നോമ്പു മുറിക്കാന്‍ ഔഷധക്കഞ്ഞി; 200 വര്‍ഷം പഴക്കമുള്ള പട്ടാളപ്പള്ളി വ്യത്യസ്തമാകുന്നത് ഇങ്ങനെയൊക്കെയാണ്

റംസാന്‍ മാസത്തോട് അനുബന്ധിച്ച് അമുസ്ലീമായവരേയും ഉള്‍പ്പെടുത്തി പ്രത്യേക ഇഫ്താര്‍ സല്‍കാരം നടത്തിയാണ് പട്ടാള പള്ളി വ്യത്യസ്തമാകുന്നത്
നോമ്പു മുറിക്കാന്‍ ഔഷധക്കഞ്ഞി; 200 വര്‍ഷം പഴക്കമുള്ള പട്ടാളപ്പള്ളി വ്യത്യസ്തമാകുന്നത് ഇങ്ങനെയൊക്കെയാണ്


തിരുവനന്തപുരം; രണ്ട് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തിരുവിതാന്‍കൂര്‍ രാജ്യാധികാരികള്‍ പട്ടാളക്കാര്‍ക്കായി നിര്‍മിച്ചു നല്‍കിയതാണ് പാളയത്ത് സ്ഥിതിചെയ്യുന്ന മുസ്ലീം പള്ളി. ഹൈന്ദവ ദേവാലയത്തോട് അതിര്‍ത്തി പങ്കിടുന്ന പള്ളി രാജ്യ സൈന്യത്തിലെ മുസ്ലീം അംഗങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനും ഈദ്ഗാഹ് നടത്തുന്നതിനും വേണ്ടിയാണ് പണിതത്. ഇപ്പോള്‍ ഈ പുരാതന പള്ളി മതസൗഹാര്‍ദത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. റംസാന്‍ മാസത്തോട് അനുബന്ധിച്ച് അമുസ്ലീമായവരേയും ഉള്‍പ്പെടുത്തി പ്രത്യേക ഇഫ്താര്‍ സല്‍കാരം നടത്തിയാണ് പട്ടാള പള്ളി വ്യത്യസ്തമാകുന്നത്. 

മതത്തിന്റ പേരിലുള്ള എല്ലാ വേര്‍തിരിവുകളും ഭേദിച്ചുകൊണ്ട് പ്രദേശ വാസികളും പള്ളിയ്ക്ക് സമീപമുള്ള സെക്രട്ടേറിയേറ്റിലെ ജീവനക്കാരും കച്ചവടക്കാരും ഡ്രൈവര്‍മാരും കാല്‍നടക്കാരുമെല്ലാം പണ്യ മാസത്തിലെ വൈകുന്നേരങ്ങളില്‍ ഇവിടെ ഒത്തുകൂടുന്നു. ആരോഗ്യ സംരക്ഷണത്തിന് പറ്റിയ ഭക്ഷണമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. ഔഷധകഞ്ഞിയാണ് ഇവിടുത്തെ സ്‌പെഷ്യല്‍. പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതാണ് പട്ടാളപ്പള്ളിയിലെ ഇഫ്താര്‍ വിരുന്നു. 

തിരുവിതാന്‍കൂര്‍ പട്ടാളത്തിന് വേണ്ടി നിര്‍മിച്ചതിനാല്‍ പട്ടാളപ്പള്ളി എന്ന പേരിലാണ് പാളയം ജുമ സമസ്ജിദ് അറിയപ്പെട്ടിരുന്നത്. പുണ്യമാസത്തില്‍ കഞ്ഞി കുടിച്ച് നോമ്പ് മുറിക്കാന്‍ ദിവസും അമുസ്ലീങ്ങള്‍ അടക്കം 900 മുതല്‍ 1200 പേരാണ് പള്ളിയില്‍ എത്തുന്നത്. കൂടാതെ സ്ത്രീകള്‍ക്ക് നോമ്പ് മുറിക്കാനുള്ള സൗകര്യവും പള്ളിയില്‍ ഒരുക്കിയിട്ടുണ്ട്. 1813 ലാണ് പള്ളി നിര്‍മിച്ചതെന്നാണ് പാളയം ഇമാം മൗലവി വി.പി. സഹൈബ് പറയുന്നത്. ആദ്യം ഇത് ചെറിയ പള്ളിയായിരുന്നു. പിന്നീട് 1960 ലാണ് പള്ളി പുതുക്കി പണിയുന്നത്.ഒരു നൂറ്റാണ്ടായി ഇഫ്താര്‍ ഇവിടെ നടപ്പാക്കുന്നുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈന്തപ്പഴവും പഴങ്ങളും കഴിച്ച് നോമ്പ് മുറിച്ചതിന് ശേഷമാണ സ്വാതിഷ്ടമായ കഞ്ഞി വിതരണം ചെയ്യുന്നത്. പൂര്‍ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പിന്തുടര്‍ന്നുകൊണ്ടാണ് ഇഫ്താര്‍ കാലത്ത് ഭക്ഷണം പാകം ചെയ്യുന്നത്. കഞ്ഞിയുണ്ടാക്കുമ്പോഴും വിതരണം ചെയ്യുമ്പോഴും ഒരു രീതിയിലുമുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നില്ല. ചരിത്രപരമായ വളരെ അധികം പ്രത്യേകതകളുള്ള പള്ളിയാണിത്. മുസ്ലീം സൈനികര്‍ക്കായി പള്ളി നിര്‍മിച്ചതുപോലെ ഹിന്ദു സൈനികര്‍ക്ക് പ്രാര്‍ത്ഥിക്കാനായി ഗണപതിയുടെ ആരാധാനാലയവും ഇവിടെയുണ്ട്. പ്രമുഖ എഴുത്തുകാരി കമലദാസിന്റെ ഖബര്‍ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com