9 മണിക്കൂര്‍ തെളിഞ്ഞു നിന്ന മഴവില്ലിന് ലോക റെക്കോഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th March 2018 11:03 AM |
Last Updated: 26th March 2018 11:09 AM | A+A A- |
മാനത്ത് വിരിഞ്ഞു നില്‍ക്കുന്ന മഴവില്ലിന് വല്ലാത്ത സൗന്ദര്യമാണ്. എന്നാല്‍ തായ്‌വാന്‍ സ്വദേശികള്‍ക്ക് ഇപ്പോള്‍ മഴവില്ല് അഭിമാനമാണ്. ലോകത്തിലെ ഏറ്റവും ദീര്‍ഘനേരം തെളിഞ്ഞുനിന്ന മഴവില്ലിന്റെ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് തായ് വാന്‍. തായ്‌പെയ്ല്‍ വിരിഞ്ഞ ഒന്‍പതു മണിക്കൂര്‍ നീണ്ടുനിന്ന മഴവില്ലാണ് റെക്കോഡ് സൃഷ്ടിച്ചത്. രാവിലെ 6.35 ന് തെളിഞ്ഞ മഴവില്ല് വൈകുന്നേരം നാലുമണിവരെയാണ് നീണ്ടുനിന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 30 നാണ് ദൗര്‍ഘ്യമേറിയ മഴവില്ല് മാനത്ത് വിരിഞ്ഞത്. ഇത് കണ്ട സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ് മഴവില്ലിനെ ക്യാമറയില്‍ പകര്‍ത്തി ലോകറെക്കോഡിനായി സമര്‍പ്പിക്കുകയായിരുന്നു. പതിനായിരത്തോളം ചിത്രങ്ങളും വിഡിയോയുമാണ് മഴവില്ലിന്റേതായി ഗിന്നസ് ബുക്ക് അധികൃതര്‍ക്കു ലഭിച്ചത്. മാസങ്ങളോളം നീണ്ടു നിന്ന പരിശോധനക്കൊടുവില്‍ ഇവയൊന്നും കൃത്രിമമല്ല എന്നു തെളിഞ്ഞതോടെയാണ് മഴവില്ലിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്.
1994ല്‍ ഇംഗ്ലണ്ടിലെ യോര്‍ക്ക് ഷെയറില്‍ വിരിഞ്ഞ 6 മണിക്കൂര്‍ നീളമുള്ള മഴവില്ലിന്റെ റെക്കോഡാണ് തായ് വാന്‍ മഴവില്ല് തകര്‍ത്തത്. സൂര്യന്റെ പ്രകാശം അന്തരീക്ഷത്തിലെ ഈര്‍പ്പത്തില്‍ പ്രതിഫലിക്കുമ്പോഴാണ് മഴവില്ലുകള്‍ ഉണ്ടാകാറുള്ളത്. ഉയര്‍ന്ന പ്രദേശമായതിനാല്‍ തായ്‌പെയ്ല്‍ ശൈത്യകാലത്ത് ഇങ്ങനെ അന്തരീക്ഷത്തില്‍ ഈര്‍പ്പം ഏറെ നേരം നീണ്ടു നില്‍ക്കാറുണ്ട്. ഇതാണ് ലോകറെക്കോര്‍ഡിന് കാരണമായ മഴവില്ലു വിരിയാന്‍ സഹായിച്ചത്.