സ്‌ട്രോബെറികളില്‍ തയ്യല്‍സൂചി: സ്ത്രീ അറസ്റ്റില്‍, പഴങ്ങളില്‍ സൂചി ഒളിപ്പിച്ചതിന് പിന്നിലെ കാരണം ദുരൂഹം

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്ലാസ്റ്റിക് ബോക്‌സുകളില്‍ വിറ്റഴിക്കപ്പെട്ട പഴങ്ങളില്‍ നിന്നുമാണ് സൂചി കണ്ടെത്തിയത്. 
സ്‌ട്രോബെറികളില്‍ തയ്യല്‍സൂചി: സ്ത്രീ അറസ്റ്റില്‍, പഴങ്ങളില്‍ സൂചി ഒളിപ്പിച്ചതിന് പിന്നിലെ കാരണം ദുരൂഹം

ക്വീന്‍സ്ലാന്റ്: സ്‌ട്രോബറികളില്‍ നിന്നും തയ്യല്‍ സൂചി കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് 50 കാരി അറസ്റ്റില്‍. ഓസ്‌ട്രേലിയയിലാണ് സംഭവം. ഇതോടെ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മൂന്ന് മാസക്കാലത്തോളം ഓസ്‌ട്രേലിലയില്‍ നിലനിന്നിരുന്ന ഭയത്തിനാണ് വിരാമമായത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്ലാസ്റ്റിക് ബോക്‌സുകളില്‍ വിറ്റഴിക്കപ്പെട്ട പഴങ്ങളില്‍ നിന്നുമാണ് സൂചി കണ്ടെത്തിയത്. 

സൂചി അടങ്ങിയ പഴങ്ങളില്‍ ഭൂരിഭാഗവും സ്‌ട്രോബറികളായിരുന്നു. സ്‌ട്രോബെറിക്ക് പുറമെ ആപ്പിള്‍, മാമ്പഴം തുടങ്ങിയ പഴവര്‍ഗ്ഗങ്ങളില്‍ നിന്നും തയ്യല്‍ സൂചികള്‍ കണ്ടെത്തിയിരുന്നു. സ്‌ട്രോബറി കഴിച്ച ഒരാള്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാവുകയും തുടര്‍ന്ന് സമാനമായ 100ല്‍ അധികം സംഭവങ്ങള്‍ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. 

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓസ്‌ട്രേലിയയുടെ ആറു സംസ്ഥാനങ്ങളില്‍ നിന്നും സൂചികള്‍ അടങ്ങിയ സ്‌ട്രോബറി കണ്ടെത്തി. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് സ്‌ട്രോബറി വില്‍പ്പന പൂര്‍ണമായും നിര്‍ത്തിവെക്കുകയായിരുന്നു. സംഭവം അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. 

ഇതിനിടെ ക്വീന്‍സ്ലാന്റ് പൊലീസ് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. പഴവര്‍ഗങ്ങളില്‍ സൂചി നിക്ഷേപിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്താണെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല, പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവരെ തിങ്കളാഴ്ച ബ്രിസ്‌ബൈന്‍ മജിസ്‌ട്രേറ്‌സ് കോടതിയില്‍ ഹാജരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com