പ്രളയത്തില്‍ കൈവിട്ടു പോയ ഭാര്യയെ തേടി അലഞ്ഞത് വര്‍ഷങ്ങളോളം; അവസാനം കണ്ടെത്തി, മനസിന്റെ താളം തെറ്റിയ നിലയില്‍: ഇവരുടെ ജീവിതം പറയും പ്രണയത്തിന്റെ തീവ്രത

ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ഈ പ്രണയത്തെ സിനിമയാക്കാന്‍ ഒരുങ്ങുകയാണ് സിദ്ധാര്‍ത്ഥ റോയ് കപൂര്‍
പ്രളയത്തില്‍ കൈവിട്ടു പോയ ഭാര്യയെ തേടി അലഞ്ഞത് വര്‍ഷങ്ങളോളം; അവസാനം കണ്ടെത്തി, മനസിന്റെ താളം തെറ്റിയ നിലയില്‍: ഇവരുടെ ജീവിതം പറയും പ്രണയത്തിന്റെ തീവ്രത

പ്രളയത്തിന്റെ ഭീകരത തൊട്ടറിഞ്ഞവരാണ് ഓരോ മലയാളികളും. സ്വന്തമെന്നു പറയാനുണ്ടായതെല്ലാം പ്രളയജലത്തില്‍ മുങ്ങിപ്പോകുന്നത് നമ്മള്‍ നോക്കിനിന്നു. പ്രളയജലം പിന്‍വാങ്ങിയതോടെ ഇതുവരെ അനുഭവിച്ച ദുരിതങ്ങളെല്ലാം മറന്ന് നമ്മള്‍ വീണ്ടും ജീവിതം കെട്ടിപ്പടുക്കുകയാണ്. കേരളത്തിലുണ്ടായതിനേക്കാള്‍ ഭീകരമായിരുന്നു 2013 ല്‍ ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലുണ്ടായ പ്രളയം. നൂറുകണക്കിന് ആളുകളുടെ ജീവനാണ് പ്രളയം കവര്‍ന്നത്. നിരവധി പേരെ കാണാതായി. എല്ലാം ദുരിതങ്ങളും മറന്ന് അവരും പതിയെ ജീവിതത്തിലേക്ക് മടങ്ങി. 

എന്നാല്‍ ചിലര്‍ക്ക് അത്ര എളുപ്പമായിരുന്നില്ല അത്. പ്രിയപ്പെട്ടവര്‍ ഇനി ഇല്ല എന്ന് വിശ്വസിക്കാന്‍ ചിലര്‍ക്ക് ആവില്ല. പിടിവിട്ടു പോയ ആ കൈകള്‍ തിരഞ്ഞ് അവര്‍ അലഞ്ഞുതിരിയും ചിലര്‍ അതില്‍ വിജയിക്കും മറ്റു ചിലര്‍ തന്റെ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കും. വിജേന്ദ്രസിങ് റാത്തോര്‍ ആ കൂട്ടത്തില്‍ ഒരാളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രളയം കൊണ്ടുപോയ തന്റെ ഭാര്യയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു വിജേന്ദ്രസിങ്. അവസാനം അദ്ദേഹം തന്റെ ഭാര്യയെ കണ്ടെത്തുക തന്നെ ചെയ്തു. പ്രളയം സൃഷ്ടിച്ച ആഘാതത്തില്‍ മാനസിക നിലതെറ്റി ആകെ തകര്‍ന്ന തന്റെ പ്രിയതമയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള കഠിന ശ്രമത്തിലാണ് അദ്ദേഹം ഇപ്പോള്‍. 

രാജസ്ഥാനിലെ അജ്മീറില്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. 2013 ലാണ് ഭാര്യ ലീലയ്ക്കും 30 പേര്‍ക്കുമൊപ്പം അദ്ദേഹം കേദാര്‍നാഥില്‍ എത്തിയത്. മഹാപ്രളയത്തില്‍ വിജേന്ദ്രസിങ്ങിന് ഭാര്യയെ നഷ്ടമായി. കാണാതായ ഭാര്യയെ തിരഞ്ഞ് പരിചയമില്ലാത്ത നാട്ടില്‍ അദ്ദേഹം കുറേ അലഞ്ഞു. കൈയിലുണ്ടായിരുന്ന ഭാര്യയുടെ ചിത്രവുമായി അദ്ദേഹം നൂറു കണക്കിന് ഗ്രാമങ്ങള്‍ കയറിയിറങ്ങി. കാണുന്നവരോടൊക്കെ ഭാര്യയെ തിരഞ്ഞു. മാസങ്ങള്‍ കടന്നു പോയി. നാട്ടില്‍ കാത്തിരിക്കുന്ന മക്കളുടെ അടുത്തേക്ക് പോകാതെ അദ്ദേഹം തന്റെ തിരച്ചില്‍ തുടര്‍ന്നു. അവസാനം ഗവണ്‍മെന്റ് ലീലയുടെ പേര് മരിച്ചവരുടെ പട്ടികയില്‍ എഴുതിച്ചേര്‍ത്തു. ഒന്‍പത് ലക്ഷം രൂപ ധനസഹായം നല്‍കിയെങ്കിലും തന്റെ ഭാര്യ ജീവനോടെയുണ്ടാകും എന്ന വിശ്വാസത്തില്‍ അത് വാങ്ങാതെ അദ്ദേഹം തിരച്ചില്‍ തുടര്‍ന്നു. 

അവസാനം വര്‍ഷങ്ങള്‍ക്കിപ്പുറം 2015 ലാണ് ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഭാര്യയെക്കുറിട്ട് സൂചന ലഭിക്കുന്നത്. മാനസിക പ്രശ്‌നമുള്ള ഒരു സ്ത്രീയെ കണ്ടെത്തിയെന്നും അവര്‍ക്ക് ലീലയുടെ സാമ്യമുണ്ടെന്നും അറിഞ്ഞാണ് അദ്ദേഹം അവിടെയെത്തുന്നത്. എല്ലാവരുടേയും കണക്കുകൂട്ടലുകളും തെറ്റിച്ച് പ്രളയത്തേയും മരണത്തേയും അതിജീവിച്ച് ലീല വിജേന്ദ്രസിങ്ങിന്റെ അടുത്തേക്ക് തിരികെ എത്തി. ഇപ്പോള്‍ വിജേന്ദ്രയുടെ സ്‌നേഹ പരിചരണത്തില്‍ ജീവിതം തിരിച്ചുപിടിക്കുകയാണ് ലീല. ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ഈ പ്രണയത്തെ സിനിമയാക്കാന്‍ ഒരുങ്ങുകയാണ് സിദ്ധാര്‍ത്ഥ റോയ് കപൂര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com