'മദ്യപിക്കാനായി ബാറുകളിലേക്ക് ക്ഷണിക്കും ലൈംഗിക താല്‍പ്പര്യത്തോടെ സമീപിക്കും'; മേലുദ്യോഗസ്ഥനെതിരേ എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസ്

ശക്തനും വലിയ പിടിപാടുമുള്ള ഈ മനുഷ്യന്‍ ഹോളിവുഡ് വിവാദ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന് തുല്യമാണെന്നാണ് യുവതി കത്തിലൂടെ പറയുന്നത്
'മദ്യപിക്കാനായി ബാറുകളിലേക്ക് ക്ഷണിക്കും ലൈംഗിക താല്‍പ്പര്യത്തോടെ സമീപിക്കും'; മേലുദ്യോഗസ്ഥനെതിരേ എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസ്

മേലുദ്യോഗസ്ഥനില്‍ നിന്നുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതി എയര്‍ഇന്ത്യ എയര്‍ഹോസ്റ്റസ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇയാളെക്കുറിച്ച് പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ എയര്‍ ഇന്ത്യ ഇയാളെ സംരക്ഷിക്കുകയാണെന്നുമാണ് യുവതിയുടെ ആരോപണം. 

ശക്തനും വലിയ പിടിപാടുമുള്ള ഈ മനുഷ്യന്‍ ഹോളിവുഡ് വിവാദ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന് തുല്യമാണെന്നാണ് യുവതി കത്തിലൂടെ പറയുന്നത്. ലൈംഗിക താല്‍പ്പര്യത്തോടെ സമീപിക്കുകയും അധിക്ഷേപിക്കുകയും ലൈംഗിക ബന്ധത്തെക്കുറിച്ച് തന്നോടും മറ്റുള്ള സ്ത്രീകളോടും ഇയാള്‍ സംസാരിച്ചിട്ടുണ്ടെന്നുമാണ് ജീവനക്കാരിയുടെ ആരോപണം. ഇയാളുടെ താല്‍പ്പര്യത്തിന് വഴങ്ങാത്തതിന് തന്നെ വിവേചനം നേരിടേണ്ടിവന്നെന്നും സിംഗിള്‍ മതറായ എയര്‍ഹോസ്റ്റസ് പറഞ്ഞു. 

ഇയാളുടെ ഓഫീസില്‍ വെച്ച് ബാറിലേക്ക് മദ്യപിക്കാന്‍ ക്ഷണിക്കും. പലപ്പോഴും അത് ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും എയര്‍ഹോസ്റ്റസ് വ്യക്തമാക്കി. മേലുദ്യോഗസ്ഥന്റെ ഇത്തരം പെരുമാറ്റത്തിന് പലരും സാക്ഷികളായിട്ടുണ്ടെന്നും എന്നിട്ടും ഇതിനെതിരേ പ്രതികരിക്കാന്‍ ആരും തയാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

നീണ്ടനാളായി എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുകയാണ് യുവതി. ആറ് വര്‍ഷമായി തുടരുന്ന മേലുദ്യോഗസ്ഥന്റെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചത്. ഇയാളില്‍ നിന്ന് ഉപദ്രവം നേരിടുന്ന മറ്റ് സ്ത്രീകളേയും കൂട്ടി അയാള്‍ക്കെതിരേ പ്രതികരിച്ചെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യയിലെ വനിത സെല്ലും ഇയാളെ സംരക്ഷിക്കുകയായിരുന്നെന്നാണ് യുവതി പറയുന്നത്. തന്നോടുണ്ടായ അയാളുടെ പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വനിത സെല്ലിന്റെ ചെയര്‍പേഴ്‌സണ്‍ തന്നോടും അത്തരത്തില്‍ ഫ്‌ളേര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് തള്ളുകയായിരുന്നെന്നും കത്തിലൂടെ പറഞ്ഞു. അവസാനം കഴിഞ്ഞ സെപ്റ്റംബറില്‍ കമ്പനിക്ക് ഇയാള്‍ക്കെതിരേ കത്ത് അയച്ചെങ്കിലും ഒരു അനക്കവുമുണ്ടായില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ എന്നിവര്‍ക്കുമാണ് യുവതി കത്ത് അയച്ചത്. ആരാണ് ഉദ്യോഗസ്ഥനെന്ന് യുവതി വ്യക്തമാക്കിയിട്ടില്ല. നേരിട്ട് കാണുമ്പോള്‍ ഇയാളുടെ പേര് പറയാം എന്നാണ് അധികാരികളോട് യുവതി പറയുന്നത്. അയാള്‍ക്കെതിരേ കടുത്ത നടപടിയെടുക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com