ഓര്‍ക്കാം അരുണ ഷാന്‍ബാഗിനെ, കൂടെ നീതിപീഠം കാണാതെപോയ അവരുടെ  42 വര്‍ഷത്തെ ദുരിതജീവിതവും

വര്‍ഷങ്ങളോളം ദുരിതം അനുഭവിക്കുന്ന അരുണയ്ക്ക് ദയാവധം ഒരു അനുഗ്രഹം തന്നെയായിരുന്നു
ഓര്‍ക്കാം അരുണ ഷാന്‍ബാഗിനെ, കൂടെ നീതിപീഠം കാണാതെപോയ അവരുടെ  42 വര്‍ഷത്തെ ദുരിതജീവിതവും

മുംബൈയിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ ഇപ്പോഴും നാലാം നമ്പര്‍ മുറിയുണ്ട്. കല്ലും മണ്ണും കൊണ്ട് നിര്‍മിച്ച ജീവനില്ലാത്ത നാല് ഭിത്തികളായി ഇത് ചുരുങ്ങിയിട്ട് മൂന്ന് വര്‍ഷം ആവുകയാണ്. അതുവരെ അരുണ ഷാന്‍ബാഗിന്റെ ജീവനായിരുന്നു അത്. ആ മുറിയോട് ചേര്‍ന്ന് അവള്‍ ജീവിച്ചത് 42 വര്‍ഷമാണ്. മരണം കടാക്ഷിക്കുന്നതുവരെ ഓര്‍മകളും ചലനശേഷിയും നഷ്ടപ്പെട്ട് അവര്‍ ആ കിടക്കയില്‍ കിടന്നു. ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പുള്ള രോഗികള്‍ക്ക് ദയാവധം നല്‍കാന്‍ സുപ്രീംകോടതി അനുമതി നല്‍കുമ്പോള്‍ ആദ്യം ഓര്‍മയില്‍ തെളിയേണ്ടത് അരുണയുടെ മുഖമാണ്. നീതി നിക്ഷേധിക്കപ്പെട്ട ആ ജീവിതത്തെ. 

1973 നവംബര്‍ 27 നാണ് അരുണ ഷാന്‍ബാഗിന്റെ ജീവിതം ചവിട്ടിഅരയ്ക്കപ്പെടുന്നത്. അന്ന് അവര്‍ക്ക് 25 വയസാണ് പ്രായം. കെഇഎം ആശുപത്രിയിലെ ജൂനിയര്‍ നഴ്‌സായിരുന്നു അരുണ. അടുത്ത ദിവസം നടക്കാന്‍ പോകുന്ന തന്റെ വിവാഹത്തെക്കുറിച്ച് സ്വപ്‌നം കണ്ട് ആശുപത്രിയിലൂടെ നിറഞ്ഞ ചിരിയോടെ അവള്‍ നടന്നു. എന്നാല്‍ അരുണയുടെ സ്വപ്‌നങ്ങളെല്ലാം നിമിഷങ്ങള്‍കൊണ്ടാണ് ചവിട്ടി അരയ്ക്കപ്പെട്ടത്. വാര്‍ഡ് ക്ലീനിംഗ് ബോയ് ആയിരുന്ന സോഹര്‍ലാല്‍ ഭാര്‍ത്ത വാല്‍മീകി അരുണയെ ആശുപത്രിയില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. പട്ടിയുടെ ചങ്ങല കഴുത്തില്‍ കുടുക്കി വലിച്ചാണ് അയാള്‍ അരുണയെ പിച്ചിച്ചീന്തിയത്. ആ കൊലക്കയറാണ് അവളുടെ ജീവിതം നിശ്ചലമാക്കിയത്. 

തലച്ചോറിലേക്കുള്ള രക്തയോട്ടം നിന്നത് അവളുടെ ഓര്‍മ്മകളെ ഇല്ലാതാക്കി. ശരീരം നിശ്ചലമായി. പിന്നീട് അവരുടെ ജീവിതം ആ മുറിക്കുള്ളില്‍ ഒതുങ്ങി. ചിരിച്ച് കളിച്ച് ആശുപത്രിയിലൂടെ നടന്നിരുന്ന എല്ലാവരുടേയും പ്രീയങ്കരിയായ ആ സുന്ദരി പിന്നീട് ജീവിച്ചത്  സഹപ്രവര്‍ത്തരുടെ കാരുണ്യത്തിലാണ്. പ്രതികരണമില്ലാതെ കിടന്ന അരുണയെ അവര്‍ കണ്ണിലെ കൃഷ്ണമണിയെപ്പോലെ നോക്കി. മരണം വരെ അരുണയെ പരിചരിക്കാനായിരുന്നു അക്കാലത്ത് കെഇഎം ആശുപത്രിയിലുണ്ടായിരുന്ന അരുണയുടെ കൂട്ടുകാരികളുടെ തീരുമാനം. അവരുടെ തീരുമാനം പോലെ മരണം വരെ ആശുപത്രിയിലുള്ളവര്‍ അരുണയെ കുഞ്ഞിനെപ്പോലെ നോക്കി. 

അരുണയുടെ ദുരന്ത ജീവിതം ലോകത്തെ അറിയിച്ചത് പിങ്കി വിരാനിയെന്ന പത്രപ്രവര്‍ത്തകയാണ്. പിന്നീട് ഇവരാണ് അരുണയുടെ ദയനീയാവസ്ഥ കണ്ട് ദയാവധത്തിന് അപേക്ഷ നല്‍കിയത്. 2009 ലായിരുന്നു ഇത്. അരുണയ്ക്ക് നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കുന്നത് നിര്‍ത്തണമെന്നാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ അവര്‍ പറഞ്ഞത്. തുടര്‍ന്ന് 2011 ല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം അരുണയെ മെഡിക്കല്‍ സംഘം പരിശോധിച്ചു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പിങ്കിയുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു.

വര്‍ഷങ്ങളോളം ദുരിതം അനുഭവിക്കുന്ന അരുണയ്ക്ക് ദയാവധം ഒരു അനുഗ്രഹം തന്നെയായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടില്ല. നാല് വര്‍ഷം കൂടി അവര്‍ വീണ്ടും ജീവിച്ചു. വാല്‍മീകി ബാക്കിവെച്ച അവളിലെ ജീവന്‍ 2015 മേയില്‍ അസ്തമിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com