കാലുകൊണ്ട് വ്യായാമം ചെയ്താല്‍ ബുദ്ധി കൂടുമോ? (ഇത് ട്രോളല്ല )
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th May 2018 03:26 PM |
Last Updated: 27th May 2018 03:26 PM | A+A A- |
തലച്ചോറിന്റെയും നാഡികളുടെയും ആരോഗ്യത്തിന് കാലുകളുടെ വ്യായാമം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പുതിയ പഠനം. നാഡികളുടെ ആരോഗ്യം കാലിലെ പേശികളില്‍ നിന്ന് തലച്ചോറിലേക്കും തലച്ചോറില്‍ നിന്ന് തിരിച്ചും അയക്കുന്ന സിഗ്നലുകളെ ആശ്രയിച്ചാണെന്നാണ് പഠനത്തില്‍ പറയുന്നത്. ന്യൂറോ രോഗികളുടെ ചലനശേഷി കുറയുന്നതിന്റെ പിന്നിലെ കാരണം തിരിച്ചറിയാന്‍ ഈ പുതിയ കണ്ടെത്തല്‍ ഡോക്ടര്‍മാരെ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
വ്യായാമം കുറയുന്നത് ശരീരത്തില്‍ പുതിയ നാഡികോശങ്ങള്‍ രൂപപ്പെടുന്നത് തടയുമെന്നും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളും സമ്മര്‍ദ്ദവും മറികടക്കാനാവാത്ത അവസ്ഥയിലേക്ക് മനുഷ്യനെ ഇത് എത്തിക്കുമെന്നും പഠനം പറയുന്നു. ഫ്രോണ്‍ടിയേഴ്‌സ് ഇന്‍ ന്യൂറോസയന്‍സ് എന്ന ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചു. കാലുകളുടെ ചലനം കുറയുമ്പോള്‍ ന്യൂറല്‍ സ്‌റ്റെം സെല്ലുകളുടെ എണ്ണം 70ശതമാനമായി കുറയുമെന്നാണ് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
വ്യായാമം കുറയുന്നത് ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുമെന്നും പഠനത്തില്‍ പറയുന്നു. ഈ പഠനം കാലുകളുടെ പേശികള്‍ക്ക് വ്യായാമം നല്‍കുന്നതിന്റെ പ്രാധാന്യം ചൂണ്ടികാട്ടുന്നതാണെന്നും നടത്തം, ഓട്ടം, കാലുകള്‍ ഉപയോഗിച്ച് ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുക തുടങ്ങിയ വ്യായാമരീതികള്‍ ഗുണകരമാകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഇറ്റലിയിലെ മിലാന്‍ സര്‍വകലാശാലയിലെ റഫേലാ അഡാമി പറയുന്നു.