ബഹിരാകാശത്തിരുന്ന് ഇന്ത്യയെ നിരീക്ഷിക്കാന്‍ 'ജിയോ ഐ' യുമായി ജി സാറ്റ്-29 ; ഐഎസ്ആര്‍ഒയുടെ 'ബാഹുബലി'  കൗണ്ട് ഡൗണില്‍

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എല്‍വി-എംകെ മൂന്ന് വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 നെയും വഹിച്ച് ഇന്ന് ബഹിരാകാശത്തേക്ക് യാത്രയാകും. വൈകുന്നേരം 5.08 ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്
ബഹിരാകാശത്തിരുന്ന് ഇന്ത്യയെ നിരീക്ഷിക്കാന്‍ 'ജിയോ ഐ' യുമായി ജി സാറ്റ്-29 ; ഐഎസ്ആര്‍ഒയുടെ 'ബാഹുബലി'  കൗണ്ട് ഡൗണില്‍

ശ്രീഹരിക്കോട്ട:  ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എല്‍വി-എംകെ മൂന്ന് വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 നെയും വഹിച്ച് ഇന്ന് ബഹിരാകാശത്തേക്ക് യാത്രയാകും. വൈകുന്നേരം 5.08 ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഐഎസ്ആര്‍ഒയുടെ അഭിമാന ദൗത്യമായ 'ബാഹുബലി'  വിക്ഷേപിക്കുക. 

ഇന്നലെ ഉച്ചതിരിഞ്ഞ് 2.50 ഓടെയാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. ഗജ ചുഴലിക്കാറ്റിന്റെ ഭീഷണിയെ തുടര്‍ന്ന് വിക്ഷേപണം നീട്ടിവയ്‌ക്കേണ്ടി വരുമെന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഗജ തീരം വീട്ടതോടെ വിക്ഷേപണം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 67 ആം വിക്ഷേപണമാണിത്. ബാഹുബലി ബഹിരാകാശത്തെത്തിക്കുന്ന ജിസാറ്റ്-29 ഇന്ത്യ നിര്‍മ്മിച്ച 33 ആമത് വാര്‍ത്താ വിനിമയ ഉപഗ്രഹം കൂടിയാണ്. 

 രാജ്യത്തെ വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ലഭ്യമാക്കുന്ന തരത്തിലാണ് ജിസാറ്റ് -29 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കശ്മീരിലെയും വടക്ക് കിഴക്കന്‍ മേഖലയിലെയും ഉള്‍പ്രദേശങ്ങളിലെ തത്സമയ വിവരങ്ങള്‍ ശേഖരിക്കും. ഇത്തരം വിദൂര പ്രദേശങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനും ജിസാറ്റ്-29 ന്റെ വിക്ഷേപണം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 3,423 കിലഗ്രാമാണ് ഉപഗ്രഹത്തിന്റെ മാത്രം ഭാരം.  ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ശത്രുരാജ്യങ്ങളിലെ കപ്പലുകളെത്തിയാല്‍ ഉടനടി വിവരം നല്‍കുന്നതിനായി ഹൈ റെസല്യൂഷനിലുള്ള 'ജിയോ- ഐ' ക്യാമറ  ഉപഗ്രഹത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ നേട്ടമാണിതെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്. 

641  ടണ്‍ ഭാരമാണ് ജിസാറ്റ്-29 നെയും വഹിച്ച് പോകുന്ന റോക്കറ്റിനുള്ളത്. യാത്രക്കാരെ നിറച്ച അഞ്ച് വിമാനങ്ങളുടെ ഭാരത്തോളം വരുമിത്. 43 മീറ്റര്‍ ഉയരവും 13 നിലകളും റോക്കറ്റിനുണ്ട്. നീണ്ട 15 വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് 300 കോടി രൂപ ചിലവില്‍ റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറാവുന്നത്. 

ലിക്വിഡ് ഓക്‌സിജനും ലിക്വിഡ് ഹൈഡ്രജനും ഇന്ധനമായി ഉപയോഗിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ക്രയോജനിക് എഞ്ചിനാണ് റോക്കറ്റിലുള്ളത്. വിക്ഷേപണം വിജയപഥത്തിലെത്തുന്നതോടെ 'ബിഗ്‌ബോയ്‌സ് സ്‌പേസ് ക്ലബി'ല്‍ ഇന്ത്യ സ്ഥാനം പിടിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com