അവര്‍ അമ്മയും അഞ്ച് വളര്‍ത്തു മക്കളും; അറിയണം, കൊച്ചിയില്‍ ആക്രമിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡറിന്റെ ജീവിതം

ഒറ്റയ്ക്കായി പോകുന്നവര്‍ക്ക് ഏതുനേരവും കയറി ചെല്ലാന്‍ സ്വാതന്ത്ര്യമുണ്ട് സജ്‌നയുടെ വാടക വീട്ടില്‍. കൂടെ താമസിപ്പിക്കും, ഭക്ഷണം നല്‍കും, പഠിപ്പിക്കും, ജോലി വാങ്ങിക്കൊടുക്കും...
അവര്‍ അമ്മയും അഞ്ച് വളര്‍ത്തു മക്കളും; അറിയണം, കൊച്ചിയില്‍ ആക്രമിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡറിന്റെ ജീവിതം

ട്രാന്‍സ് ജെന്‍ഡര്‍ പോളിസി നടപ്പാക്കി രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളം. എന്നാല്‍ നമ്മുടെ ഒരു നഗരവും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് സുരക്ഷിതമല്ല എന്നാണ് ദിനവും ഏറിവരുന്ന ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്ത് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസം ഈ പട്ടികയിലെ അവസാനത്തേതുമാകില്ല. വീട്ടുകാരാലും നാട്ടുകാരാലും വെറുക്കപ്പെട്ട് ജീവനും ജീവിതവും കയ്യില്‍പ്പിടിച്ച് ഓടിയെത്തുന്ന ട്രാന്‍സ് വിഭാഗത്തില്‍പ്പെട്ടവരെ സ്വന്തം മക്കളെപ്പോലെ സംരക്ഷിക്കുന്ന ഒരമ്മയ്ക്കും അവരുടെ വളര്‍ത്തു മകള്‍ക്കും നേരെയാണ് ഞായറാഴ്ച രാത്രി പാലാരിവട്ടത്ത് സദാചാര ഗുണ്ടകള്‍ അഴിഞ്ഞാടിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള അഞ്ചുപേരെയാണ് സജ്‌ന ഷാജിയെന്ന സാമൂഹ്യ പ്രവര്‍ത്തക തന്റെ ചിറകിനു കീഴില്‍ കാത്തുപോരുന്നത്. 

ഒറ്റയ്ക്കായി പോകുന്നവര്‍ക്ക് ഏതുനേരവും കയറി ചെല്ലാന്‍ സ്വാതന്ത്ര്യമുണ്ട് സജ്‌നയുടെ വാടക വീട്ടില്‍. കൂടെ താമസിപ്പിക്കും, ഭക്ഷണം നല്‍കും, പഠിപ്പിക്കും, ജോലി വാങ്ങിക്കൊടുക്കും, മനസ്സില്‍ ഒരേയൊരു ചിന്തമാത്രം, താന്‍ അനുഭവിച്ച ദുരിതങ്ങള്‍ മറ്റൊരാളും അനുഭവിക്കരുത്....

രണ്ടര വര്‍ഷമായി സജ്‌ന തന്റെ കൂടെ കുട്ടികളെ താമസിപ്പിക്കാന്‍ തുടങ്ങിയിട്ട്. സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും ഒരുനാള്‍ ജീവിതം തളിര്‍ക്കും എന്ന ശുഭപ്രതീക്ഷയിലാണ് സജ്‌നയും അഞ്ച് മക്കളും കഴിയുന്നത്. വഴിയരികില്‍ നിന്ന് കൈപിടിച്ചുകൊണ്ടുവന്ന കുട്ടികളെക്കുറിച്ച്, മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് സജ്‌ന പറയുന്നു...

ഞാന്‍ പതിമൂന്നാം വയസ്സില്‍ വീടുവിട്ടിറങ്ങിയതാണ്. പല പല തെരുവുകളിലായി ജീവിച്ചു. ഭക്ഷണം കഴിക്കാതെ, മാറിയുടുക്കാന്‍ വസ്ത്രങ്ങളില്ലാതെ അലഞ്ഞു. ഉത്സവ പറമ്പുകളിലും അമ്പലങ്ങളിലും രാത്രിയുറങ്ങി...ചവറുകൂനയില്‍ നിന്ന് വരെ ഭക്ഷണം വാരി കഴിച്ചിട്ടുണ്ട്... ഞാനേറ്റ പൊള്ളല്‍ ഇനി സ്വത്വം മനസ്സിലാക്കി വീടുവിട്ടിറങ്ങേണ്ടി വരുന്ന കുട്ടികള്‍ അനുഭവിക്കരുത് എന്നൊരു വാശിയുണ്ട്. അതുകൊണ്ടാണ് കുട്ടികളെ കൂടെ താമസിപ്പിക്കാന്‍ തീരുമാനിച്ചത്. എട്ടു കുട്ടികളുണ്ടായിരുന്നു. മൂന്നുപേര്‍ ജോലി കിട്ടിയും പഠനത്തിനും ഒക്കെയായി പോയി. ഇപ്പോള്‍ അഞ്ച് പേരാണുള്ളത്. അവര്‍ എന്റെയടുത്തായിരിക്കുമ്പോള്‍ സന്തോഷത്തോടെയിരിക്കുന്നു. അതെന്റെയും സന്തോഷമാണ്...

എനിക്കിപ്പോള്‍ കയറി കിടക്കാന്‍ വാടകയ്ക്ക് ആണെങ്കില്‍പ്പോലും ഇടമുണ്ട്. പക്ഷേ സ്വത്വം വെളിപ്പെടുത്തി കഴിഞ്ഞാല്‍ ആട്ടിയോടിക്കപ്പെടുന്ന ഭൂരിഭാഗം പേര്‍ക്കും അങ്ങനെയൊരിടമില്ല. പലരും ലൈംഗിക തൊഴിലിലേക്ക് തിരിയുന്നതിന്റെ പ്രധാന കാരണം ഷെല്‍ട്ടറുകള്‍ ഇല്ല എന്നതാണ്. എനിക്കിപ്പോള്‍ അവരില്‍ ചുരുക്കംപേരെ സംരക്ഷിക്കാന്‍ കഴിയുന്നു. മുന്നോട്ടുപോകുമ്പോള്‍ കൂടുതല്‍ കുട്ടികളെ കൂടെ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ്.

ഈ കുട്ടികളില്‍ രണ്ടുപേരെ ഞാന്‍ മറൈന്‍ ഡ്രൈവില്‍ വച്ചാണ് കാണുന്നത്. അവരവിടെയാണ് കിടന്നുറങ്ങിയിരുന്നത്. അവിടുന്ന് ഇങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടുവന്നു. അഞ്ചുപേരില്‍ ഒരാള്‍ മഹാരാജാസില്‍ പഠിക്കുന്നു. മറ്റുള്ളവര്‍ ജോലി ചെയ്യുന്നു. 

എന്റെ കൂടെയുള്ള കുട്ടികള്‍ക്ക് ഞാന്‍ മാത്രമാണ് രക്ഷിതാവ്. അവരുടെ വീട്ടില്‍ നിന്ന് ആരും ഇതുവരെ തിരക്കിയെത്തിയിട്ടില്ല. ഞങ്ങളിവിടെ ഉള്ളതുപോലെ സന്തോഷത്തോടെ കഴിയാന്‍ ശ്രമിക്കും. അപ്പോഴാണ് സമൂഹത്തില്‍ നിന്ന് ഇത്തരം ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്നത്. കഴിഞ്ഞ ദിവസം ആക്രണത്തിന് വിധേയയായ റാണ ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനുള്ള മരുന്നുകള്‍ കഴിക്കുകയായിരുന്നു. അപ്പോഴാണ് അവര്‍ അവളെ ക്രൂരമായി മര്‍ദിച്ചത്. ആ കുട്ടി എന്തുമാത്രം വേദന അനുഭവിച്ചിട്ടുണ്ടാകുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ? 

കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട റാണ ആശുപത്രിയില്‍
 

സമൂഹത്തിന്റെ ഭാഗത്ത് നിന്നുമാത്രമല്ല, കമ്മ്യൂണിറ്റിയുടെ ഭാഗത്ത് നിന്നും വളരെ മോശം സമീപനമാണ്.ഇത്രയും പ്രശ്‌നം നടന്നിട്ട് ഞങ്ങള്‍ ഒറ്റക്കാണ്... അവരാരും ഇടപെടുന്നില്ല, എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ക്കറിയില്ല.  

റാണയ്ക്ക് പഠിക്കണം എന്ന് വളരെ ആഗ്രഹമുള്ള കുട്ടിയാണ്. തൃശൂര്‍ കളക്ടര്‍ ഇടപെട്ടാണ് എറണാകുളം മഹാരാജാസില്‍ അഡ്മിഷന്‍ ലഭിച്ചത്. അപ്പോഴാണ് അവളെ ഞാന്‍ ഇങ്ങോട്ടേക്ക് കൂട്ടിയത്. 

ജോലി കിട്ടിപ്പോയ കുട്ടികള്‍ ഇടക്കൊക്കെ വിളിക്കും. സന്തോഷത്തോടെ ജീവിക്കുന്ന കഥ കേള്‍ക്കുമ്പോള്‍ നമുക്കും സന്തോഷമാണ്. ജീവിതകാലം മുഴുവന്‍ എന്റെകൂടെ കഴിയണം എന്ന് കരുതുന്നത് ശരിയല്ലല്ലോ...

അലങ്കാര വസ്തുക്കള്‍ ഡിസൈന്‍ ചെയ്താണ് ജീവിത വരുമാനം കണ്ടെത്തുന്നത്. ആദ്യം ഒരു ഹോസ്റ്റല്‍ നടത്തിയിരുന്നു. അത് നിര്‍ത്തിയപ്പോള്‍ കിട്ടിയ കുറച്ചു തുകയുണ്ട് കയ്യില്‍. രണ്ടുമാസം കഴിയുമ്പോള്‍ ഇനിയെന്താകും എന്ന് അറിയില്ല. വലിയ ചോദ്യചിഹ്നമാണ് മുന്നില്‍. പക്ഷേ കുട്ടികളെ കഷ്ടപ്പെടുത്താതെ എന്തെങ്കിലും ചെയ്യണം, വഴികള്‍ തുറക്കും...

ജനനി ക്വയര്‍ സൊസൈറ്റി എന്ന പേരില്‍ ഒരു സംഘടന കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അതിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞിട്ടില്ല. അതുവന്നുകഴിഞ്ഞാല്‍ കുറച്ചധികം കുട്ടികളെ സംരക്ഷിക്കാന്‍ കഴിയും. അതിജീവിക്കാന്‍ കഴിയും.-സജ്‌ന പുത്തന്‍ പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com