പത്താം ക്ലാസ് തോറ്റ മകന് ഗംഭീര പാര്‍ട്ടിയൊരുക്കി അച്ഛന്‍: അമ്പരന്ന് ഗ്രാമവാസികള്‍

പടക്കം പൊട്ടിച്ചും, നാടാകെ മധുരം വിതരണം ചെയ്തും ഒരു നേരത്തെ ഭക്ഷണം നല്‍കിയുമാണ് നാട്ടുകാരെയും പ്രിയപ്പെട്ടവരെയും പിതാവ് പറഞ്ഞയച്ചത്.
പത്താം ക്ലാസ് തോറ്റ മകന് ഗംഭീര പാര്‍ട്ടിയൊരുക്കി അച്ഛന്‍: അമ്പരന്ന് ഗ്രാമവാസികള്‍

ക്കള്‍ പരീക്ഷയില്‍ തോല്‍ക്കുമ്പോള്‍ മാതാപിതാക്കളാണ് കൂടുതല്‍ സങ്കടവും നിരാശയുമെല്ലാം പ്രകടിപ്പിക്കുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായി പെരുമാറിയിരിക്കുകയാണ് ഇവിടെയൊരച്ഛന്‍. പത്താം ക്ലാസ് തോറ്റ മകന് അച്ഛന്‍ നല്‍കിയ സമ്മാനം കണ്ട് ഒരു ഗ്രാമം മുഴുവന്‍ അമ്പരന്ന് നില്‍ക്കുകയാണ്. മദ്ധ്യപ്രദേശിലെ ഒരു ഗ്രാമത്തിലാണ് സംഭവം. 

തന്റെ മകന്‍ പരീക്ഷയില്‍ തോറ്റപ്പോള്‍ വഴക്ക് പറയാനോ, അവനെ നിരാശപ്പെടുത്താനോ ഒന്നും ഈ അച്ഛന്‍ ശ്രമിച്ചില്ല. പകരം, കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഗംഭീര പാര്‍ട്ടി നല്‍കിയാണ് ഈ അച്ഛന്‍ മകനെ സന്തോഷിപ്പിച്ചത്. പടക്കം പൊട്ടിച്ചും, നാടാകെ മധുരം വിതരണം ചെയ്തും ഒരു നേരത്തെ ഭക്ഷണം നല്‍കിയുമാണ് നാട്ടുകാരെയും പ്രിയപ്പെട്ടവരെയും പിതാവ് പറഞ്ഞയച്ചത്.

ശിവാജി വാര്‍ഡ് സ്വദേശിയും സിവില്‍ കോണ്‍ട്രാക്ടറുമായ സുരേന്ദ്ര കുമാര്‍ വ്യാസാണ് മകന്റെ തോല്‍വി വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചത്. 'ഇങ്ങനെയാണ് എനിക്ക് എന്റെ മകനെ പ്രോത്സാഹിപ്പിക്കേണ്ടത്. മിക്ക കുട്ടികളും പരീക്ഷയില്‍ തോറ്റാല്‍ വിഷാദത്തിലേക്ക് വീണു പോകാറാണ് പതിവ്. ചിലര്‍ ആത്മഹത്യയ്ക്ക് മുതിരാറുണ്ട്. ബോര്‍ഡ് പരീക്ഷകളല്ല ജീവിതത്തിലെ അവസാനത്തെ പരീക്ഷയെന്നാണ് എനിക്ക് കുട്ടികളോട് പറയാനുളളത്. ഇനിയും അവര്‍ മുന്നോട്ട് പോകാനുണ്ട്',- സുരേന്ദ്ര കുമാര്‍ പറഞ്ഞു.

കൂടാതെ തന്റെ മകന് അടുത്ത വര്‍ഷം വീണ്ടും പരീക്ഷയെഴുതാന്‍ കഴിയുമെന്ന പ്രതീക്ഷയും സുരേന്ദ്ര കുമാര്‍ പ്രകടിപ്പിച്ചു. പിതാവിന്റെ പ്രവൃത്തിയില്‍ മകനും ഏറെ സന്തോഷത്തിലാണ്. തന്നെ ഇത് പ്രചോദിപ്പിക്കുന്നതായും ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ഇത് സഹായിക്കുമെന്ന് മകന്‍ അഷു കുമാര്‍ പറഞ്ഞു. 'എന്റെ അച്ഛനെ ഞാന്‍ അഭിനന്ദിക്കുന്നു. നല്ല മാര്‍ക്കോടെ അടുത്ത വര്‍ഷം ജയിക്കാന്‍ ഞാന്‍ പരിശ്രമിക്കും'- അഷു പറഞ്ഞു.

അതേസമയം, മദ്ധ്യപ്രദേശ് ബോര്‍ഡ് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്ത ആറ് കുട്ടികള്‍ ആത്മഹത്യ ചെയ്തു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ ഫലം പുറത്ത് വന്ന് മണിക്കൂറുനുള്ളിലാണ് കുട്ടികള്‍ ആത്മഹത്യ ചെയ്തത്. മദ്ധ്യപ്രദേശിലെ വിവിധ ജില്ലകളിലെ വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com