ന്യൂസിലന്റില്‍ ചത്ത് കരയ്ക്കടിഞ്ഞ് നൂറിലധികം തിമിംഗലങ്ങള്‍: പാതി ജീവനുളളവയെ വെടിവെച്ച് കൊല്ലേണ്ടിവരുമെന്ന് പരിസ്ഥിതി സംരക്ഷകര്‍

ന്യൂസിലന്‍ഡ് കടല്‍ത്തീരത്ത് കൂട്ടത്തോടെ ചത്ത് കരക്കടിഞ്ഞ നിലയില്‍ 145ഓളം തിമിംഗലങ്ങളെ കണ്ടെത്തി.
ന്യൂസിലന്റില്‍ ചത്ത് കരയ്ക്കടിഞ്ഞ് നൂറിലധികം തിമിംഗലങ്ങള്‍: പാതി ജീവനുളളവയെ വെടിവെച്ച് കൊല്ലേണ്ടിവരുമെന്ന് പരിസ്ഥിതി സംരക്ഷകര്‍

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് കടല്‍ത്തീരത്ത് കൂട്ടത്തോടെ ചത്ത് കരക്കടിഞ്ഞ നിലയില്‍ 145ഓളം തിമിംഗലങ്ങളെ കണ്ടെത്തി. സ്റ്റുവര്‍ട്ട് ദ്വീപിന്റെ സമുദ്രതീരത്താണ് തിമിംഗലങ്ങളെ കൂട്ടത്തോടെ ചത്തൊടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. തീരത്തെത്തുമ്പോള്‍ ഇവയില്‍ പകുതിയോളം തിമിംഗലങ്ങള്‍ക്കും ജീവനുണ്ടായിരുന്നു. പക്ഷേ വെള്ളത്തിലേക്ക് തരിച്ചെത്തിക്കാന്‍ കഴിയാത്തതിനാല്‍ ഭൂരിഭാഗവും ചത്തൊടുങ്ങുകയായിരുന്നു. 

കടല്‍ത്തീരത്തെ മണലില്‍ കുടുങ്ങിയ നിലയിലായിരുന്നു തിമിംഗലങ്ങളെ കണ്ടെത്തിയതെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു 145ഓളം തിമിംഗലങ്ങളെ സ്റ്റുവര്‍ട്ട് ദ്വീപിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കരയില്‍ കുടുങ്ങിയ തിമിംഗലങ്ങള്‍ തീരത്ത് വരിയായാണ് കാണപ്പെട്ടത്. തിമിംഗലങ്ങള്‍ കാണപ്പെട്ട ദ്വീപ് മറ്റു പ്രദേശങ്ങളില്‍ നിന്ന് വിദൂരത്തിലും ഒറ്റപ്പെട്ടതുമായ പ്രദേശമായതിനാല്‍ ജീവനുണ്ടായിരുന്നവയെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്നത് അസാധ്യമായിരുന്നെന്ന് അധികൃതര്‍ പറയുന്നു. 

ഏറെ ദുഃഖകരമായ സംഭവമാണിതെന്ന് ദ്വീപിലെ പരിസ്ഥിതി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥന്‍ ലെപ്പന്‍സ് പറയുന്നു. 'ഒരിക്കലും കാണാനാഗ്രഹിക്കാത്ത ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്. ശരീരത്തിന്റെ പകുതിയിലധികം ഭാഗം മണലിലുറച്ച നിലയിലാണ് തിമിംഗലങ്ങള്‍ കാണപ്പെട്ടത്. ഒരു ദിവസത്തിലധികം അവ ആ അവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നു തീര്‍ച്ചയാണ്. കൂടാതെ അവയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു'- ലെപ്പന്‍സ് കൂട്ടിച്ചേര്‍ത്തു. മരണാസന്നരായ തിമിംഗലങ്ങളെ വെടിവെച്ചു കൊല്ലേണ്ടി വന്നുവെന്നും ലെപ്പന്‍സ് അറിയിച്ചു. 

ഞായറാഴ്ച നയന്റി മൈല്‍ ബീച്ചില്‍ കരയിലടിഞ്ഞ നിലയില്‍ കാണപ്പെട്ട പത്തു തിമിംഗലങ്ങളുടെ കൂട്ടത്തിലെ ജീവനുള്ള എട്ടെണ്ണത്തിനെ 20 കിലോമീറ്റര്‍ അകലെ മറ്റൊരിടത്തേക്ക് സുരക്ഷിതമായി മാറ്റിയിട്ടുണ്ടെങ്കിലും ബാക്കിയുള്ളവയ്‌ക്കെല്ലാം ജീവന്‍ നഷ്ടടപ്പെട്ടു. ഇത്തരത്തില്‍ വര്‍ഷത്തില്‍ 80 ലധികം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും എന്നാല്‍ കൂട്ടത്തോടെ തിമിംഗലങ്ങള്‍ ചാവുന്ന അവസ്ഥ ഉണ്ടാകാറില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.  

രോഗബാധ, സഞ്ചരിക്കുന്നതിനെ ദിശ തെറ്റിപ്പോകല്‍, ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍, അപ്രതീക്ഷിത വേലിയേറ്റങ്ങള്‍, ശത്രുജീവികളില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള പലായനം ഇവയൊക്കെയാവാം തിമിംഗലങ്ങളും ഡോള്‍ഫിനുകളും കരയിലെത്തുന്നതിനു കാരണമാകുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com