മലയാളികള്‍ക്ക് അഭിമാനമായി മമ്മൂട്ടി ചിത്രത്തിന്റെ എഴുത്തുകാരി; ബ്രിട്ടന്‍ തെരഞ്ഞെടുപ്പില്‍ ഓമന സ്വന്തമാക്കിയത് മിന്നും വിജയം 

1987 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയുടെ കഥാകാരിയാണ് ഇവര്‍
മലയാളികള്‍ക്ക് അഭിമാനമായി മമ്മൂട്ടി ചിത്രത്തിന്റെ എഴുത്തുകാരി; ബ്രിട്ടന്‍ തെരഞ്ഞെടുപ്പില്‍ ഓമന സ്വന്തമാക്കിയത് മിന്നും വിജയം 

ഡോ. ഓമന ഗംഗാധരന്‍ എന്ന പേരിനൊപ്പം ചേര്‍ത്തു വെക്കാന്‍ നിരവധി വിശേഷണങ്ങളുണ്ട്. എഴുത്തുകാരി, ഡോക്റ്റര്‍, സാമൂഹിക പ്രവര്‍ത്തക അങ്ങനെ  പലതും. എന്നാല്‍ ഓമന ഗംഗാധരന്‍ മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമായി മാറിയിരിക്കുന്നത് മറ്റൊരു കാരണംകൊണ്ടാണ്. ബ്രിട്ടനില്‍ നടന്ന പ്രാദേശിക കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മിന്നും വിജയമാണ് ഓമന നേടിയത്. 

ന്യൂഹാമിന്റെ കൗണ്‍സിലറായി അധികാരത്തിലേറിയിരിക്കുകയാണ് ഓമന. ഇത്തവണയും വിജയം കൈപ്പിടിയിലൊതുക്കിയതോടെ നാലാം തവണയും ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരിക്കുകയാണ് ഇവര്‍. കൂടാതെ ലണ്ടനില്‍ പഠിക്കുവാനെത്തിയ കേന്ദ്ര മന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോനു ശേഷം ലണ്ടനില്‍ കൗണ്‍സിലറായ ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഓമന.

ചങ്ങനാശ്ശേരിക്കാരിയായ ഓമന ഗംഗാധരന്‍ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് വിജയം നേടിയത്. 2002 മുതല്‍ ബ്രിട്ടന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമാണ് ഓമന. നേരത്തെ ന്യൂഹാം കൗണ്‍സിലില്‍ സ്പീക്കറായിരുന്നു ഇവര്‍. ഈ സ്ഥാനത്തിരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഓമന. 2002 ലാണ് ന്യൂഹാമിന്റെ കൗണ്‍സിലറായി ഓമന അധികാരത്തിലേറുന്നത്. 2014 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. ഇതിനിടെ 2007-2008 കാലഘട്ടത്തിലാണ് ഇവര്‍ സ്പീക്കറായത്. 

1959 മാര്‍ച്ച് നാലിന് ചങ്ങനാശ്ശേരിയില്‍ ജനനം പി.കെ അയ്യപ്പനും കെ.എം ഭാര്‍ഗവിയമ്മയുമാണ് മാതാപിതാക്കള്‍. കോട്ടയത്തും ചങ്ങനാശ്ശേരിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഓമന 1973 ലാണ് ബ്രിട്ടനിലേക്ക് വരുന്നത്. സ്വാതന്ത്ര്യ സമര പോരാളിയും വൈക്കം സത്യാഗ്രഹത്തിലെ പ്രവര്‍ത്തകനുമായ മാധവന്റെ മകന്‍ കെ. ഗംഗാധരനെയാണ് ഓമന വിവാഹം കഴിച്ചിരിക്കുന്നത്. രണ്ട് മക്കളാണുള്ളത്. 

രാഷ്ട്രീയത്തില്‍ മാത്രമല്ല എഴുത്തിലും ഓമന പുലിയാണ്. 1987 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയുടെ കഥാകാരിയാണ് ഇവര്‍. പിന്നീട് നിരവധി കഥകളും നോവലുകളും കവിതകളും എഴുതിയെങ്കിലും സിനിമ മേഖലയിലേക്ക് തിരിച്ചു വന്നില്ല. ഇല പൊഴിയും കാലം, തുലാവര്‍ഷം, ആരും ഇല്ലാത്ത ഒരാള്‍ എന്നീവയുള്‍പ്പടെ മലയാളത്തില്‍ ഇരുപതോളം നോവലുകളാണ് ഓമന എഴുതിയിരിക്കുന്നത്. അരയാലിന്റെ ഇലകള്‍ എന്ന നോവലാണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്. ഇംഗ്ലീഷിലും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 

ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സിലുകളിലേക്ക് നാലു മലയാളികളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഓമന ഗംഗാധനെക്കൂടാതെ ക്രോയിഡണിലെ ബ്രോഡ് ഗ്രീന്‍ വാര്‍ഡില്‍ മല്‍സരിച്ച മുന്‍ മേയര്‍ കൂടിയായ തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി മഞ്ജു ഷാഹുല്‍ഹമീദ്, ന്യൂഹാം ബറോയിലെ ഈസ്റ്റ്ഹാം വാര്‍ഡില്‍ സുഗതന്‍ തെക്കേപ്പുര, കേംബ്രിജ് സിറ്റി കൗണ്‍സിലില്‍ ബൈജു വര്‍ക്കി തിട്ടാല എന്നവരും ജയിച്ചു. എല്ലാവരും ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ് മത്സരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com