‍ തീരത്ത് നിന്ന് കണ്ടെത്തിയത്
132 വര്‍ഷം മുന്‍പ് കുപ്പിയില്‍ നിറച്ച സന്ദേശത്തിന് ശാപമോക്ഷം; കണ്ടെത്തിയത് ഏറ്റവും പഴക്കമുള്ള സന്ദേശം

കടലിന്റെ അവസ്ഥ മനസിലാക്കാന്‍ കംപ്യൂട്ടറുകളോ ജിപിഎസ്സോ ഇല്ലായിരുന്ന സമയം. വലിയ കാറ്റിലോ തിരമാലയിലോ പെട്ട് ലക്ഷ്യം തെറ്റി നടുക്കടലില്‍ ഒറ്റപ്പെട്ടുപോകുമ്പോള്‍ ഒരു കച്ചിത്തുരുമ്പിനായി ചെയ്യാന്‍ പറ്റുന്നതെന്തും അവര്‍ ചെയ്യും. കുപ്പികളില്‍ സന്ദേശങ്ങള്‍ നിറച്ച് കടലില്‍ എറിയും. ആരെങ്കിലും തങ്ങളെ രക്ഷിക്കും എന്ന വിശ്വാസത്തിലായിരിക്കും ഇത്  ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ചില സന്ദേശനിധികളെ കടലമ്മ വര്‍ഷങ്ങളോളം ഒളിപ്പിച്ചുവെക്കും. അത്തരത്തില്‍ ഒരു നിധിയാണ് ഓസ്‌ട്രേലിയയില്‍ നിന്ന് കണ്ടെത്തിയത്. 

132 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ കത്താണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ കടല്‍ തീരത്ത് നിന്ന് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമേറിയ സന്ദേശമാണിത്. ഒന്‍പത് ഇഞ്ച് ഉയരവും മൂന്ന് ഇഞ്ച് വീതിയുമുള്ള ഇരുണ്ട പച്ചനിറത്തിലുള്ള കുപ്പിയില്‍ അടച്ച നിലയിലായിരുന്നു കത്ത്. ടോണ്യ എല്‍മാന്‍ എന്ന യുവതിയാണ് ഇത് കണ്ടെത്തിയത്. 

സുഹൃത്തിനൊപ്പം നടക്കുന്നതിന് ഇടയില്‍ മകന്റെ കാറിന്റെ അടുത്തായിട്ടാണ് കുപ്പി കണ്ടത്. ഭംഗി തോന്നിയ എല്‍മാന്‍ ഇത് എടുക്കുകയായിരുന്നു. കുപ്പിയില്‍ നിന്ന് മണ്ണ് കളയുന്നതിനിടയിലാണ് കത്ത് കണ്ടെത്തിയത്. കത്ത് നനഞ്ഞിരിക്കുകയായിരുന്നു. അത് ഉണക്കിയതിന് ശേഷം തുറന്നു നോക്കിയപ്പോഴാണ് ജര്‍മനില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കപ്പലില്‍ നിന്നാണ് എഴുതുന്നതെന്ന് ഇതിലുണ്ടായിരുന്നു.

കുപ്പിക്ക് കോര്‍ക്ക് ഉണ്ടായിരുന്നില്ല. കത്ത് നല്ല രീതിയില്‍ പൊതിഞ്ഞതിനാലാണ് അത് നശിക്കാതിരുന്നതെന്നും ഗവേഷകര്‍ പറയുന്നു. കടലില്‍ എറിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം കുപ്പി കരയ്ക്കടിഞ്ഞിട്ടുണ്ടായിരിക്കാമെന്നും അതിന് ശേഷമായിരിക്കും മണ്ണ് വന്ന് മൂടിയതെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ജൂണ്‍ 12 1886 തിയതിയും പൗല എന്ന കപ്പലിന്റെ പേരും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com