നീല മഷിയിൽ ഓർമകൾ പടരുമ്പോൾ; മറവികളിൽ ജീവിക്കുന്ന നോട്ട്ബുക്ക് ബോയ്

വളരെ ചുരുങ്ങിയ സമയത്തേക്ക്, വെറും പത്ത് നിമിഷങ്ങള്‍ക്കപ്പുറത്തേക്ക് ഓര്‍മകള്‍ നിലനിര്‍ത്താന്‍ ചെനിന് സാധിക്കില്ല
നീല മഷിയിൽ ഓർമകൾ പടരുമ്പോൾ; മറവികളിൽ ജീവിക്കുന്ന നോട്ട്ബുക്ക് ബോയ്

ഴിഞ്ഞ ഒൻപത് വർഷമായി ചെൻ ഹോങ് ഷി മറവികളിലാണ് ജീവിക്കുന്നത്. 26കാരനായ ചെനിന് 2009ലുണ്ടായ ഒരു അപകടത്തിൽ നഷ്ടമായത് സ്വന്തം ഓർമകളായിരുന്നു. വളരെ ചുരുങ്ങിയ സമയത്തേക്ക്, വെറും പത്ത് നിമിഷങ്ങള്‍ക്കപ്പുറത്തേക്ക് ഓര്‍മകള്‍ നിലനിര്‍ത്താന്‍ ചെനിന് സാധിക്കില്ല. തായ്‌വാനിലെ ഓരുള്‍ഗ്രാമത്തിൽ 65കാരിയായ രണ്ടാനമ്മ വാങ് മിയാവോ ക്യോങിനൊപ്പമാണ് ചെന്‍ താമസിക്കുന്നത്. 

അപകടത്തില്‍ തലയ്ക്ക് സാരമായ പരുക്കേറ്റ ചെന്നിന്റെ ഹൈപ്പോകാംപസ് എന്ന മസ്തിഷ്‌കഭാഗത്തിന് ക്ഷതം സംഭവിച്ചതോടെയാണ് ഓർമകളെല്ലാം നഷ്ടമായത്. ഓര്‍മകളെ നിയന്ത്രിക്കുന്ന മസ്തിഷ്‌ക ഭാഗമാണ് ഹൈപ്പോകാംപസ്. മസ്തിഷ്‌കത്തിന്റെ നല്ലൊരു ഭാഗം അപകടത്തെ തുടര്‍ന്ന് നീക്കം ചെയ്തിരുന്നു. അപകടത്തിന് ശേഷമുള്ള അവസ്ഥയുമായി താരതമ്യം ചെയ്താല്‍  ചെന്നിന്റെ മസ്തിഷ്‌കം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം. മസ്തിഷ്‌കത്തിന്റെ ഭൂരിഭാഗം നഷ്ടമായ ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ ഏറ്റവും സാധ്യമായതാണ് ചെന്‍ ചെയ്യുന്നത്. വിവരങ്ങള്‍ സ്വീകരിക്കാനും ക്രമീകരിക്കാനും ചെന്നിന് സാധിക്കില്ലെന്നും ഡോക്ടർ കൂട്ടിച്ചേര്‍ക്കുന്നു. 

തനിക്ക് സംഭവിച്ച ഈ അസാധാരണ അവസ്ഥയെ ചെൻ മറികടക്കുന്നത് നോട്ടുബുക്കുകളുടെ സഹായത്തിലാണ്. ഓർമകൾ പെട്ടെന്ന് തന്നെ മറവിക്ക് കീഴടങ്ങുന്നതിനാൽ അത് രേഖപ്പെടുത്തി വെയ്ക്കാന്‍ കൈയിലൊരു നോട്ടുബുക്കുമായാണ് ചെൻ ജീവിക്കുന്നത്. ഓരോ സംഭവങ്ങളും നീലമഷിപ്പേന കൊണ്ടെഴുതി വെച്ചാണ് ചെൻ ഓർമകളെ മറവിക്ക് വിടാതെ കാക്കുന്നത്. അതുകൊണ്ടു തന്നെ നാട്ടുകാർ ചെന്നിനെ നോട്ട്ബുക്ക് ബോയ് എന്നാണ് വിളിക്കുന്നത്. 

ഒരു നോട്ടുപുസ്തകം ഒരിക്കല്‍ കാണാതെ പോയതിനെ തുടര്‍ന്ന് ഏറെ വിഷമിച്ചതും അച്ഛനത് കണ്ടെത്തി കൊടുത്തതും ചെന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ നോട്ടുബുക്കില്‍ രേഖപ്പെടുത്തിയ കുറിപ്പുകളുടെ സഹായത്തോടെ കാണാതായ മൊബൈല്‍ഫോണ്‍ കണ്ടെത്തിയ ചരിത്രവുമുണ്ട് ചെന്നിന്. 

നാല് കൊല്ലം മുന്‍പാണ് ചെന്നിന്റെ അച്ഛന്‍ മരിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ധനസഹായത്തെ ആശ്രയിച്ചാണ് അച്ഛന്റെ മരണ ശേഷം ചെന്നും അമ്മയും ജീവിക്കുന്നത്. പഴങ്ങളുടേയും പച്ചക്കറികളുടേയും ചെറിയ കൃഷിയുമുണ്ട്. കൃഷിയില്‍ നിന്ന് കിട്ടുന്ന സാധനങ്ങള്‍ അയല്‍വാസികള്‍ക്ക് നല്‍കി പകരം മറ്റ് അവശ്യവസ്തുക്കൾ ഇവര്‍ വാങ്ങുകയും ചെയ്യുന്നു. 

വാങ് മിയാവോ ക്യോങുമായി ചെന്നിന് പിരിയാനാവാത്ത ബന്ധമാണുള്ളത്. വാങിനും അങ്ങനെതന്നെ. തന്റെ മരണ ശേഷം ചെന്‍ എന്തു ചെയ്യുമെന്നോര്‍ത്ത് തനിക്ക് ആകുലതകളുണ്ടെന്ന് ചെൻ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com